കാടു മൂടി കാഞ്ഞിരപ്പള്ളി മിനി ബൈപാസ് മാലിന്യ നിക്ഷേപ കേന്ദ്രം

Thursday 18 January 2018 2:00 am IST
മാലിന്യ സംസ്‌ക്കരണത്തിന് സംവിധാനമില്ലാതെ വന്നതോടെ കാഞ്ഞിരപ്പള്ളി നഗരത്തില്‍ എവിടെ നോക്കിയാലും മാലിന്യം കാണാം. ഉറവിടത്തില്‍ തന്നെ മാലിന്യ സംസ്‌കരണം നടത്തണം, കടകളില്‍ നിന്ന് മാലിന്യം പുറത്തേക്ക് എറിയരുത്, മാലിന്യം പൊതു സ്ഥലങ്ങളില്‍ നിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും, എന്നിങ്ങനെ പഞ്ചായത്തിന്റെ നിര്‍ദ്ദേശങ്ങള്‍ നിരവധിയാണ്. ഇവയൊക്കെ കടലാസിലൊതുക്കി നഗരഹൃദയത്തില്‍, അധികൃതരുടെ കണ്‍മുന്‍പില്‍ മാലിന്യം കുന്നു കൂടുന്നു.

 

കാഞ്ഞിരപ്പള്ളി: മാലിന്യ സംസ്‌ക്കരണത്തിന് സംവിധാനമില്ലാതെ വന്നതോടെ കാഞ്ഞിരപ്പള്ളി നഗരത്തില്‍ എവിടെ നോക്കിയാലും മാലിന്യം കാണാം. ഉറവിടത്തില്‍ തന്നെ മാലിന്യ സംസ്‌കരണം നടത്തണം, കടകളില്‍ നിന്ന് മാലിന്യം പുറത്തേക്ക് എറിയരുത്, മാലിന്യം പൊതു സ്ഥലങ്ങളില്‍ നിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും, എന്നിങ്ങനെ പഞ്ചായത്തിന്റെ നിര്‍ദ്ദേശങ്ങള്‍ നിരവധിയാണ്. ഇവയൊക്കെ കടലാസിലൊതുക്കി നഗരഹൃദയത്തില്‍, അധികൃതരുടെ കണ്‍മുന്‍പില്‍ മാലിന്യം കുന്നു കൂടുന്നു. 

നിര്‍മാണം പാതിവഴിയില്‍ നിലച്ച കാഞ്ഞിരപ്പള്ളി മിനി ബൈപാസ് കാടു മൂടിയതോടെ മാലിന്യ നിക്ഷേപ കേന്ദ്രമായി മാറി. നഗരത്തിലെ മാലിന്യങ്ങളില്‍ ഭൂരിഭാഗവും വന്നെത്തുന്നതു ചിറ്റാര്‍ പുഴയിലും പുഴയോരത്തെ കാടുപിടിച്ച ബൈപാസിലുമാണ്. ഒരു കോടി ഇരുപതു ലക്ഷം രൂപ ചെലവഴിച്ച ബൈപാസാണു കാടുപിടിച്ചും മാലിന്യങ്ങള്‍ നിറഞ്ഞും നശിക്കുന്നത്. ചിറ്റാര്‍ പുഴയുടെ ഒരുവശവും പുഴയോടു ചേര്‍ന്നുള്ള പുറമ്പോക്കും കെട്ടിയെടുത്താണു മിനി ബൈപാസ് നിര്‍മാണം ആരംഭിച്ചത്. പദ്ധതിക്കു പൂര്‍ണമായ രൂപരേഖ ഇല്ലാത്തതാണു പദ്ധതി പാതിവഴിയില്‍ നിലയ്ക്കാന്‍ കാരണം. പേട്ടക്കവലയില്‍നിന്നാരംഭിച്ച് ചിറ്റാര്‍ പുഴയോരത്തുകൂടി ടൗണ്‍ ഹാളിനു സമീപത്തു കുരിശുങ്കല്‍ ജംക്ഷനില്‍ മണിമല റോഡില്‍ എത്തുന്നതാണു പദ്ധതി. ആറു മീറ്റര്‍ വീതിയില്‍ 800 മീറ്ററോളം ദൂരമാണു പദ്ധതിയില്‍ റോഡിനുള്ളത്. എന്നാല്‍ നടുഭാഗത്തുനിന്ന് ആരംഭിച്ച നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇരുവശങ്ങളില്‍ എവിടെയും എത്തിയിട്ടില്ല. ബൈപാസിന്റെ ഇരുവശവും ദേശീയപാതയില്‍ പ്രവേശിക്കണമെങ്കില്‍ ഇനിയും കടമ്പകളേറെയാണു കടക്കാനുള്ളത്. പേട്ടക്കവലയില്‍ ദേശീയപാതയില്‍ പ്രവേശിക്കണമെങ്കില്‍ പഞ്ചായത്ത് വക കംഫര്‍ട്ട് സ്റ്റേഷന്‍ പൊളിച്ചുമാറ്റണം.

മണിമല റോഡില്‍ പ്രവേശിക്കണമെങ്കില്‍ ചിറ്റാര്‍ പുഴയ്ക്കു കുറുകെ പാലം നിര്‍മിക്കണം. മിനി ബൈപാസ് യാഥാര്‍ത്ഥ്യമായാല്‍ ഇതുവഴി ഒരു വശത്തേക്കു ചെറുവാഹനങ്ങള്‍ കടത്തിവിടാനാകും. യുഡിഎഫ് ഭരണസമിതിയുടെ കാലത്ത് ആരംഭിച്ച മിനി ബൈപാസിന്റെ നിര്‍മാണത്തില്‍ അഴിമതി ആരോപിച്ച് എല്‍ഡിഎഫ് ഭരണസമിതി നിര്‍മാണത്തിനു തുടര്‍നടപടികള്‍ സ്വീകരിച്ചില്ല. ഇതോടെ കാടു കയറി മൂടിയ ബൈപാസ് മാലിന്യനിക്ഷേപകേന്ദ്രമായി മാറുകയായിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.