എൻഗിഡി എറിഞ്ഞിട്ടു

Thursday 18 January 2018 2:45 am IST

സെഞ്ചൂറിയന്‍: സ്പിന്‍ പിച്ചൊരുക്കി സ്വന്തം മണ്ണില്‍ വമ്പുകാട്ടുന്ന ടീം ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര നഷ്ടം. പേസ് ബൗളിങിനെ അകമഴിഞ്ഞ് സഹായിച്ച രണ്ടാം ടെസ്റ്റില്‍ 135 റണ്‍സിന്റെ കൂറ്റന്‍ തോല്‍വിയാണ് ഇന്ത്യ നേരിട്ടത്. ഇതോടെ മൂന്ന് ടെസ്റ്റുകളുടെ പരമ്പര 2-0ന് ദക്ഷിണാഫ്രിക്ക നേടി. രണ്ടാം ഇന്നിങ്‌സില്‍ ജയിക്കാന്‍ 287 റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യയെ 151 റണ്‍സിന് ദക്ഷിണാഫ്രിക്കന്‍ പേസര്‍മാര്‍ എറിഞ്ഞിടുകയായിരുന്നു. തുടര്‍ച്ചയായ ഒമ്പത് പരമ്പര വിജയങ്ങള്‍ക്കുശേഷമാണ് ഇന്ത്യ ഒരു ടെസ്റ്റ് പരമ്പര പരാജയപ്പെടുന്നത്.

സ്‌കോര്‍ ചുരുക്കത്തില്‍: ദക്ഷിണാഫ്രിക്ക 335, 258, ഇന്ത്യ 307, 151

സ്‌റ്റെയിന് പകരം ടീമിലെത്തിയ അരങ്ങേറ്റക്കാരന്‍ പേസ് ബൗളര്‍ എന്‍ഗിഡിയാണ് ഇന്ത്യയെ എറിഞ്ഞിട്ടത്. രണ്ടാം ഇന്നിങ്‌സില്‍ 12.2 ഓവറില്‍ 39 റണ്‍സ് വഴങ്ങി ആറ് വിക്കറ്റുകളാണ് എന്‍ഗിഡി വീഴ്ത്തിയത്. ആദ്യ ഇന്നിങ്‌സിലും എന്‍ഗിഡി ഒരു വിക്കറ്റ് വീഴ്ത്തിയിരുന്നു. കളിയിലെ താരവും എന്‍ഗിഡി തന്നെ. റബാദ മൂന്ന് വിക്കറ്റും വീഴ്ത്തി.

35ന് മൂന്ന് എന്ന നിലയില്‍ ഇന്നലെ രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ ഇന്ത്യന്‍ നിരയില്‍ 47 റണ്‍സെടുത്ത രോഹിത് ശര്‍മ്മയും 28 റണ്‍ നേടിയ മുഹമ്മദ് ഷമിയുമൊഴിച്ച് ഒരാളും മികച്ച ബാറ്റിങ് പുറത്തെടുത്തില്ല. 11 റണ്‍സുമായി ബാറ്റിങ് തുടര്‍ന്ന ചേതേശ്വര്‍ പൂജാരയാണ് ഇന്നലെ ആദ്യം മടങ്ങിയത്. തലേന്നത്തെ സ്‌കോറിനോട് എട്ട് റണ്‍ കൂട്ടിച്ചേര്‍ത്ത് 19 റണ്‍സെടുത്ത പൂജാര റണ്ണൗട്ടാവുകയായിരുന്നു. ഇതോടെ നാണക്കേടിന്റെ ഒരു റെക്കോഡും പൂജാരക്ക് സ്വന്തമായി. ഒരു ടെസ്റ്റിന്റെ രണ്ടിന്നിങ്‌സിലും റണ്ണൗട്ടാവുന്ന ആദ്യ ഇന്ത്യന്‍ ബാറ്റ്‌സ്മാനെന്ന നാണക്കേടാണ് പൂജാര സ്വന്തം പേരിലാക്കിയത്. ടെസ്റ്റ് ചരിത്രത്തില്‍ ഇത് 25-ാം തവണയാണ് ഒരു ബാറ്റ്‌സ്മാന്‍ രണ്ടിന്നിങ്‌സിലും റണ്ണൗട്ടാവുന്നത്. 2000ത്തിനുശേഷം ആദ്യമായിട്ടും. അധികം കഴിയും മുന്നേ പാര്‍ത്ഥിവ് പട്ടേലും മടങ്ങി. 19 റണ്‍സെടുത്ത പാര്‍ത്ഥിവിനെ റബാദയുടെ പന്തില്‍ ഉജ്വലമായ ക്യാച്ചിലൂടെ മോണി മോര്‍ക്കല്‍ മടക്കിയതോടെ കളി തീരുമാനമായി. സ്‌കോര്‍ 5ന് 65. തൊട്ടുപിന്നാലെ അനാവശ്യഷോട്ടിന് ശ്രമിച്ച് ഹാര്‍ദ്ദിക് പാണ്ഡ്യയും (6) പുറത്ത്. എന്‍ഗിഡിയുടെ പന്തില്‍ ഡികോക്കിന് ക്യാച്ച്. 6ന് 83. സ്‌കോര്‍. അധികം കഴിഞ്ഞില്ല മൂന്ന് റണ്ണെടുത്ത അശ്വിനെയും എന്‍ഗിഡി മടക്കിയതോടെ ഇന്ത്യ 7ന് 87 എന്ന നിലയില്‍. അതിനുശേഷമാണ് ഇന്ത്യന്‍ ഇന്നിങ്‌സിലെ ഏറ്റവും മികച്ച കൂട്ടുകെട്ടുണ്ടായത്. രോഹിത് ശര്‍മ്മയും മുഹമ്മദ് ഷാമിയും ചേര്‍ന്ന് എട്ടാം വിക്കറ്റില്‍ 54 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെ ഇന്ത്യന്‍ സ്‌കോര്‍ 141ലെത്തി. ഇതേ സ്‌കോറില്‍ വച്ച് 47 റണ്ണെടുത്ത രോഹിത്തിനെ റബാദയുടെ പന്തില്‍ ഡിവില്ലിയേഴ്‌സ് പിടികൂടി. പിന്നീട് ചടങ്ങുതീര്‍ക്കല്‍ മാത്രമായിരുന്നു ദക്ഷിണാഫ്രിക്കയ്ക്കുണ്ടായിരുന്നത്.  28 റണ്‍സെടുത്ത ഷാമിയെയും രണ്ട് റണ്ണെടുത്ത ബുംറയെയും എന്‍ഗിഡി മടക്കിയതോടെ ഇന്ത്യന്‍ ഇന്നിങ്‌സ് 151ന് അവസാനിച്ചു. നാല് റണ്ണുമായി ഇഷാന്ത് ശര്‍മ്മ പുറത്താകാതെ നിന്നു.

പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റ് ജനുവരി 24 മുതല്‍ 28 വരെ ജോഹാന്നസ്ബര്‍ഗില്‍ നടക്കും.

സ്‌കോര്‍ബോര്‍ഡ് 

ദക്ഷിണാഫ്രിക്ക 335, 258, ഇന്ത്യ ഒന്നാം ഇന്നിങ്ങ്‌സ് 307

ഇന്ത്യ രണ്ടാം ഇന്നിങ്ങ്‌സ്: മുരളി വിജയ് ബി റബാദ 9, കെ.എല്‍. രാഹുല്‍ സി മഹാരാജ് ബി എന്‍ഗിഡി 4, ചേതേശ്വര്‍ പൂജാര റണ്ണൗട്ട് 19, വിരാട് കോഹ്‌ലി എല്‍ബിഡബ്ല്യു ബി എന്‍ഗിഡി 5, പാര്‍ത്ഥിവ് പട്ടേല്‍ സി മോര്‍ക്കല്‍ ബി റബാദ 19, രോഹിത് ശര്‍മ്മ സി ഡിവില്ലിയേഴ്‌സ് ബി റബാദ 47, ഹാര്‍ദിക് പാണ്ഡ്യ സി ഡി കോക്ക് ബി എന്‍ഗിഡി 6, ആര്‍. അശ്വിന്‍ സി ഡികോക്ക് ബി എന്‍ഗിഡി 3, മുഹമ്മദ് ഷാമി സി മോര്‍ക്കല്‍ ബി എന്‍ഗിഡി 28, ഇഷാന്ത് ശര്‍മ്മ നോട്ടൗട്ട് 4, ജസ്പ്രീത് ബുംറ സി ഫിലാന്‍ഡര്‍ ബി എന്‍ഗിഡി 2, എക്‌സ്ട്രാസ് 5, ആകെ 151ന് എല്ലാവരും പുറത്ത്.

വിക്കറ്റ് വീഴ്ച: 1-11, 2-16, 3-26, 4-49, 5-65, 6-83, 7-87, 8-141, 9-145, 10-151.

ബൗളിങ്: ഫിലാന്‍ഡര്‍ 10-3-25-0, റബാദ 14-3-47-4, എന്‍ഗിഡി 12.2-3-39-6, മോര്‍ക്കല്‍ 8-3-10-0, മഹാരാജ് 6-1-26-0.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.