കേസില്‍ നിന്നും രക്ഷപ്പെടാനുളള നീക്കത്തിന്റെ ഭാഗമെന്ന് സൂചന പോലീസുകാരോട് പി.ജയരാജന്റെ മകന്റെ അസഭ്യവര്‍ഷം: സിസിടിവി ദൃശ്യം പുറത്തു വന്ന സംഭവം വിവാദമാകുന്നു

Wednesday 17 January 2018 8:44 pm IST

 

കണ്ണൂര്‍: സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്റെ മകന്‍ പോലീസ് ഉദ്യോഗസ്ഥരെ പരസ്യമായി അസഭ്യം പറഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് സ്റ്റേഷനിലെ സിസിടിവിയില്‍ പതിഞ്ഞ വീഡിയോയുടെ ക്ലിപ്പിംഗ് പുറത്ത് വന്നത് വിവാദമാകുന്നു. ജയരാജപുത്രന് അനുകൂലമായ രീതിയിലുളള ദൃശ്യം മാത്രം പുറത്തു വന്നതാണ് ചര്‍ച്ചയായിരിക്കുന്നത്. പോലീസ് സ്റ്റേഷനിലെ ടോയ്‌ലറ്റില്‍ പോകാന്‍ സൗകര്യം നല്‍കിയില്ലെന്നാരോപിച്ചായിരുന്നു മട്ടന്നൂര്‍ സ്റ്റേഷനിലെ പോലീസുകാര്‍ക്ക് നേരെ അസഭ്യവര്‍ഷം നടത്തിയത്. ജയരാജപുത്രന് അനുകൂലമായ രീതിയില്‍ മോര്‍ഫ് ചെയ്യപ്പെട്ട വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പോലീസിന്റെ ഔദ്യോഗിക ആവശ്യത്തിന് ഉപയോഗിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായ കടുത്ത വീഴ്ചയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 

കഴിഞ്ഞ 10 ന് രാവിലെയായിരുന്നു സംഭവം. പി.ജയരാജന്റെ മകന്‍ ആഷിഷ് രാജിന്റെ നേതൃത്വത്തിലുള്ള 12 അംഗ സംഘം പോലീസ് സ്റ്റേഷന് സമീപം ടൂറിസ്റ്റ് ബസ്സില്‍ വന്നിറങ്ങി പോലീസ് സ്റ്റേഷനില്‍ കയറി തനിക്കും കൂടെയുള്ളവര്‍ക്കും ടോയ്‌ലെറ്റില്‍ പോകാന്‍ സൗകര്യമൊരുക്കണമെന്നാവശ്യപ്പെടുകയായിരുന്നു. എന്നാല്‍ സമീപത്തു തന്നെ കംഫര്‍ട്ട് സ്റ്റേഷന്‍ ഉണ്ടെന്നും അവിടേക്ക് പോകാനുമാണ് പോലീസ് നിര്‍ദ്ദേശിച്ചത്. നഗരത്തില്‍ മറ്റ് സംവിധാനങ്ങളുണ്ടെന്നും പോലീസ് പറഞ്ഞു. തുടര്‍ന്ന് വാക്ക് തര്‍ക്കമുണ്ടാവുകയും ഇയാള്‍ പോലീസുകാരോട് തട്ടിക്കയറുകയും അസഭ്യം പറയുകയുമായിരുന്നു. ഞാന്‍ ജയരാജന്റെ മകനാണെന്നും താനാരാണെന്ന് നിങ്ങള്‍ക്ക് തെളിയിച്ച് തരാമെന്നും പറഞ്ഞാണ് സംഘം സ്റ്റേഷനില്‍ നിന്ന് ഇറങ്ങിപ്പോയത്. ചോദ്യം ചെയ്യലിന് കസ്റ്റഡിയില്‍ വാങ്ങിയവരുള്‍പ്പെടെ നിരവധിപേര്‍ സ്റ്റേഷനിലുണ്ടായിരുന്നു. ഈ സമയത്താണ് സംഘം പോലീസ് സ്റ്റേഷനിലെത്തി ഭീഷണി മുഴക്കിയത്. ഇതു സംബന്ധിച്ച് പോലീസ് എസ്പിക്ക് പരാതി നല്‍കിയിരുന്നു.

സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളെന്ന നിലയില്‍ സിപിഎം നേതാക്കളുടെ സാമൂഹ്യ മാധ്യമങ്ങളിലെ അക്കൗണ്ടുകള്‍ വഴി വാട്‌സപ്പ് ഗ്രൂപ്പുകളിലും ഫെയ്‌സ്ബുക്ക് ഉള്‍പ്പെടെയുളള സാമൂഹ്യ മാധ്യമങ്ങളിലും പ്രചരിപ്പിക്കുന്നത് ജയരാജപുത്രനെതിരായ പോലീസ് കേസ് ഒഴിവാക്കാനാണെന്നാണ് സൂചന. പോലീസ് ജയരാജന്റെ പുത്രനെ തളളുന്നതായ ദൃശ്യങ്ങള്‍ മാത്രമാണ് ഇത്തരത്തില്‍ പ്രചരിക്കുന്നത്. പോലീസിന്റെ ഭാഗത്തു നിന്നാണ് പ്രകോപനം ഉണ്ടായതെന്ന് ചൂണ്ടിക്കാട്ടി കേസ് ഒഴിവാക്കാനുളള നീക്കമാണ് പ്രചരണത്തിന് പിന്നിലെന്നാണ് സൂചന.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.