ജില്ലാപഞ്ചായത്ത് വാര്‍ഷിക പദ്ധതി ആസൂത്രണം കൂടുതല്‍ ജനകീയമാക്കും: കെ.വി.സുമേഷ്

Wednesday 17 January 2018 9:02 pm IST

 

കണ്ണൂര്‍: ജില്ലാപഞ്ചായത്ത് വിവിധ മേഖലകളില്‍ നടപ്പിലാക്കുന്ന വാര്‍ഷിക പദ്ധതിയുടെ ആസൂത്രണത്തില്‍ കൂടുതല്‍ ജനകീയ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ജനങ്ങളില്‍ നിന്ന് നേരിട്ട് അഭിപ്രായം സ്വീകരിക്കുന്നതിന് വഴിയൊരുക്കുമെനന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് അറിയിച്ചു. പതിമൂന്നാം പഞ്ചവല്‍സര പദ്ധതിയുടെ ഭാഗമായുള്ള ജില്ലാപഞ്ചായത്തിന്റെ 2018-19 വാര്‍ഷിക പദ്ധതി ആസൂത്രണത്തിന്റെ ഭാഗമായി നടന്ന വിവിധ മേഖലകളിലുള്ളവരുടെ യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ദുരന്തമുഖങ്ങളില്‍ കാഴ്ചക്കാരായി നില്‍ക്കുന്നതിന് പകരം അപകടങ്ങളില്‍പ്പെട്ടവരെ സഹായിക്കാനും മറ്റ് അനുബന്ധ നടപടികള്‍ സ്വീകരിക്കാനും കഴിവും പ്രാവീണ്യവുമുള്ള 10 പേരുടെ സംഘത്തെ ഓരോ വാര്‍ഡിലും ഒരുക്കുന്നതിനുള്ള നൂതന പദ്ധതി ദുരന്തനിവാരണ അതോറിറ്റിയുമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. മാറിവരുന്ന കാലത്തിനനുസരിച്ച പുരോഗതി പദ്ധതി ആസൂത്രണത്തിലും പ്രതിഫലിക്കേണ്ടതുണ്ട്. അതേസമയം, മാലിന്യ നിര്‍മാര്‍ജനം ഉള്‍പ്പെടെയുള്ള സുപ്രധാനമായ ചില മേഖലകളില്‍ നടപ്പിലാക്കിയ പദ്ധതികള്‍ പലകാരണങ്ങളാല്‍ പൂര്‍ണമായും വിജയിപ്പിക്കാന്‍ സാധിച്ചിട്ടില്ല. ജനങ്ങളുടെ പരിപൂര്‍ണ സഹകരണത്തിലൂടെ മാത്രമേ ഇത്തരം പദ്ധതികള്‍ നടപ്പിലാക്കാനാവൂ എന്നും അദ്ദേഹം പറഞ്ഞു. 

കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ഥ്യമാവുന്ന പശ്ചാത്തലത്തില്‍ വിനോദസഞ്ചാര രംഗത്തെ വികസന സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്ന രീതിയിലുള്ള പദ്ധതികള്‍ വേണമെന്ന് യോഗത്തില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. തീര്‍ഥാടന ടൂറിസത്തിന് മികച്ച സാധ്യത ജില്ലയിലുണ്ട്. വിനോദസഞ്ചാരികള്‍ക്ക് കൂടുതല്‍ താമസ സൗകര്യമൊരുക്കുന്നതിന് ഹോം സ്റ്റേ സംവിധാനം ഏര്‍പ്പെടുത്തണം. ഇതിന്റെ ലൈസന്‍സ് നടപടിക്രമങ്ങള്‍ പഞ്ചായത്ത് തലത്തില്‍ ഏകീകരിക്കണമെന്നും അഭിപ്രായമുയര്‍ന്നു. വിമാനത്താവളം വഴിയുള്ള ചരക്ക് കടത്ത് എളുപ്പമാണെന്നതിനാല്‍ രാജ്യത്തിനകത്തും പുറത്തുമുള്ള കമ്പോളങ്ങള്‍ക്കാവശ്യമായ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍, പൂക്കള്‍, പഴങ്ങള്‍ തുടങ്ങിയവ വ്യാവസായികാടിസ്ഥാനത്തില്‍ ഉല്‍പ്പാദിപ്പിക്കാനുള്ള പദ്ധതികള്‍ വേണം. റെസിഡന്‍സ് അസോസിയേഷനുകളുമായി സഹകരിച്ച് മാതൃകാപരമായ മാലിന്യ നിര്‍മാര്‍ജന പദ്ധതികള്‍ ആവിഷ്‌ക്കരിക്കാവുന്നതാണ്. 

ജില്ലാ പഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി.ദിവ്യ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.പി.ജയബാലന്‍ മാസ്റ്റര്‍, ടി.ടി.റംല, കെ.ശോഭ, ടി.ആര്‍.സുശീല, അജിത്ത് മാട്ടൂല്‍, പി.ഗൗരി, അന്‍സാരി തില്ലങ്കേരി, ജോയ് കൊന്നക്കല്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി.ചന്ദ്രന്‍, ജില്ലാ ആസൂത്രണ സമിതി അംഗം കെ.വി.ഗോവിന്ദന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ്, ലൈയന്‍ണ്‍സ് ക്ലബ്, റോട്ടറി ക്ലബ്, യുവജന ക്ലബ്ബുകള്‍, സാമൂഹ്യസംഘടനകള്‍, ലീഡ് ബാങ്ക്, റെയിഡ്‌കോ, അനെര്‍ട്ട്, മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റി, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവയുടെ പ്രതിനിധികള്‍, എസ്.സി പ്രമോട്ടര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.