തോമസ് ചാണ്ടിയുടെ കായൽ കൈയേറ്റം; മൂന്നുമാസത്തിനകം സർവേ പൂർത്തിയാക്കണം: ഹൈക്കോടതി

Thursday 18 January 2018 2:45 am IST

കൊച്ചി: മുന്‍ മന്ത്രി തോമസ് ചാണ്ടി ഡയറക്ടറായ വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനി റിസോര്‍ട്ടിനു വേണ്ടി മാര്‍ത്താണ്ഡം കായല്‍ നിലം കൈയേറിയെന്ന പരാതിയില്‍ മൂന്നു മാസത്തിനകം സര്‍വേ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി. തുടര്‍ന്നുള്ള മൂന്നു മാസത്തിനകം നോട്ടീസ് നല്‍കി വിശദമായ വാദം കേട്ട് നിയമപരമായി നടപടിയെടുക്കണമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കി.

അതേ സമയം ഭൂമി കൈയേറാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് കമ്പനി വ്യക്തമാക്കുമ്പോള്‍ അവരെ ശിക്ഷിക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്നും കൈയേറ്റവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍വേ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ തീരുമാനം എടുക്കുന്നതുവരെ കമ്പനിക്കെതിരെയോ ഡയറക്ടര്‍മാര്‍ക്കെതിരെയോ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശിക്കേണ്ടതില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. 

ഭൂരഹിതര്‍ക്ക് വീട് വെയ്ക്കാന്‍ സര്‍ക്കാര്‍ പതിച്ചു നല്‍കിയ ഭൂമിയാണ് വാങ്ങിയതെന്ന് കമ്പനി വിശദീകരിച്ചു. ഇതു മണ്ണിട്ട് നികത്തുന്നതിനിടെ ഈ പ്ലോട്ടുകള്‍ക്കിടയിലുള്ള സര്‍ക്കാര്‍ ഭൂമിയിലും മണ്ണ് വീണിട്ടുണ്ടാകും. മന:പൂര്‍വം സര്‍ക്കാര്‍ ഭൂമി കൈയേറാന്‍ ശ്രമിച്ചിട്ടില്ലെന്നായിരുന്നു കമ്പനിയുടെ വാദം. ലേക് പാലസ് റിസോര്‍ട്ടിലെത്തുന്ന ചില അതിഥികളെ സൂര്യാസ്തമനം കാട്ടാന്‍ ഈ ഭൂമിയിലേക്ക് കൊണ്ടുവരാറുണ്ടെന്നല്ലാതെ മറ്റൊന്നിനും ഭൂമി ഉപയോഗിച്ചിട്ടില്ലെന്നും ഇവര്‍ വിശദീകരിച്ചിട്ടുണ്ട്. 

കൈയേറ്റം കണ്ടെത്തിയാല്‍ ഒഴിയാന്‍ അധികൃതര്‍ക്ക് നിര്‍ദേശിക്കാമെന്ന് കോടതി വ്യക്തമാക്കി. തുടര്‍ന്നും നടപടിയില്ലെങ്കില്‍ നിയമപരമായ വഴി തേടാം.  അപര്യാപ്തമായ വസ്തുതകളുടെ അടിസ്ഥാനത്തില്‍ തീരുമാനം എടുക്കാന്‍ കോടതിക്ക് കഴിയില്ല. അന്വേഷണം നടത്തി സര്‍ക്കാര്‍ - റവന്യു അധികൃതര്‍ നടപടി എടുക്കുകയാണ് വേണ്ടത്. ഭൂമി കൈയേറാനോ കൈവശം വെയ്ക്കാനോ ശ്രമമുണ്ടെങ്കിലേ ഭൂസംരക്ഷണ നിയമത്തിലെ വ്യവസ്ഥ പ്രകാരമുള്ള തടവുശിക്ഷ ഉള്‍പ്പെടെയുള്ള നടപടി സാദ്ധ്യമാകൂ. വിവാദ നികത്തു ഭൂമി നെല്‍വയല്‍ - തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന്റെ പരിധിയില്‍ വരുന്നതാണെന്ന പരാതിയില്‍ പ്രാദേശിക തല നിരീക്ഷണ സമിതി പരിശോധന നടത്തി ആവശ്യമെങ്കില്‍ തിരുത്തി ഡേറ്റ ബാങ്ക് അന്തിമമാക്കണമെന്നും വിധിയില്‍ പറയുന്നു. 

വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനിക്കും തോമസ് ചാണ്ടി ഉള്‍പ്പെടെയുള്ള ഡയറക്ടര്‍മാര്‍ക്കുമെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് കൈനകരി ഗ്രാമപഞ്ചായത്തംഗം ബി.കെ. വിനോദും തൃശൂര്‍ വേലൂപ്പാടം സ്വദേശി ടി.എന്‍ .മുകുന്ദനും നല്‍കിയ പൊതുതാല്പര്യ ഹര്‍ജി തീര്‍പ്പാക്കിയാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.