എറണാകുളം ജില്ലാ സമ്മേളനം; പൊതുചര്‍ച്ച പുകഴ്ത്തലായി

Thursday 18 January 2018 2:45 am IST

കൊച്ചി: ജിസിഡിഎ ചെയര്‍മാനും സിപിഎം സംസ്ഥാന സമിതിയംഗവുമായ സി.എന്‍. മോഹനനെ എറണാകുളം ജില്ലാ സെക്രട്ടറിയാക്കാനുള്ള നീക്കത്തില്‍ നിന്ന് ഔദ്യോഗികപക്ഷം പിന്മാറി. പ്രതിനിധികളില്‍ ഭൂരിഭാഗവും ഇപ്പോഴത്തെ സെക്രട്ടറി പി. രാജീവിനെ പിന്തുണയ്ക്കുന്നവരാണെന്നു വ്യക്തമായതിനെത്തുടര്‍ന്നാണിത്. 

ഗൗരവമേറിയ ചര്‍ച്ചകളൊന്നുമില്ലാതെ പാര്‍ട്ടി എറണാകുളം സമ്മേളനം വെറും പുകഴ്ത്തലും വാഴ്ത്തലുമായി മാറി. വിമത സ്വരങ്ങള്‍ ഉയരാതെ മുഴുവന്‍ സമയവും സാന്നിധ്യം ഉറപ്പിച്ച് മുഖ്യ മന്ത്രി പിണറായി വിജയന്‍ സമ്മേളന വേദിയില്‍ ഉണ്ടായിരുന്നു. മുന്‍ സമ്മേളനങ്ങളില്‍ നിന്ന്  വ്യത്യസ്തമായി സംസ്ഥാന സര്‍ക്കാരിനെയും പിണറായി വിജയനെയും  വാനോളം പുകഴ്ത്തുന്നതില്‍ മത്സരിക്കുകയായിരുന്നു  പ്രതിനിധികളെല്ലാം.

കഴിഞ്ഞ സമ്മേളനത്തില്‍ സി.എന്‍. മോഹനനും മുന്‍ മേയര്‍ സി.എന്‍. ദിനേശ് മണിയും തമ്മില്‍ മത്സരം ഉറപ്പായപ്പോള്‍ സമവായ സ്ഥാനാര്‍ഥി എന്ന നിലയിലാണ് രാജീവ് സെക്രട്ടറിയായത്. രാജീവ് പിന്നീട് എം.എ ബേബി-ഡോ. തോമസ് ഐസക്ക് ചേരിക്കൊപ്പം നീങ്ങി. ജില്ലയില്‍ ശക്തമായിരുന്ന വിഎസ് ഗ്രൂപ്പ് ഇപ്പോള്‍ ഈ ചേരിക്കൊപ്പമാണ്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി  അടുത്ത ബന്ധം പുലര്‍ത്തുന്ന കളമശ്ശേരി ഏരിയ സെക്രട്ടറിയും, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റുമായ സക്കീര്‍ ഹുസൈന്റ ഇടപെടലാണ്  കാരണമെന്ന് പറയുന്നു. വ്യവസായിയെ തട്ടിക്കൊണ്ടു പോയ ക്വട്ടേഷന്‍ കേസില്‍ അറസ്റ്റിലായ സക്കീറിനെ പാര്‍ട്ടിയില്‍ സംരഷിച്ചിരുന്നത് രാജീവായിരുന്നു.

 സമ്മേളത്തിന്റെ ആദ്യദിവസം ഒറ്റപ്പെട്ട വിമത ശബ്ദങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും രണ്ടാം ദിനത്തില്‍ അത് ഉണ്ടായില്ല. ഇന്നലെയും സിപിഐ ആയിരുന്നു പ്രധാന ചര്‍ച്ച. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ ക്രിസ്റ്റി ഫെര്‍ണാണ്ടസ്സിനെ സംസ്ഥാന നേതൃത്വം ജില്ലയില്‍ അടിച്ചേല്‍പ്പിച്ചെന്നതടക്കമുള്ള വിഷയങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ചയാകേണ്ടതായിരുന്നു. എന്നാല്‍ അതുണ്ടായില്ല. ജൈവ കൃഷി, പാലിയേറ്റീവ് പ്രവര്‍ത്തനം, ഭവന രഹിതര്‍ക്ക് വീട് വെക്കല്‍ എന്നിവയടക്കം പാര്‍ട്ടി പൊതു വിഷയങ്ങള്‍ ഏറ്റെടുക്കുന്നതില്‍ സ്വീകാര്യത ഉണ്ടാക്കിയെന്ന വിലയിരുത്തല്‍ മാത്രമാണ് നടന്നത്. 

പാര്‍ട്ടിയിലെ ഗ്രൂപ്പ് പോര് സംഘടനാ വിഷയത്തില്‍ നിന്ന് മാറി വ്യക്തി ഹത്യയിലേക്ക് മാറിയ ജില്ലയാണ് എറണാകുളം. ആ വിഭാഗീയത ലെനിന്‍ സെന്ററില്‍ ഒളി ക്യാമറസ്ഥാപിക്കുന്നതുവരെയെത്തി. ഓരോ സമ്മേളന കാലവും പാര്‍ട്ടിയില്‍ പിണറായി- വി.എസ് ഗ്രൂപ്പുകള്‍ക്ക് കുടിപ്പക തീര്‍ക്കാനുള്ളതായിരുന്നു. കഴിഞ്ഞ സമ്മേളത്തില്‍ വിഎസ് പക്ഷത്തില്‍നിന്ന് പിണറായി പക്ഷം ജില്ല പിടിച്ചെടുത്തു. മൂന്ന് വര്‍ഷത്തിനിപ്പുറം വിഭാഗീയത പഴയ മട്ടില്‍ പ്രകടമല്ലെങ്കിലും പ്രാദേശികമായി വിഭാഗീയത ഇപ്പോഴും അവശേഷിക്കുകയാണ്.

കെ.എസ്. ഉണ്ണികൃഷ്ണന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.