നഗരത്തില്‍ കുരുക്കും പൊടിയും; സഹിച്ച് മടുത്തു യാത്രക്കാര്‍

Wednesday 17 January 2018 9:07 pm IST

 

കോട്ടയം: നഗരത്തില്‍ ഗതാഗതകുരുക്കിന് പിന്നാലെ പൊടിയും രൂക്ഷമായതോടെ യാത്രക്കാരുടെ ദുരിതം ഇരട്ടിയായി. കഴിഞ്ഞ ദിവസം മുതല്‍ പുതിയതായി നിര്‍മിക്കുന്ന നാഗമ്പടം പാലത്തിന്റെ അപ്രോച്ച് റോഡില്‍ മണ്ണിട്ട് ഉയര്‍ത്തി ടാര്‍ ചെയ്യാനുള്ള പ്രവൃത്തികള്‍ തുടങ്ങിയിരുന്നു. ഇതോടെയാണ് ജനം പൊടിയും കൂടി സഹിക്കേണ്ടി വന്നത്.  

ഡിസംബറിന് മുമ്പായി നഗരത്തിലെ റോഡ് പണിയും പാലത്തിന്റെ നിര്‍മ്മാണവും പൂര്‍ത്തിയാക്കുമെന്നയായിരുന്നു അധികൃതര്‍ പറഞ്ഞത്. എന്നാല്‍ മാര്‍ച്ച് വരെ പണി നീളുമെന്നാണ് ഇപ്പോള്‍ അധികൃതര്‍ പറയുന്നത്. നാഗമ്പടം പാലത്തിന്റെ നിര്‍മ്മാണം പരിശോധിക്കാനെത്തിയപ്പോള്‍ ഏറ്റുമാനൂര്‍ ഭാഗത്തേയ്ക്കുള്ള രണ്ടാമത്തെ സ്ലാബിന്റെയും അപ്രോച്ച് റോഡിന്റെയും നിര്‍മ്മാണം ഡിസംബറില്‍ പൂര്‍ത്തിയാക്കുമെന്ന് എംപി ഉറപ്പ് പറഞ്ഞതാണ്. എന്നാല്‍ ഇതെല്ലാം പാഴ് വാക്കായി. കനത്ത ചൂടിനൊപ്പം പൊടിയും കുരുക്കും കൂടിയായപ്പോള്‍ നഗരത്തിലെത്തുന്നവര്‍ വലയുകയാണ്. 

ഏറ്റുമാനൂര്‍ ഭാഗത്ത് വരുന്നവര്‍ ഇപ്പോള്‍ നാഗമ്പടം പാലം കയറാതെ ടൗണില്‍ പ്രവേശിക്കാനുള്ള മാര്‍ഗ്ഗമാണ് യാത്രക്കാര്‍ അന്വേഷിക്കുന്നത്. വട്ടമൂട് പാലം വഴി ഇരുചക്രവാഹനങ്ങള്‍ കയറി പോകുന്നുണ്ട്. നഗരത്തിലെ വെയര്‍ ഹൗസിങ് റോഡ് ഉപയോഗിക്കാതെ നന്നാക്കാതെ കിടക്കുന്നതും യാത്രക്കാര്‍ക്ക് തിരിച്ചടിയാണ്.തിരക്കും പൊടിയും ഒഴിവാക്കി സഞ്ചരിക്കാന്‍ സമാന്തര പാതകള്‍ ഉണ്ടെങ്കിലും യാത്രക്കാര്‍്ക്ക് ഇത് സംബന്ധിച്ച് വലിയ അറിവില്ല. 

നഗരത്തിലെ ഗതാഗതകുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായാണ് നാഗമ്പടത്ത് പുതിയ പാലം വരുന്നത്. പഴയ പാലത്തിന്റെ മാതൃകയില്‍ തന്നെയാണ് പുതിയ പാലവും നിര്‍മിക്കുന്നത്. പഴയ പാലത്തിന് ആറ് മീറ്റര്‍ വീതി മാത്രമാണെങ്കില്‍ 13 മീറ്ററിലാണ് പുതിയ പാലം നിര്‍മ്മിക്കുന്നത്. റെയില്‍വേയും സംസ്ഥാന പിഡബ്ലൂഡിയും ചേര്‍ന്നാണ് പാലം നിര്‍്മ്മിക്കുന്നത്. 28 കോടിയുടെ പദ്ധതിയില്‍ 10 കോടി റെയില്‍വേയും ബാക്കി 18 കോടി സംസ്ഥാന സര്‍ക്കാരുമാണ് മുടക്കുന്നത്. 

പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മ്മാണം വൈകുമെന്നാണ് അധികൃതര്‍ പറയുന്നത്. നഗരത്തിലെ റോഡ് നിര്‍മ്മാണവും കൂടി നടക്കുന്നതും പാലം തൂണുകളുമായി ബന്ധിപ്പിക്കുന്ന ജോലികള്‍ക്ക് സമയമെടുക്കുന്നതിനാലുമാണ് വൈകുന്നത്. 2015-ല്‍ ആണ് പാലത്തിന്റെ നിര്‍മ്മാണം തുടങ്ങിയത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.