വേനല്‍ ഉപഭോഗം 4200 മെഗാവാട്ട് കടക്കും

Thursday 18 January 2018 2:45 am IST

ഇടുക്കി: ശക്തമായ മഴയ്ക്കും തണുപ്പിനും പിന്നാലെ എത്തുന്ന വേനലില്‍ വൈദ്യുതി വകുപ്പ് കണക്കുകൂട്ടുന്നത് റെക്കോര്‍ഡ് വൈദ്യുതി ഉപഭോഗം. മാര്‍ച്ച്, മെയ് മാസങ്ങളില്‍ 4200 മെഗാവാട്ടിന് (80 ദശലക്ഷം യൂണിറ്റ്) മുകളില്‍ വൈദ്യുതി ഉപയോഗം എത്തുമെന്നാണ് അനുമാനം. ഇന്നലെ ലഭിച്ച കണക്ക് പ്രകാരം ജനുവരിയിലെ പരമാവധി ഉപഭോഗം 3864 മെഗാവാട്ടാണ്. അതായത് 67.12 ദശലക്ഷം യൂണിറ്റ്. 

2016ലാണ് ഏറ്റവും കൂടിയ വൈദ്യുതി ഉപഭോഗം രേഖപ്പെടുത്തിയത്. തെരഞ്ഞെടുപ്പും വേനല്‍ മഴ ലഭിക്കാത്തതും കൂടി ആയപ്പോള്‍ ആ വര്‍ഷം 4004 മെഗാവാട്ട്, അതായത് ദിവസ ഉപഭോഗം 75 ദശലക്ഷം യൂണിറ്റ് വരെ എത്തിയിരുന്നു. 2017ലത് 70ന് മുകളില്‍ പോലും എത്തിയതുമില്ല. മൂന്ന്- അഞ്ച് ശതമാനം വരെ വളര്‍ച്ചയാണ് സാധാരണയായി വൈദ്യുതി ഉപഭോഗത്തില്‍ ഓരോ വര്‍ഷവും ഉണ്ടാവാറുള്ളത്. എന്നാല്‍ കഴിഞ്ഞ നാല് വര്‍ഷമായി മഴ കുറഞ്ഞത് കണക്കുകൂട്ടലുകള്‍ തെറ്റിച്ചിരുന്നു.

ഈ സീസണില്‍ മഴ കൂടിയതിനാല്‍ കൃഷി, വ്യവസായ ആവശ്യങ്ങള്‍ക്കുള്ള വെള്ളം അണക്കെട്ടുകളില്‍ കൂടുതലായി കരുതലുണ്ട്. ഇത് ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങളും വേനലും ഒരുമിച്ച് എത്തുന്നതോടെയാണ് ഉപഭോഗം ഉയരുമെന്ന് വകുപ്പ് കണക്കുകൂട്ടുന്നത്. ഇത്തരത്തില്‍ ഉപഭോഗം കൂടുന്നത് സംസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്കും ഗുണകരമാകും. 

വേനലില്‍ മാത്രമെ ഇത്തരം കണക്കുകള്‍ എടുക്കാറുള്ളുവെന്ന് കളമശ്ശേരിയിലെ സംസ്ഥാന ലോഡ് ഡെസ്പാച്ച് സെന്ററിലെ ട്രാന്‍സ്മിഷന്‍ ആന്‍ഡ് സിസ്റ്റം ഓപ്പറേഷന്‍ ചീഫ് എഞ്ചിനീയര്‍ ഷാജി എന്‍.എന്‍. പറഞ്ഞു. സംസ്ഥാനത്തെ ജലസംഭരണികളിലാകെ 2875.169 ദശലക്ഷം യൂണിറ്റിനുള്ള വെള്ളമാണുള്ളത്. മൊത്തം ശേഷിയുടെ 69 ശതമാനം. സംസ്ഥാനത്തെ ജനുവരിയിലെ ശരാശരി ഉപഭോഗം 12-14 ദശലക്ഷം യൂണിറ്റിനിടയിലാണ്. മഴക്കാലമെത്താന്‍ 135 ദിവസം കൂടിയാണ് അവശേഷിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.