നെയ്യഭിഷേകം ഇന്നു കൂടി; ദര്‍ശനം നാളെ വരെ

Thursday 18 January 2018 2:45 am IST

ശബരിമല: സന്നിധാനത്ത് ഈ മണ്ഡലമകരവിളക്കുത്സവകാലത്തെ അവസാന നെയ്യഭിഷേകം ഇന്ന്. രാവിലെ 10 മണിക്ക് നെയ്യഭിഷേകം അവസാനിപ്പിച്ച് ദേവസ്വംവക കളഭാഭിഷേകം നടക്കും. തിരുവാഭരണമണിഞ്ഞുള്ള അയ്യപ്പദര്‍ശനം 18ന് സന്ധ്യാ ദീപാരാധനക്ക് ശേഷമുള്ള പുഷ്പാഭിഷേകം ആരംഭിക്കുന്നത് വരെ തുടരും. നാളെ രാത്രി 10 മണി വരെ ഭക്തര്‍ക്ക് ദര്‍ശനം നടത്താം. 

19ന് രാത്രി ഹരിവരാസനം പാടി നടയടച്ച ശേഷം മാളികപ്പുറത്ത് ഗുരുതി പൂജ.  20ന് രാവിലെ ആറിന് നട തുറന്ന് പന്തളം രാജപ്രതിനിധി ദര്‍ശനം നടത്തും. തുടര്‍ന്ന് മേല്‍ശാന്തി ക്ഷേത്രം അടച്ച് മഹാരാജാവിന് താക്കോല്‍ കൈമാറും. രാജ പ്രതിനിധി അടുത്ത ഒരു വര്‍ഷത്തേക്കുള്ള ചെലവിനായി ഒരു കിഴി പണവും ക്ഷേത്രത്തിന്റെ താക്കോലും മാനേജരെ ഏല്‍പിച്ച് പടിയിറങ്ങുന്നതോടെ മകരവിളക്ക് മഹോത്സവത്തിന് പരിസമാപ്തിയാകും.

അയ്യപ്പനെ കാണാനായി ശബരിമലയിലെത്തിയ പന്തളം രാജകൊട്ടാരത്തിന്റെ പ്രതിനിധി പി. രാജരാജവര്‍മ്മയെ ചൊവ്വാഴ്ച്ച ക്ഷേത്രസോപാനത്തിലേക്ക് സ്വീകരിച്ചാനയിച്ചു. വലിയ നടപ്പന്തലിലെത്തിയ രാജപ്രതിനിധിയെ ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി.എന്‍. ചന്ദ്രശേഖരന്‍ മാലയിട്ട് സ്വീകരിച്ചു. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഒ.ബി. ദിലീപ്കുമാര്‍ രാജപ്രതിനിധിക്ക് ഉടവാള്‍ കൈമാറി. 

പതിനെട്ടാം പടിക്ക് താഴെയെത്തിയ രാജപ്രതിനിധിയെ  മേല്‍ശാന്തി എ.വി. ഉണ്ണികൃഷ്ണന്‍ നമ്പൂതിരി പലകയിട്ട് കാല്‍ കഴുകി സ്വീകരിച്ചു. തുടര്‍ന്ന് രാജപ്രതിനിധി നാളികേരമുടച്ച് പടി കയറി ഉടവാള്‍ കൈമാറി അയ്യപ്പദര്‍ശനം നടത്തി. ശ്രീകോവിലില്‍ കോടിമുണ്ടും കാണിക്കയും സമര്‍പ്പിച്ചശേഷം കന്നിമൂല ഗണപതിയേയും നാഗരാജാവിനേയും തൊഴുത് മാളികപ്പുറത്തേയ്ക്കുപോയി.

മകരവിളക്ക് കഴിഞ്ഞ് രണ്ടാംദിവസം ആരംഭിച്ച പടിപൂജ ഇന്നും നാളെയും കൂടി നടക്കും. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മികത്വത്തിലാണ് പടിപൂജ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.