ആധാര്‍; ഭരണഘടനാ ബെഞ്ചില്‍ വാദം തുടങ്ങി

Thursday 18 January 2018 2:45 am IST

ന്യൂദല്‍ഹി: ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് വാദം കേട്ടു തുടങ്ങി. ആധാര്‍ ഉപയോഗിക്കുന്നത് തിരിച്ചറിയലിന് മാത്രമാണോ എന്ന് കോടതി വാദത്തിനിടെ ആരാഞ്ഞു. ഉദ്ദേശിച്ച കാര്യങ്ങള്‍ക്ക് മാത്രമായി ബയോമെട്രിക് ഉപയോഗിച്ചാല്‍ ആധാര്‍ സുരക്ഷിതമാകുമോ എന്നും കോടതി ചോദിച്ചു. വാദം ഇന്നും തുടരും.

ആധാറിനെതിരായ ഹര്‍ജിക്കാരുടെ വാദമാണ് ഇന്നലെ ഭരണഘടനാ ബെഞ്ചിന് മുമ്പാകെ ആരംഭിച്ചത്. ആധാറിലൂടെ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന കാര്യങ്ങള്‍ സുരക്ഷിതമല്ലെന്ന് കണ്ട് വിദേശരാജ്യങ്ങള്‍ നേരത്തെ തന്നെ ഉപേക്ഷിച്ചവയാണെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ശ്യാം ദിവാന്‍ വാദിച്ചു. ആധാര്‍ കാര്‍ഡില്‍ ഉള്‍പ്പെടുത്തിയ 6.2 കോടി ജനങ്ങളുടെ ബയോമെട്രിക് വിവരങ്ങള്‍ സിസ്റ്റം തിരിച്ചറിയാതെ പോയിട്ടുണ്ടെന്നും ശ്യാം ദിവാന്‍ പറഞ്ഞു. എന്നാല്‍ പൊതുതാല്‍പര്യത്തിന്റെ പേരില്‍ ആധാര്‍ എടുക്കണമെന്ന് ജനങ്ങളോട് സര്‍ക്കാര്‍ ആവശ്യപ്പെടുന്നതില്‍ തെറ്റെന്തെന്നായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡിന്റെ ചോദ്യം. സ്‌കൂളുകളിലെ ഉച്ചഭക്ഷണപദ്ധതിക്കായി സര്‍ക്കാര്‍ ചെലവാക്കുന്ന കോടിക്കണക്കിന് രൂപയുടെ ഗുണഫലം മുഴുവനായും ജനങ്ങളിലേക്ക് എത്തുന്നില്ലെന്നും ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി. 

അമേരിക്ക വിസയ്ക്കായി ശേഖരിക്കുന്ന ബയോമെട്രിക് വിവരങ്ങളില്‍ നിന്ന് ആധാര്‍ ബയോമെട്രിക് സംവിധാനം എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് ഹര്‍ജിക്കാര്‍ വിശദീകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ആധാര്‍ നിയമം ഇല്ലാതിരുന്ന 2009-16 കാലത്ത് ശേഖരിച്ച വിവരങ്ങള്‍ നശിപ്പിക്കണമെന്നാണോ ഹര്‍ജിക്കാരുടെ ആവശ്യമെന്നും കോടതി ചോദിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.