കെഎസ്ആർടിസിയുടെ രക്ഷയ്ക്ക്

Thursday 18 January 2018 2:45 am IST
കെഎസ്ആര്‍ടിസിയെ സഹായിക്കേണ്ട ബാദ്ധ്യത സര്‍ക്കാരിനില്ല എന്നു പറയുമ്പോള്‍ കെഎസ്ആര്‍ടിസിക്ക് എന്തുമാത്രം ബാധ്യതയാണ് സര്‍ക്കാരിന്റെ സാമൂഹ്യ ബാദ്ധ്യതകള്‍ ഏറ്റെടുത്തതുകൊണ്ട് ഉണ്ടായത് എന്നും വിലയിരുത്തണം

കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ കെഎസ്ആര്‍ടിസിയെ സാമ്പത്തികമായി സഹായിക്കേണ്ട ബാധ്യത കേരളാ സര്‍ക്കാരിന് ഇല്ല എന്ന സത്യവാങ്മൂലം ഞെട്ടലോടെയാണ് 44,000 വരുന്ന കെഎസ്ആര്‍ടിസിയിലെ പെന്‍ഷന്‍കാര്‍ കേട്ടത്.  വലിയ പ്രതിഷേധം ഈ സത്യവാങ്മൂലത്തിനെതിരെ ഉണ്ടായി. പ്രതിക്ഷേധം കടുത്തപ്പോള്‍ സര്‍ക്കാര്‍ കെഎസ്ആര്‍ടിസിയെ കൈവിടില്ലെന്നും, സംരക്ഷിക്കുകതന്നെ ചെയ്യുമെന്നും, എന്നാല്‍ സ്ഥാപനം സ്വന്തം കാലില്‍ നില്‍ക്കാന്‍ സുശീല്‍ ഖന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള പുനരുദ്ധാരണ പാക്കേജ് നടപ്പിലാക്കുക മാത്രമാണ് പരിഹാരമെന്നും ധനമന്ത്രി തോമസ്‌ഐസക്ക് ഫേസ്ബുക്കില്‍ കുറിച്ചു.

കെഎസ്ആര്‍ടിസിയെ സഹായിക്കാന്‍ ബാധ്യതയില്ലെന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയം രേഖാമൂലം കേരളാ ഹൈക്കോടതിയില്‍ നല്‍കിയിട്ട് അതല്ലാ തങ്ങളുടെ ഉദ്ദേശ്യമെന്ന് ധനമന്ത്രി ഫേസ്ബുക്കിലൂടെ ഇക്കിളിപ്പെടുത്തിയാല്‍ പ്രശ്‌നപരിഹാരമാകുമോ? സര്‍ക്കാരിനുവേണ്ടി മുപ്പതു വര്‍ഷത്തിലധികം കാലം ജീവിതം ഉഴിഞ്ഞുവച്ച്, ആവതില്ലാത്ത കാലത്ത് സംരക്ഷണമാകുമെന്നു കരുതിയ പെന്‍ഷന്‍ തുടര്‍ച്ചയായി മുടങ്ങിയപ്പോള്‍ പരിഹാസവും പരാധീനതകളും സഹിക്കാതെ ദിനംപ്രതി നിസ്സഹായരായ പെന്‍ഷന്‍കാര്‍ ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്നു. 

കെഎസ്ആര്‍ടിസിയെക്കുറിച്ചു പറയുമ്പോള്‍ ആദ്യം ആരുടെ മനസ്സിലും ഓടിയെത്തുന്നത് ഭീമമായ കട ബാധ്യതയില്‍പ്പെട്ട് നട്ടം തിരിയുന്ന സ്ഥാപനമെന്ന ചിന്തയാണ്.  നഷ്ടത്തിലേക്കെത്താന്‍ കാരണക്കാര്‍ ആരാണെന്ന വിഷയത്തില്‍ മാത്രമേ തര്‍ക്കം അവശേഷിക്കുന്നുള്ളൂ.  സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍, പിടിപ്പുകെട്ട മാനേജ്‌മെന്റ്, മടിയന്‍മാരായ ഒരുകൂട്ടം ജീവനക്കാര്‍, ട്രേഡ് യൂണിയന്‍ ആധിപത്യം എന്നിങ്ങനെ വിമര്‍ശകരും അനുകൂലികളും ഈ സ്ഥാപനത്തിന്റെ തകര്‍ച്ചയ്ക്ക്  കാരണങ്ങള്‍ നിരത്തും.  ചുരുക്കിപ്പറഞ്ഞാല്‍ എല്ലാ കാരണങ്ങളും അതിന്റെ പതനത്തിന് വഴിവച്ച ഘടകങ്ങള്‍ തന്നെയാണ്.  എന്നിരുന്നാലും കേരളത്തില്‍ നാളിതുവരെ നടക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഭരണകക്ഷി യൂണിയന്‍ മേധാവിത്വവും വിശിഷ്യാ, ഇടതുപക്ഷ ട്രേഡ് യൂണിയനുകളുടെ ഭാവനാപൂര്‍ണ്ണമല്ലാത്ത സമീപനവും,രാഷ്ട്രീയാധികാരത്തിന്റെ അഹങ്കാരം നടപ്പാക്കാനുള്ള വേദിയായി പൊതു മേഖലയെ മാറ്റിയതാണ് തകര്‍ച്ചയുടെ മുഖ്യകാരണം. 

 കെഎസ്ആര്‍ടിസിയെ സഹായിക്കേണ്ട ബാദ്ധ്യത സര്‍ക്കാരിനില്ല എന്നുപറയുമ്പോള്‍  കെഎസ്ആര്‍ടിസിക്ക് എന്തുമാത്രം ബാധ്യതയാണ് സര്‍ക്കാരിന്റെ സാമൂഹ്യ ബാദ്ധ്യതകള്‍ ഏറ്റെടുത്തതുകൊണ്ട് ഉണ്ടായത് എന്നും വിലയിരുത്തണം.  കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിഹിതം 1991 മുതല്‍ കെഎസ്ആര്‍ടിസിക്ക് ലഭിക്കുന്നില്ല.  പകരം വായ്പയെടുത്ത് ബസ്സു വാങ്ങിയും ഷോപ്പിങ് കോംപ്ലക്‌സുകള്‍ പണിതുമാണ് കെഎസ്ആര്‍ടിസി കടക്കെണിയിലായത്.  അതുകാരണം 2008 മുതല്‍ ശമ്പളത്തിനും പെന്‍ഷനും വേണ്ടി കടമെടുക്കേണ്ട അവസ്ഥയുണ്ടായി.  1984-ല്‍ സുന്ദരന്‍ നാടാര്‍ ഗതാഗത മന്ത്രിയായിരുന്നപ്പോള്‍ കയ്യടി നേടാന്‍ വേണ്ടി പെട്ടെന്ന് പ്രഖ്യാപിച്ചതാണ് സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍.  5350 കോടി രൂപയാണ് കഴിഞ്ഞ 33 വര്‍ഷമായി പെന്‍ഷന്‍ നല്‍കാന്‍ കെഎസ്ആര്‍ടിസി മാറ്റിവച്ചത്. 50,000-ല്‍ അധികം സൗജന്യ യാത്രാ പാസ്സുകളാണ് അവശതയനുഭവിക്കുന്ന ജനവിഭാഗത്തിന് സര്‍ക്കാരിന്റെ നിര്‍ദ്ദേശാനുസരണം കെഎസ്ആര്‍ടിസി നല്‍കിയിട്ടുള്ളത്.  2012-ല്‍ കേരള ഹൈക്കോടതി വ്യക്തമായ കണക്കുകളുടെ അടിസ്ഥാനത്തില്‍ സാമൂഹിക ബാധ്യതകള്‍ ഏറ്റെടുത്തതിന്റെ പേരില്‍ 1688 കോടി രൂപ കെഎസ്ആര്‍ടിസി ക്ക് സര്‍ക്കാര്‍ നല്‍കണമെന്ന് വിധിച്ചു.

ശമ്പളവും പെന്‍ഷനും നല്‍കാന്‍ കഴിയാത്ത പേരുദോഷത്തില്‍ നില്‍ക്കുമ്പോഴും കെഎസ്ആര്‍ടിസിയുടെ വരുമാനം നാം മനസ്സിലാക്കണം.  ശരാശരി, ദിവസേന ആറരക്കോടി.  മാസം 190 കോടിയിലധികം ടിക്കറ്റ് വരുമാനം മാത്രമുള്ളപ്പോള്‍ ആകെ ശമ്പളത്തിനുവേണ്ടത് 70 കോടി മാത്രമാണ്.  (ബാക്കിയെല്ലാം വെറുതെ പെരുപ്പിച്ച കണക്കാണ്.) പെന്‍ഷന്‍ നല്‍കാന്‍ സര്‍ക്കാര്‍ സഹായത്തിനു പുറമേ വേണ്ടത് 30 കോടി.  ഡീസലിന് 55-60 കോടി വരെ.  സ്‌പെയര്‍ പാര്‍ട്‌സിനു 10 കോടി. ക്ലൈം 10 കോടി. പെന്‍ഷന്‍ ആനുകൂല്യത്തിന് 18 കോടി.  എങ്ങനെ നോക്കിയാലും ചെലവ് കഴിഞ്ഞ് വരവില്‍ മിച്ചമുണ്ടാകും.  എന്നാല്‍ എവിടെയാണ് നഷ്ടം? കെഎസ്ആര്‍ടിസിക്ക് ബസ്സുവാങ്ങാന്‍, ഷോപ്പിങ് കോപ്ലക്‌സുകള്‍ പണിയാന്‍ എടുത്ത വായ്പകള്‍ക്ക് മൂന്നേകാല്‍ കോടി രൂപ ദിവസേനയുള്ള വരുമാനത്തില്‍നിന്നു തിരിച്ചടവിനായി പോകുന്നു.  ബാക്കി കഷ്ടിച്ച് ഡീസലിനും നിത്യച്ചെലവുകള്‍ക്കുമാകുമ്പോള്‍ ശമ്പളവും പെന്‍ഷനും നല്‍കാന്‍ കഴിയാതെ വരുന്നതാണ് ഇന്നത്തെ അവസ്ഥ.  കൊട്ടിഘോഷിച്ച് വരുമാനം വര്‍ദ്ധിപ്പിക്കാന്‍ കടമെടുത്ത് കെട്ടിപ്പൊക്കിയ ഷോപ്പിങ് കോംപ്ലക്‌സുകള്‍ കെടുകാര്യസ്ഥതയുടെ ഭാര്‍ഗവീനിലയങ്ങളായി മാറി.  ടിക്കറ്റിതര വരുമാനം ഇന്നും ആകെ വരുമാനത്തിന്റ ഒരു ശതമാനമാണ്.  

കേരളത്തിലെ ഏറ്റവും ബൃഹത്തും, ഏറ്റവും വലിയ തൊഴില്‍ ദാതാവുമായ കെഎസ്ആര്‍ടിസി പോലൊരു സ്ഥാപനംപോലും നേരായ രീതിയില്‍ നടത്താന്‍ കഴിയാത്ത കേരളാ സര്‍ക്കാരിന്റെ പിടിപ്പുകേട് വലിയ സൂചനയാണ്.  തൊഴിലില്ലായ്മ മുഖ്യപ്രശ്‌നമായ കേരളത്തില്‍ കെഎസ്ആര്‍ടിസിയുടെ അവസ്ഥ എല്ലാ സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളിലും വന്നുചേരുമെന്നാണ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.  ഭാരതത്തിന് മുഴുവന്‍ മാതൃകയാണ് കേരളമെന്ന് ഭരണകൂടത്തിന് സ്തുതി പാടി നടക്കുന്നവര്‍ ലോകത്ത് ഒരിടത്തുമില്ലാത്ത തരത്തില്‍ സര്‍ക്കാരിനെ നാളിതുവരെ സേവിച്ച 44,000 വൃദ്ധര്‍ നിത്യചെലവിനും മരുന്നുവാങ്ങാനും വഴിയില്ലാതെ ആത്മഹത്യയില്‍ അഭയം പ്രാപിക്കുമ്പോള്‍ കാഴ്ചക്കാരുടെ റോളിലാണ് കേരളത്തിലെ പ്രതിപക്ഷവും ദേശീയ രാഷ്ട്രീയ ശക്തികളും. 

ഇന്നത്തെ പ്രതിപക്ഷത്തിന് പ്രതികരിക്കാന്‍ കഴിയാത്തത്, അവര്‍ക്കും ഈ സ്ഥാപനത്തിന്റെ തകര്‍ച്ചയില്‍ പങ്കുള്ളതുകൊണ്ടാകാം. എന്നാല്‍ ഇത്ര വലിയ ഒരു സാമൂഹിക പ്രശ്‌നത്തില്‍ ദേശീയ രാഷ്ട്രീയ കക്ഷികള്‍ എന്തുകൊണ്ട് അതിന്റെ ശരിയായ ഗൗരവത്തില്‍ ഇടപെടാത്തതെന്ന് മനസ്സിലാകുന്നില്ല.  കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരുടെ വിഷയം ഒരു ട്രേഡ് യൂണിയന്‍ മാനേജ്‌മെന്റ് തര്‍ക്കമല്ല. കേരളത്തിലെ 44,000 കുടുംബങ്ങളെ ആത്മഹത്യയിലേയക്ക് നയിക്കുന്ന തരത്തില്‍ വളര്‍ന്നുവരുന്ന വലിയ സാമൂഹ്യ ദുരന്തത്തിന്റെ നേര്‍ചിത്രമാണ്.  ഉത്തരേന്ത്യയില്‍ ഇല്ലാത്ത കഷ്ടപ്പാടുകള്‍ പറഞ്ഞുനടക്കുന്ന ബുദ്ധിജീവികളാരും ഈ വൃദ്ധരുടെ രോദനത്തെക്കുറിച്ച് മിണ്ടുന്നില്ല.  

സര്‍ക്കാര്‍ കെഎസ്ആര്‍ടിസി യെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നിശ്ചയിച്ച പ്രൊഫ. സുശീല്‍ ഖന്ന റിപ്പോര്‍ട്ട് ഏകദേശം നടപ്പിലാക്കി കഴിഞ്ഞു.  പുനരുദ്ധാരണ നടപടികളോട് ജീവനക്കാര്‍ പരമാവധി സഹകരിച്ചു. വിരോധാഭാസമായി നിലനില്‍ക്കുന്നത്, പുനരരുദ്ധാരണ നടപടികള്‍ക്ക് തുടക്കം കുറിച്ച 2016 നവംബറില്‍ കെഎസ്ആര്‍ടിസിയില്‍ വരവും ചെലവും തമ്മിലുള്ള അന്തരം 136 കോടി രൂപ ആയിരുന്നുവെങ്കില്‍,സുശീല്‍ ഖന്ന റിപ്പോര്‍ട്ട് സിംഹഭാഗവും നടപ്പിലാക്കിയശേഷം 2017 നവംബറില്‍ വരവും ചെലവും തമ്മിലുള്ള അന്തരം 176 കോടിയായി വര്‍ദ്ധിച്ചു.  ഖന്ന റിപ്പോര്‍ട്ട് സ്ഥാപനത്തെ ജനവിരുദ്ധമാക്കാനും തൊഴിലാളി പീഡനത്തിനും മാത്രമേ ഉപകരിക്കൂ എന്ന വിമര്‍ശനം അക്ഷരം പ്രതി യാഥാര്‍ത്ഥ്യമായി.  

ആ സ്ഥിതിക്ക് തൊലിപ്പുറത്തുള്ള ചികിത്സയല്ല കെഎസ്ആര്‍ടിസിക്ക് വേണ്ടത്.  എല്‍ഡിഎഫ് പ്രകടന പത്രികയില്‍ പറഞ്ഞതു പോലെ 'കെഎസ്ആര്‍ടിസിയുടെ പെന്‍ഷനും ഭാരവും' സര്‍ക്കാര്‍ ഏറ്റെടുക്കണം. കെഎസ്ആര്‍ടിസി നാളിതുവരെ ഏറ്റെടുത്ത സര്‍ക്കാരിന്റെ സാമൂഹിക സുരക്ഷാ ബാധ്യതകളുടെ പ്രതിഫലമായി കെഎസ്ആര്‍ടിസിയുടെ ആകെ ബാധ്യത ഏറ്റെടുത്ത് സര്‍ക്കാരിന് മൂലധന നിക്ഷേപമാക്കി മാറ്റാവുന്നതാണ്.  പിടിപ്പുകെട്ട രാഷ്ട്രീയ നോമിനികളായ മാനേജ്‌മെന്റിന്റെ വികലമായ നടപടികള്‍ അവസാനിപ്പിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പൊതുഗതാഗതത്തെ സേവന മേഖലയായി പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റാക്കി മാറ്റുകയാണ് ശാശ്വത പരിഹാരം.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.