വ്യാജ ഡോക്ടര്‍ ചമഞ്ഞ് പണം തട്ടി പോലീസ് കേസെടുക്കാതെ ഒത്തുതീര്‍പ്പാക്കി

Thursday 18 January 2018 2:00 am IST

 

ആര്‍പ്പൂക്കര: വ്യാജ ഡോക്ടര്‍ ചമഞ്ഞ് പണം തട്ടിയ സംഭവം കേസെടുക്കാതെ പോലീസ് ഒത്തുതീര്‍പ്പാക്കിയതായി ആക്ഷേപം. പ്രധാനമന്ത്രിയുടെ ചികിത്സാ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ചേര്‍ന്നാല്‍ ചികിത്സയുടെ 90 ശതമാനം തുക വരെ തിരികെ ലഭിക്കുമെന്ന് പറഞ്ഞ് നിര്‍ദ്ധന രോഗികളുടെ ബന്ധുക്കളില്‍ നിന്നും വ്യാജ ഡോക്ടര്‍ ചമഞ്ഞ് പണം തട്ടിയെന്നാണ് ആരോപണം. പോലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഒത്തുതീര്‍പ്പായെന്ന് പറഞ്ഞ് പോലീസ് വിട്ടയച്ചു.

കിടങ്ങൂര്‍ സ്വദേശിയായ തട്ടിപ്പുകാരനെതിരെയാണ് കേസെടുക്കാതെ പോലീസ് വിട്ടയച്ചത്. ഇയാള്‍ നാളുകളായി കോട്ടയം മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തിവരികയായിരുന്നു. പ്രധാനമന്ത്രിയുടെ പ്രത്യേക ഉന്‍ഷ്വറന്‍സ് പദ്ധതിയുണ്ടെന്നും ഡോക്ടര്‍മാര്‍ മുഖേനെയാണ് ഇതില്‍ അംഗങ്ങളെ ചേര്‍ക്കുന്നതെന്നും പറഞ്ഞ് കടപ്ലാമറ്റം, പടിഞ്ഞാറ്റിന്‍കര സ്വദേശികളായവരില്‍ നിന്നും ഇയാള്‍ വന്‍തുക തട്ടുകയായിരുന്നു. കടപ്ലാമറ്റം സ്വദേശിയില്‍ നിന്നും 22170 രൂപയും പടിഞ്ഞാറ്റിന്‍കര സ്വദേശിയില്‍ നിന്ന് 78000 രൂപയും ഇയാള്‍ കൈപ്പറ്റി. 

തട്ടിപ്പ് മനസിലായവര്‍ പണം തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍ പല ന്യായങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറി. ഇതിനിടെ ഒരാള്‍ക്ക് 40,000 രൂപ തിരികെ നല്‍കുകയും ചെയ്തു. കഴിഞ്ഞ ദിവസം കിടങ്ങൂര്‍ പോലീസ് സ്റ്റേഷനില്‍ വച്ച് വ്യാജഡോക്ടര്‍ ചമഞ്ഞയാളും തട്ടിപ്പിനിരയായവരും തമ്മില്‍ ചര്‍ച്ച നടന്നിരുന്നു. ഇതേതുടര്‍ന്ന് പണം തിരികെ നല്‍കാമെന്ന് സമ്മതിച്ചിരുന്നു. പിന്നീട് ഇയാള്‍ രോഗിയെന്ന വ്യാജേന തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയതറിഞ്ഞ തട്ടിപ്പിനിരയായവര്‍ ഗാന്ധിനഗര്‍ പോലീസില്‍ പരാതി നല്‍കി. ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷന്റെ പരിധിയിലാണ് തട്ടിപ്പ് നടന്നതിനാല്‍ ഗാന്ധിനഗര്‍ എസ്‌ഐ പരാതിക്കാരെ ഏറ്റുമാനൂര്‍ സ്റ്റേഷനിലേക്ക് പറഞ്ഞയച്ചു. ഏറ്റുമാനൂര്‍ പോലീസ് പരാതി സ്വീകരിച്ചെങ്കിലും നടപടിയെടുക്കാന്‍ വിസമ്മതിക്കുകയായിരുന്നു. കേസ് ഒത്തുതീര്‍പ്പായതുകൊണ്ടാണ് നിയമ നടപടി സ്വീകരിക്കാത്തതെന്നാണ്് പോലീസ് പറയുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.