ചൈനയുടെ സാമ്പത്തിക സഹായം; സിപി‌എമ്മിനെതിരെ ബിജെപി പരാതി നല്‍കി

Wednesday 17 January 2018 5:04 pm IST

ന്യൂദല്‍ഹി: സിപിഎമ്മിന്റെ ചൈനീസ് അനുകൂലവും ഇന്ത്യാ വിരുദ്ധവുമായ നിലപാടുകള്‍ക്ക് പിന്നിലെ സാമ്പത്തിക ബന്ധവും ഗൂഢാലോചനയും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിന് പരാതി നല്‍കി. 

നേതാക്കളുടെ ചൈനീസ് സന്ദര്‍ശനം, ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി സിപിഎം ചര്‍ച്ച നടത്തിയിട്ടുണ്ടോ, സാമ്പത്തിക സഹായം കൈപ്പറ്റിയിട്ടുണ്ടോ തുടങ്ങിയവ കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു. ചൈനയെ അനുകൂലിച്ച് കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെ നടത്തുന്ന പ്രസ്താവന രോഗലക്ഷണം മാത്രമാണെന്നും രോഗം കണ്ടെത്തി ചികിത്സിക്കണമെന്നും കൃഷ്ണദാസ് പത്രസമ്മേളനത്തില്‍ പറഞ്ഞു. ചൈനീസ് എംബസ്സി ഉദ്യാഗസ്ഥന്‍ സിപിഎം ഓഫീസിലെത്തി ഉപഹാരം നല്‍കിയതായി നേരത്തെ വാര്‍ത്ത വന്നിരുന്നു. ഇതിനുള്ള ഉപകാരമാണ് സിപിഎം ചെയ്യുന്നതെന്ന് സംശയിക്കുന്നു.

 ഇന്ത്യയെ തകര്‍ക്കാന്‍ പാക്കിസ്ഥാനും ചൈനയും കൈകോര്‍ത്തിരിക്കുകയാണ്. ഇവര്‍ക്ക് പുറത്തുനിന്ന് ചെയ്യാന്‍ സാധിക്കാത്തത് രാജ്യത്തിന് അകത്തുനിന്ന് സിപിഎം ചെയ്യുന്നു. ചൈനയുടെ പ്രവിശ്യയായി ഇന്ത്യയെ മാറ്റാനും അതിന്റെ കമാണ്ടര്‍ ഇന്‍ ചീഫ് ആകാനുമാണ് കോടിയേരിയുടെ ശ്രമം. ചൈനയുടെ യൂദാസായാണ് സിപിഎം പ്രവര്‍ത്തിക്കുന്നത്. പണത്തിന് വേണ്ടിയാണ് യൂദാസുമാര്‍ രാജ്യത്തെ ഒറ്റുന്നത്. ഇക്കരയാണ് താമസമെങ്കിലും അക്കരെയാണ് കോടിയേരിയുടെ മാനസം. ഇത് ശരിയല്ല. രണ്ടും ചൈനയിലാക്കുന്നതാണ് നല്ലത്. സിപിഎം എന്നത് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) എന്നായി. കഴിഞ്ഞ വര്‍ഷം 415 തവണ ചൈന ഇന്ത്യയുടെ പ്രദേശത്ത് അതിക്രമിച്ചു കയറി. ഇതില്‍ മൗനം പാലിക്കുകയാണ് സിപിഎം. ചൈനയുടെയും പാക്കിസ്ഥാന്റെയും സിപിഎമ്മിന്റെയും ശബ്ദം ഒന്നാണ്. നിരോധിക്കാന്‍ സാധിക്കുമോയെന്നതും കേന്ദ്ര സര്‍ക്കാര്‍ പരിശോധിക്കണം. 

പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിവിന്റെ കേസില്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ടും രാജ്‌നാഥ് സിങ്ങിന് നിവേദനം നല്‍കി. ചീഫ് സെക്രട്ടറിയുടെ കത്ത് ഇതുവരെ ലഭിച്ചിട്ടില്ലെന്നും കിട്ടിയാലുടന്‍ അന്വേഷണത്തിന് തയ്യാറാകുമെന്നും മന്ത്രി പറഞ്ഞു. കോര്‍പ്പറേറ്റുകളുമായുള്ള ഭൂമി കേസുകളില്‍ സംസ്ഥാന സര്‍ക്കാര്‍ തോറ്റുകൊടുക്കുകയാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഗൂഢാലോചന നടക്കുന്നതായും കൃഷ്ണദാസ് ആരോപിച്ചു. സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരാകുന്ന അഭിഭാഷകരെ നിരന്തരം മാറ്റുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. യുവമോര്‍ച്ച ദേശീയ സെക്രട്ടറി അനൂപ് എ.ജെ., അഡ്വ.ജോജോ ജോസ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.