പ്രശ്ന പരിഹാരം കൂട്ടുത്തരവാദിത്വം

Thursday 18 January 2018 2:45 am IST

സുപ്രീംകോടതിയിലെ മുതിര്‍ന്ന ന്യായാധിപര്‍ക്കിടയില്‍ ഉടലെടുത്തിരിക്കുന്ന അഭിപ്രായ ഭിന്നതകള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമായി തുടരുകയാണ്. ചീഫ് ജസ്റ്റിസിനെതിരെ നാലു ജഡ്ജിമാര്‍ നടത്തിയ പത്രസമ്മേളനം ജുഡീഷ്യറിക്ക് വരുത്തിയ നാശനഷ്ടങ്ങള്‍ പരിഹരിക്കാന്‍ സമയമേറെയെടുക്കും. രണ്ടു ദിവസമായി ചീഫ് ജസ്റ്റിസ് മുതിര്‍ന്ന ജഡ്ജിമാരുമായി ചര്‍ച്ചകള്‍ നടത്തുകയാണ്. ജഡ്ജിമാര്‍ ഉയര്‍ത്തിയ എല്ലാ വിഷയങ്ങളും ചര്‍ച്ചചെയ്യാമെന്ന നിലപാട് ചീഫ്ജസ്റ്റിസ് ദീപക് മിശ്ര യോഗത്തില്‍ അറിയിച്ചിട്ടുണ്ട്. ഉന്നത നീതിപീഠത്തില്‍ ഉടലെടുത്ത പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ടത് എല്ലാ ന്യായാധിപരുടേയും കൂട്ടുത്തരവാദിത്വമാണ്. ഇതിന് വിരുദ്ധമായ നിലപാട് ചില ജഡ്ജിമാരെങ്കിലും പ്രകടിപ്പിക്കുന്നുണ്ടെന്ന് തുടര്‍ച്ചയായി വരുന്ന മാധ്യമവാര്‍ത്തകളില്‍നിന്ന് മനസ്സിലാക്കാനാവും. ജുഡീഷ്യറിയിലെ പ്രശ്‌നങ്ങളിലേക്ക് മാധ്യമങ്ങളെ വലിച്ചിട്ടതിന്റെ ഉത്തരവാദിത്വം പ്രതിഷേധ ശബ്ദമുയര്‍ത്തിയ നാല് ജഡ്ജിമാര്‍ക്ക് മാത്രമാണ്. 

പ്രധാനപ്പെട്ടതും മാധ്യമ ശ്രദ്ധ ലഭിക്കുന്നതുമായ കേസുകള്‍ തങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്ന പരാതിയാണ് നാല് ജഡ്ജിമാര്‍ക്കുള്ളതെന്ന് വ്യക്തമായിട്ടുണ്ട്. കേസുകളുടെ വിതരണം സംബന്ധിച്ച പരാതികള്‍ക്ക് പരിഹാരം കാണാനാണ് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തില്‍ നടക്കുന്ന സന്ധിസംഭാഷണങ്ങള്‍ ലക്ഷ്യമിടുന്നത്. കൊളീജിയം ശുപാര്‍ശകളുമായി ബന്ധപ്പെട്ട അഭിപ്രായ ഭിന്നതകള്‍ അടക്കമുള്ള വിഷയങ്ങളും ചര്‍ച്ചയാവും. ജസ്റ്റിസ് ലോയയുടെ മരണം സംബന്ധിച്ച ഹര്‍ജി കേള്‍ക്കുന്നതില്‍നിന്ന് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ച് പിന്‍മാറിയതടക്കം വിട്ടുവീഴ്ചകളുടെ സൂചനകളും കണ്ടു തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ഫുള്‍ കോര്‍ട്ട് വിളിച്ച് ചര്‍ച്ച ചെയ്യേണ്ട ആഭ്യന്തര വിഷയങ്ങള്‍ മാധ്യമങ്ങളിലൂടെ പൊതുജന മധ്യത്തിലേക്ക് ഇട്ടതിന്റെ പ്രശനങ്ങള്‍ വരുംനാളുകളില്‍ ജുഡീഷ്യറി തന്നെ നേരിടേണ്ടിവരും. 

മാധ്യമങ്ങളിലൂടെ ചീഫ് ജസ്റ്റിസിനെതിരെ പ്രതിഷേധ ശബ്ദമുയര്‍ത്തിയ നാലു ജഡ്ജിമാരില്‍ മൂന്നുപേരും മാസങ്ങള്‍ക്കുള്ളില്‍ വിരമിക്കാനുള്ളവരാണ്. ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അടുത്ത ചീഫ് ജസ്റ്റിസ് ആകേണ്ടയാളും. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ ഉന്നയിക്കുന്ന പ്രശ്‌നങ്ങളെല്ലാം മാസങ്ങള്‍ക്കുള്ളില്‍ ജസ്റ്റിസ് ഗോഗോയ് പരിഗണിക്കേണ്ടിവരുമെന്ന ബോധം അദ്ദേഹത്തിനുണ്ടാവേണ്ടതുണ്ട്. ഫുള്‍ കോര്‍ട്ടിലോ ചീഫ് ജസ്റ്റിസുമായി നേരിട്ടോ ചര്‍ച്ച നടത്തി പ്രശ്‌നപരിഹാര മാര്‍ഗ്ഗങ്ങള്‍ കൂടുതല്‍ തേടേണ്ട ഉത്തരവാദിത്വംം അടുത്ത ചീഫ് ജസ്റ്റിസ് ആവേണ്ട വ്യക്തിയെന്ന നിലയില്‍ ഗോഗോയ്ക്ക് ഉണ്ടായിരുന്നു. 

പ്രതിപക്ഷ രാഷ്ട്രീയ കക്ഷികള്‍ക്ക് ജുഡീഷ്യറിയില്‍ ഇടപെടാനുള്ള അവസരം ഒരുക്കിക്കൊടുക്കുന്നതിനും ജഡ്ജിമാരുടെ പരസ്യ പ്രതിഷേധം കാരണമായിട്ടുണ്ട്. ജസ്റ്റിസ് ചെലമേശ്വറിനെ വസതിയിലെത്തി സന്ദര്‍ശിച്ച ഇടതു എംപിയുടെ ഇടപെടലുകള്‍ അടക്കം ദുരൂഹതകള്‍ ഏറെയുള്ള സംഭവ വികാസങ്ങളാണ് ദല്‍ഹിയില്‍ അരങ്ങേറിയത്. ഇതുവഴിയെല്ലാം ആത്യന്തികമായ നഷ്ടം നേരിടേണ്ടിവന്നത് ജുഡീഷ്യറിക്ക് തന്നെയാണ്. കുറച്ചുകൂടി ഉത്തരവാദിത്വബോധം ആ നാല് ന്യായാധിപരില്‍ നിന്ന് ഉണ്ടിയിരുന്നെങ്കില്‍ ഒഴിവാക്കാമായിരുന്ന വിവാദങ്ങളാണ് ദിവസങ്ങളായി പരമോന്നത നീതിപീഠത്തില്‍ തുടരുന്നത്. ബാഹ്യ ഇടപെടലുകള്‍ക്ക് ഇനിയൊരിക്കലും ജുഡീഷ്യറി അവസരം കൊടുക്കരുത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.