അരജീവിതങ്ങളുടെ മരുഭൂമി

Thursday 18 January 2018 2:45 am IST
കേരളം കഴിഞ്ഞാല്‍ ഇടതുമുന്നണി ഭരണം അവശേഷിക്കുന്ന തുരുത്താണ് ത്രിപുര. മണിക് സര്‍ക്കാര്‍ ഭരിക്കുന്ന അതിര്‍ത്തി സംസ്ഥാനം വികസനത്തിന്റെ മരീചികയാണ്. അക്രമവും ദാരിദ്ര്യവും കൊടികുത്തി വാഴുന്ന, തെരഞ്ഞെടുപ്പ് ഏറെ അകലെയല്ലാത്ത ഈനാട്ടിലൂടെ 'ജന്മഭൂമി' ലേഖകന്‍ കെ. സുജിത് നടത്തിയ യാത്രയുടെ അനുഭവക്കുറിപ്പുകള്‍ ഇന്നുമുതല്‍

മലനിരകളെ നോക്കി നിവര്‍ന്നുനില്‍ക്കുന്ന തെങ്ങുകളും ഗ്രാമങ്ങളിലെ നെല്‍പ്പാടങ്ങളും ഗോത്രമേഖലകളിലെ റബ്ബര്‍ തോട്ടങ്ങളും ത്രിപുരയെ ഇടയ്‌ക്കെങ്കിലും കേരളത്തോട് സാദൃശ്യപ്പെടുത്തുന്നുണ്ട്. രാജ്യത്തിന്റെ വടക്കുകിഴക്കേ അറ്റത്ത്, ബംഗ്ലാദേശ് അതിര്‍ത്തിയോട് ചേര്‍ന്നുള്ള ത്രിപുരയ്ക്ക് രാഷ്ട്രീയ സാഹചര്യങ്ങളാലും കേരളവുമായി ബന്ധമുണ്ട്. 29 സംസ്ഥാനങ്ങളും ഏഴ് കേന്ദ്ര ഭരണപ്രദേശങ്ങളുമുള്ള ഇന്ത്യയില്‍ കമ്യൂണിസ്റ്റ് ഭരണം അവശേഷിക്കുന്ന രണ്ട് തുരുത്തുകളാണ് ത്രിപുരയും കേരളവും. 

 നിലവിലെ ഇടത് ഭരണം മാറ്റിനിര്‍ത്തിയാല്‍ രാഷ്ട്രീയമായി ബംഗാളിനോടാണ് ത്രിപുരയ്ക്ക് ഏറെ സാമ്യം. 34 വര്‍ഷം അനുസ്യൂതമായൊഴുകിയ കമ്യൂണിസ്റ്റ് ഭരണം ബംഗാളിനെ ദരിദ്രജീവിതങ്ങളുടെ നരകഭൂമിയാക്കി. 1993 മുതല്‍, കഴിഞ്ഞ 25 വര്‍ഷമായി ത്രിപുര ഭരിക്കുന്നത് സിപിഎമ്മാണ്. 1978-1988 വരെ പത്ത് വര്‍ഷവും സിപിഎം അധികാരത്തിലേറി. ഇരുപത് വര്‍ഷമായി മണിക് സര്‍ക്കാരാണ് മുഖ്യമന്ത്രി. നീണ്ട കാലത്തെ കമ്യൂണിസ്റ്റ് ഭരണം ബംഗാളിനെപ്പോലെ ദാരിദ്ര്യം അടയാളപ്പെടുത്തുന്ന അരജീവിതങ്ങളുടെ മരുഭൂമിയാക്കി ത്രിപുരയെയും മാറ്റി. 

 തലസ്ഥാനമായ അഗര്‍ത്തലയിലെ ആഭ്യന്തര വിമാനത്താവളത്തിലെത്തുന്ന ആരെയും അതിശയിപ്പിക്കുന്ന ഒരു കാഴ്ചയുണ്ട്. വിമാനം കാണുന്നതിനായി ടിക്കറ്റെടുത്ത് കാത്തിരിക്കുന്ന ഗ്രാമവാസികള്‍. മൂന്ന് മണിക്കൂറിന് അമ്പത് രൂപയാണ് നിരക്ക്. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നൂറിലേറെപ്പേരെ അവിടെ കാണാന്‍ സാധിച്ചു. കിലോമീറ്ററുകള്‍ അകലെനിന്ന് കുടുംബസമേതം എത്തിയവരുമുണ്ട്. ഇക്കാലത്ത് മറ്റേതെങ്കിലും സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ ഈ ദൃശ്യം ചിന്തിക്കാനാകുമോ? വിമാനത്താവളത്തിലെത്തി വിമാനം കാണുന്നത് മുഖ്യ വിനോദോപാധിയാകുന്ന 'വികസന മോഡല്‍' മണിക് സര്‍ക്കാരിന് മാത്രം അവകാശപ്പെട്ടതാണ്. 

കച്ച് കണ്ടിട്ടില്ലെങ്കില്‍ നിങ്ങള്‍ പിന്നെ ഒന്നും കണ്ടിട്ടില്ലെന്നാണ് ഗുജറാത്ത് ടൂറിസത്തിന്റെ പരസ്യ വാചകം. ത്രിപുരയുടെ ദാരിദ്ര്യം അളന്നെടുക്കാന്‍ അഗര്‍ത്തല നഗരം മാത്രം മതി. ഹൃദയഭാഗത്തുള്ള നിയമസഭാ മന്ദിരത്തിന് അഭിമുഖമായുള്ള തെരുവില്‍ കഴിയുന്നത് അഞ്ഞൂറിലേറെ കുടുംബങ്ങള്‍. പശുവിനെ വളര്‍ത്തിയാണ് ഇവര്‍ ജീവിതം കണ്ടെത്തുന്നത്. തൊഴുത്തും വീടും തിരിച്ചറിയാനാകാത്ത സാഹചര്യം. ഫൈവ് സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ഹോട്ടലുകളില്ലാത്ത സംസ്ഥാനമാണ് ത്രിപുര. തൊഴിലാളി വിപ്ലവ പാര്‍ട്ടിയുടെ ഭരണത്തില്‍ നക്ഷത്ര ഹോട്ടലുകള്‍ വേണ്ടെന്ന് തീരുമാനിച്ചതുകൊണ്ടല്ല ഇത്. എയര്‍പോര്‍ട്ട് റോഡിലൂടെ സഞ്ചരിച്ചാല്‍  2008ല്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ മൂന്ന് മന്ത്രിമാരുടെ സാനിധ്യത്തില്‍ തറക്കല്ലിട്ട ഫോര്‍ സ്റ്റാര്‍ ഹോട്ടല്‍ പാതിവഴിയില്‍ നിലച്ച് സാമൂഹ്യദ്രോഹികളുടെ താവളമായത് കാണാം.

അടിസ്ഥാന സൗകര്യങ്ങള്‍ നിഷേധിക്കപ്പെടുന്നതില്‍ നഗര, ഗ്രാമ വ്യത്യാസങ്ങളില്ല. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന ദേശീയപാതാ വികസനമാണ് ആകെയുള്ള പ്രവര്‍ത്തനം. തലസ്ഥാനത്തെ മെച്ചപ്പെട്ട ചുരുക്കം കെട്ടിടങ്ങളില്‍ സിപിഎം സംസ്ഥാന, ജില്ലാ കമ്മറ്റി ഓഫീസുകളും ഉള്‍പ്പെടും.  മലമ്പ്രദേശത്തും ഉള്‍ക്കാടുകളിലും ജീവിക്കുന്ന ഗോത്രവിഭാഗക്കാരാണ് തലതിരിഞ്ഞ ഭരണത്തിന്റെ ദുരിതം ഏറെയും ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ടവര്‍. ഗതാഗത യോഗ്യമായ റോഡുകളോ കുടിവെള്ളമോ ഇല്ല. കാലപ്പഴക്കത്താല്‍ തുരുമ്പെടുത്ത ഓരോ ഇരുമ്പ് പാലത്തിന് മുന്നിലും പാലം അപകടത്തിലെന്ന് മുന്നറിയിപ്പ് നല്‍കുന്ന ബോര്‍ഡുകള്‍ കാണാം. പാതിയില്‍ നിലച്ച കോണ്‍ക്രീറ്റ് പാലങ്ങളുടെ തൂണുകള്‍ കാട്ടുവള്ളികള്‍ പടര്‍ന്ന് മൂടിയിരിക്കുന്നു. 35 വര്‍ഷം ഭരിച്ചിട്ടും വൈദ്യുതിയെത്താത്ത ഗ്രാമങ്ങള്‍ അനവധി. 15,956 കോടി രൂപയുടെ ബജറ്റാണ് 2017-18 വര്‍ഷത്തില്‍ അവതരിപ്പിച്ചത്. ജനസംഖ്യയില്‍ 28.3 ശതമാനമുള്ള ഗോത്രവിഭാഗത്തിന് നീക്കിവെച്ചത് 635 കോടിയാണ്. 3.97 ശതമാനം മാത്രം. വിവേചനത്തിന് ഇതിലധികം തെളിവെന്തിനെന്ന് സാമൂഹ്യപ്രവര്‍ത്തകനായ ജഗദീഷ് ദെബ്ബര്‍മ്മ ചോദിക്കുന്നു. ദരിദ്രര്‍ എന്നും ദരിദ്രരായി ജീവിക്കണമെന്നാണ് കമ്യൂണിസ്റ്റ് ഭരണകൂടം ആഗ്രഹിക്കുന്നത്. എങ്കില്‍ മാത്രമേ രാഷ്ട്രീയാധികാരം നിലനിര്‍ത്താന്‍ സാധിക്കുകയുള്ളൂ, അദ്ദേഹം പറയുന്നു. 

വ്യവസായവത്കരണത്തില്‍ ഏറെ പിന്നിലുള്ള ത്രിപുര, എളുപ്പത്തില്‍ വ്യവസായം നടത്താന്‍ സാധിക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ 26-ാമതാണ്. 2012-ല്‍ സബ്‌സിഡി നല്‍കി വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിന് ഇന്‍ഡസ്ട്രിയല്‍ ഇന്‍സെന്റീവ്‌സ് സ്‌കീം പ്രഖ്യാപിച്ചെങ്കിലും വിജയിച്ചില്ല. രൂക്ഷമായ തൊഴിലില്ലായ്മ യുവാക്കളില്‍ അസംതൃപ്തി പടര്‍ത്തി. ലേബര്‍ ആന്റ് എംപ്ലോയ്‌മെന്റ് മന്ത്രാലയത്തിന്റെ അഞ്ചാമത് വാര്‍ഷിക എംപ്ലോയ്‌മെന്റ് ആന്റ് അണ്‍ എംപ്ലോയ്‌മെന്റ് സര്‍വ്വെ പ്രകാരം അഭ്യസ്ത വിദ്യര്‍ക്കിടയില്‍ 23 ശതമാനമാണ് ത്രിപുരയിലെ തൊഴിലില്ലായ്മ. ഇതില്‍ നാലാം സ്ഥാനമാണ് സംസ്ഥാനത്തിനുള്ളത്. 36 ലക്ഷം ജനങ്ങള്‍ മാത്രമുള്ളിടത്ത് ഏഴ് ലക്ഷം പേര്‍ തൊഴില്‍രഹിതരാണെന്നാണ് ഔദ്യോഗിക കണക്ക്. ചുടുകട്ട നിര്‍മാണവും തേയിലത്തോട്ടങ്ങളുമാണ് പ്രധാന വ്യവസായങ്ങള്‍. ഇഷ്ടികച്ചൂളകളില്‍ പണിയെടുക്കുന്ന ബാല്യങ്ങള്‍ തൊഴിലാളി സര്‍ക്കാരിനെ അലോസരപ്പെടുത്തുന്നില്ല.  

 എല്ലാം പാര്‍ട്ടി തീരുമാനിക്കുമെന്ന ഫാസിസ്റ്റ് പ്രത്യയശാസ്ത്രമാണ് ത്രിപുരയെ അടക്കി ഭരിക്കുന്നത്. ജനാധിപത്യ ഇന്ത്യയിലെ 'ഉത്തര കൊറിയന്‍ മോഡല്‍' കമ്യൂണിസ്റ്റ് സ്വേച്ഛാധിപത്യ രാജ്യമാണത്. അക്രമത്തിലൂടെ അധികാരഘടന സ്ഥാപിച്ചെടുക്കുന്നതിലും നിലനിര്‍ത്തുന്നതിലും പാര്‍ട്ടി വിജയിച്ചു. ഒരു വര്‍ഷത്തിനിടെ ഏഴ് ബിജെപി പ്രവര്‍ത്തകരെ സിപിഎം കൊലപ്പെടുത്തി. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ 2015ലെ കണക്കനുസരിച്ച് സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളില്‍ എട്ടാമതാണ് ത്രിപുര. കുറ്റകൃത്യ നിരക്ക് ദേശീയതലത്തില്‍ 53.9 ശതമാനമെങ്കില്‍ ത്രിപുരയില്‍ 68.2 ശതമാനമാണ്. വനവാസികള്‍ക്കെതിരായ അതിക്രമങ്ങളില്‍ ഭൂരിഭാഗവും പോലീസ് കേസാകുന്നില്ലെന്നതും ചേര്‍ത്തു വായിക്കണം. സിപിഎമ്മുകാര്‍ പ്രതിസ്ഥാനത്തുള്ള കേസുകളില്‍ ഇരകള്‍ക്ക് നീതി നിഷേധിക്കപ്പെടുന്നു. രണ്ട് മാധ്യമപ്രവര്‍ത്തകരും അടുത്തിടെ കൊല്ലപ്പെട്ടു. 

 കേരളത്തോട് താരതമ്യപ്പെടുത്തി, ഗുജറാത്ത് മോഡല്‍ വികസനമേയല്ലെന്ന് വാദിക്കുന്ന സിപിഎമ്മുകാരും 'മാധ്യമ ഗോപാലസേന'ക്കാരും ത്രിപുര മോഡലിനെക്കുറിച്ച് സംസാരിക്കാറില്ല. മുന്നണികള്‍ ഇടവിട്ട് ഭരണത്തിലെത്തുന്ന കേരളത്തേക്കാള്‍ ഇടതുപക്ഷ നയങ്ങളും വികസനവും ചര്‍ച്ച ചെയ്യാന്‍ വിധേയമാക്കേണ്ടത് സിപിഎം പതിറ്റാണ്ടുകള്‍ അധികാരം കയ്യാളിയ ബംഗാളോ ത്രിപുരയോ ആണ്. 36.71 ലക്ഷം ജനസംഖ്യയുള്ള ത്രിപുര, ഗോവയും സിക്കിമും കഴിഞ്ഞാല്‍ രാജ്യത്തെ മൂന്നാമത്തെ ചെറിയ സംസ്ഥാനമാണ്. കേരളത്തില്‍ തിരുവനന്തപുരം ജില്ലയില്‍ മാത്രം 33 ലക്ഷം ജനസംഖ്യയുണ്ട്. ആറ് കോടിയിലേറെയാണ് ഗുജറാത്തിലെ ജനസംഖ്യ. ചെറിയ സംസ്ഥാനം, ദീര്‍ഘകാലത്തെ ഭരണം. ഈ രണ്ട് സാധ്യതകള്‍ ഉണ്ടായിരുന്നിട്ടും അഭിമാനിക്കാവുന്ന വികസന മോഡലോ പദ്ധതിയോ സിപിഎമ്മിന് രാജ്യത്തിന് സമര്‍പ്പിക്കാനായിട്ടില്ല. ഈ തിരിച്ചറിവാണ് ത്രിപുര മോഡല്‍ ചര്‍ച്ചകള്‍ ഉയര്‍ന്നുവരാത്തതിന് കാരണം. മാധ്യമങ്ങള്‍ മുഖംതിരിക്കുന്നതാണ് സിപിഎമ്മിന്റെ മുഖം രക്ഷിക്കുന്നത്. 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.