അണ്ടര്‍-19 ലോകകപ്പ്: ഓസീസും കിവീസും വിജയിച്ചു

Wednesday 17 January 2018 3:25 pm IST

ക്രൈസ്റ്റ്ചര്‍ച്ച്/ലിന്‍ങ്കണ്‍: അണ്ടര്‍-19 ലോകകപ്പ് ക്രിക്കറ്റില്‍ ഓസ്‌ട്രേലിയയ്ക്കും ന്യൂസിലന്‍ഡിനും അനായാസ വിജയം. ഓസീസ് സിംബാബ് വെയെ ഏഴ് വിക്കറ്റിനും കിവീസ് കെനിയയെ 243 റണ്‍സിനും തോല്‍പ്പിച്ചു. ആദ്യ മത്സരം ഇന്ത്യയോട് തോറ്റ ഓസീസിന് രണ്ടാം വിജയം ആത്മവിശ്വാസമായി. തുടര്‍ച്ചയായ രണ്ടാം വിജയത്തോടെ കിവീസ് ക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പിച്ചു.

കെനിയയ്‌ക്കെതിരേ ആദ്യം ബാറ്റ് ചെയ്ത കിവീസ് നാല് വിക്കറ്റിന് 436 റണ്‍സ് അടിച്ചുകൂട്ടി. ഓപ്പണര്‍മാരെ ജാക്കോബ് ഭൂല (180), രാച്ചിന്‍ രവീന്ദ്ര (117) എന്നിവരുടെ സെഞ്ചുറികളുടെയും ഫിന്‍ അലീന്‍ നേടിയ 90 റണ്‍സിന്റെയും ബലത്തിലാണ് കിവീസ് കൂറ്റന്‍ സ്‌കോര്‍ അടിച്ചെടുത്തത്. 144 പന്തില്‍ 10 ഫോറും അഞ്ച് സിക്‌സും പറത്തിയ ഭൂലയായിരുന്നു ഏറ്റവും അപകടകാരി. 40 പന്തുകള്‍ മാത്രം നേരിട്ടാണ് ഫിന്‍ അലീന്‍ 90 റണ്‍സ് നേടിയത്. ഇതില്‍ എട്ട് ഫോറും ആറ് സിക്‌സും ഉള്‍പ്പെടുന്നു.

കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന കെനിയ തോല്‍വി സമ്മതിച്ച് തന്നെയാണ് കളിച്ചത്. 50 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ കെനിയ നേടിയത് 193 റണ്‍സ് മാത്രം. 63 റണ്‍സ് നേടിയ അമന്‍ ഗാന്ധി ടോപ്പ് സ്‌കോററായി.

ഓസീസിനെതിരേ ആദ്യം ബാറ്റ് ചെയ്ത സിംബാബ് വെ 33.2 ഓവറില്‍ 134 റണ്‍സിന് പുറത്തായി. ഓസീസിന് വേണ്ടി സേവിയര്‍ ബാര്‍ട്ട്‌ലെറ്റ് മൂന്ന് വിക്കറ്റ് വീഴ്ത്തി. 18.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഓസീസ് വിജയലക്ഷ്യം മറികടന്നു. മാക്‌സ് ബ്രയന്‍ഡ് (44), ജാക് എഡ്വാര്‍ഡ്‌സ് (40) എന്നിവരാണ് വിജയശില്പികള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.