പാശ്ചാത്യ പ്രതികരണം

Thursday 18 January 2018 2:45 am IST

ഭാരതത്തിലെ നാനാതരത്തിലും തലത്തിലുമുള്ള വൈവിദ്ധ്യം കണ്ട് ബ്രിട്ടീഷ് അധിനിവേശകാലത്തെ പാശ്ചാത്യ പണ്ഡിതരില്‍ പലരും അക്ഷരാര്‍ത്ഥത്തില്‍ അമ്പരന്നു. ചിലര്‍ വൈവിദ്ധ്യം കേവലം ബാഹ്യമാണെന്ന സത്യം കണ്ടെത്തിയപ്പോള്‍ മറ്റു ചിലര്‍ ബ്രിട്ടീഷ് ഭരണത്തെ ന്യായീകരിക്കാനും സ്ഥിരപ്പെടുത്താനും വേണ്ടി ഇത് ദുര്‍വ്യാഖ്യാനം ചെയ്യാനും കെട്ടുകഥകള്‍ മെനയാനും മുതിര്‍ന്നു.

പ്രശസ്ത ചരിത്രപണ്ഡിതനായ രാധാ കുമുദ് മുക്കര്‍ജി എഴുതിയ ദി ഫണ്ടമെന്റല്‍ യൂണിറ്റി ഓഫ് ഇന്ത്യ (1914) എന്ന പുസ്തകത്തില്‍ ഇത്തരം വരട്ടുവാദങ്ങളെ അക്കാലത്തെ നിഷ്പക്ഷമതികളായ പാശ്ചാത്യ പണ്ഡിതന്മാരുടെ അഭിപ്രായങ്ങളും മറ്റു തെളിവുകളും നിരത്തി യുക്തിയുക്തം ഖണ്ഡിച്ചിട്ടുണ്ട്. ബ്രിട്ടീഷ് ഭരണകാലത്ത് അവര്‍ നമ്മുടെ നാട്ടിലെ സ്‌കൂളുകളില്‍ പഠിപ്പിക്കാനായി തയാറാക്കിയ ജ്യോഗ്രഫി പുസ്തകത്തില്‍ അച്ചടിച്ചിരുന്നത് 'ഇന്ത്യ കുറേ രാജ്യങ്ങളുടെ കൂട്ടായ്മ മാത്രമാണ്' എന്നായിരുന്നു. 

Sir John Stratchey എന്ന ഉദ്യോഗസ്ഥന്‍ തന്റെ  "India: Its Administration and Progress' (1888),  എന്ന പുസ്തകത്തില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു- ഇന്ത്യ എന്നോ ഇന്ത്യാ രാജ്യം എന്നുതന്നെയോ യൂറോപ്യന്‍ ആശയങ്ങള്‍ വെച്ചു പറയാവുന്ന തരത്തിലുള്ള ഒരു ഏകത, ഭൗതികമോ രാജനൈതികമോ സാമൂഹ്യമോ, മതപരമോ ആയ ഒന്ന്: ഇന്ത്യന്‍ നേഷന്‍ ഉണ്ടായിട്ടേ ഇല്ല, ഇപ്പോഴുമില്ല. 

 എന്നാല്‍ നിഷ്പക്ഷമായി ഭാരതത്തെ പഠിച്ച ചില പണ്ഡിതന്മാരുടെ അഭിപ്രായം നേരെ മറിച്ചായിരുന്നു. പ്രാചീന ഭാരത ചരിത്രത്തിന്റെ ആധികാരിക വക്താവായിരുന്ന Mr. Vincent A. Smith  പറയുന്നു- പര്‍വ്വതങ്ങളാലും സമുദ്രങ്ങളാലും ചുറ്റപ്പെട്ട ഇന്ത്യ ഭൂപരമായി ഒരൊറ്റ ഏകകമാണ്, ആ നിലയ്ക്ക് ഒറ്റ പേരുകൊണ്ട് അറിയാന്‍ നിര്‍വിവാദം യോഗ്യമാണ്.

 ജ്യോഗ്രഫിയില്‍ അന്നത്തെ ആധികാരിക പണ്ഡിതരില്‍ ഒരാളായിരുന്ന Mr. Chisholm പറയുന്നത്- ബര്‍മ്മയൊഴിച്ചുള്ള ഇന്ത്യയെപ്പോലെ പ്രകൃതിയാല്‍ ഇത്ര വ്യക്തമായി അതിരു തിരിക്കപ്പെട്ട ഒരു പ്രദേശം ലോകത്തു മറ്റെങ്ങുമില്ല. ഭൗതികസ്വഭാവം കൊണ്ടും കാലാവസ്ഥ കൊണ്ടും ഈ പ്രദേശം വൈരുദ്ധ്യം നിറഞ്ഞത് തന്നെ- എങ്കിലും ചുറ്റുവട്ടത്തെ ഭൂപ്രദേശങ്ങളില്‍ നിന്നും ഇതിനെ പൂര്‍ണ്ണമായും ഒന്ന് എന്ന നിലക്ക് വേര്‍തിരിക്കുന്ന സവിശേഷതകള്‍ കണ്ടില്ലെന്നു നടിക്കാന്‍ പറ്റാത്തവിധം വ്യക്തമാണ്. 

Sir Herbert Risleyയുടെ അഭിപ്രായത്തില്‍: ഇന്ത്യയെ നിരീക്ഷിക്കുന്ന ഒരുവന് ഒറ്റ നോട്ടത്തില്‍ ഉള്ളില്‍ പതിയുന്ന ഭൗതികവും സാമൂഹ്യവും ആയ ഘടനകളുടെയും ഭാഷ, ആചാരം, മതം എന്നിവയുടെയും അനന്തവൈവിദ്ധ്യത്തിനടിയില്‍,  യൂസഫ് അലി ചൂണ്ടിക്കാണിച്ചതു പോലെ, ഹിമാലയം തൊട്ടു കന്യാകുമാരി വരെ ഒരു അടിസ്ഥാനപരമായ ഏകത തീര്‍ച്ചയായും കാണാന്‍ കഴിയും.

ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ സെന്‍സസ് കമ്മീഷണര്‍ ആയിരുന്ന  Mr. E. A. Gait, r.c.sപറഞ്ഞു- ഭാരതത്തിലെ ജനങ്ങളെ ഒന്നായി ചില വിശാല സവിശേഷതകളെ മുന്‍നിര്‍ത്തി യൂറോപ്യന്‍ ജനങ്ങളില്‍ നിന്നും വേര്‍തിരിക്കാന്‍ കഴിയും.

  Mr. Vincent A. Smith, ഇന്ത്യയെക്കറിച്ചുള്ള തന്റെ വളരെക്കാലത്തെ നേരിട്ടുള്ള അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയുന്നു: ലോകത്തെ മറ്റെല്ലാ പ്രദേശങ്ങളിലെയും നാഗരികതകളില്‍ നിന്നും ഇന്ത്യന്‍ നാഗരികതയെ വേര്‍തിരിക്കുന്ന നിരവധി സവിശേഷതകള്‍ ഇന്ത്യന്‍ നാഗരികതയ്ക്കുണ്ട്;  മനുഷ്യന്റെ സാമൂഹ്യവും ബൗദ്ധികവും ആയ മുന്നേറ്റത്തില്‍, ഒരു ഏകകം എന്ന നിലയ്ക്ക് പ്രത്യേക പരിഗണന നല്‍കത്തക്ക അളവില്‍, രാജ്യത്തിന് ആകെ അല്ലെങ്കില്‍ ഭൂഖണ്ഡത്തിന് പൊതുവാണ് അവ. 

(തുടരും..)

ആചാരാനുഷ്ഠാനങ്ങളുടെ തത്ത്വശാസ്ത്രം

കെ. കെ. വാമനന്‍

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.