ഡേവിഡ് ജെയിംസിന് പിഴച്ചു; ബ്ലാസ്‌റ്റേഴ്‌സിന് തോല്‍വി

Thursday 18 January 2018 2:45 am IST

ജംഷഡ്പൂര്‍: ഡേവിഡ് ജെയിംസിനും കൂട്ടര്‍ക്കും നാലാം മത്സരത്തില്‍ കാലിടറി. ഐഎസ്എല്ലില്‍ ഇന്നലെ ജംഷഡ്പൂര്‍ എഫ്‌സിയോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കേരള ബ്ലാസ്‌റ്റേഴ്‌സ് കീഴടങ്ങി. പുതിയ കോച്ചായി ഡേവിഡ് ജെയിംസ് ചുമതലയേറ്റ ശേഷം ഒരു സമനിലയും രണ്ട് വിജയങ്ങളും സ്വന്തമാക്കിയ ബ്ലാസ്‌റ്റേഴ്‌സിന് ജെആര്‍ഡി ടാറ്റാ സ്‌പോര്‍ട്‌സ് ക്ലബില്‍ നടന്ന പോരാട്ടത്തിലാണ് കാലിടറിയത്.

കളിയുടെ 22-ാം സെക്കന്റില്‍ തന്നെ സ്റ്റീവ് കൊപ്പലിന്റെ ജംഷഡ്പൂര്‍ മുന്നിലെത്തി. ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തിന്റെ പിഴവില്‍ നിന്ന് ജെറിയാണ് ബ്ലാസ്‌റ്റേഴ്‌സിനെ ഞെട്ടിച്ചത്. തുടര്‍ന്ന് സമനിലക്കായി ഹ്യൂമിന്റെ നേതൃത്വത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് കിണഞ്ഞു പരിശ്രമിച്ചെങ്കിലും കാര്യമുണ്ടായില്ല. ഹ്യൂമിന്റെ ഒരു ഹെഡ്ഡര്‍ ഗോള്‍ ലൈന്‍ സേവിലൂടെയാണ് ജംഷഡ്പൂര്‍ എഫ്‌സിയുടെ രാജു ഗെയ്ക്ക്‌വാദ് രക്ഷപ്പെടുത്തിയത്. കളിയുടെ ഗതിക്കെതിരായ 31-ാം മിനിറ്റില്‍ ജംഷഡ്പൂര്‍ എഫ്‌സി വീണ്ടും ബ്ലാസ്‌റ്റേഴ്‌സ് വല കുലുക്കി.

ആഷിം ബിശ്വാസാണ് നല്ലൊരു ഇടംകാലന്‍ ഷോട്ടിലൂടെ ഗോള്‍ കീപ്പര്‍ പോള്‍ റെച്ചൂബ്കയെ നിഷ്പ്രഭനാക്കി ലക്ഷ്യം കണ്ടത്. ഇതോടെ ആദ്യപകുതിയില്‍ ജംഷഡ്പൂര്‍ 2-0ന് മുന്നിട്ടുനിന്നു. ഇതിനിടെ ബ്ലാസ്‌റ്റേഴ്‌സിന്റെ പ്ലേ മേക്കര്‍ കിസിറ്റോ പരിക്കേറ്റ് മടങ്ങിയതും അവര്‍ക്ക് തിരിച്ചടിയായി.

രണ്ടാം പകുതിയില്‍ ഗോള്‍ മടക്കാനായി വിനീതും ഹ്യൂമും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ലക്ഷ്യം കാണുന്നതില്‍ പിഴച്ചു. ഒടുവില്‍ കളി പരിക്കുസമയത്തേക്ക് കടന്നപ്പോള്‍ മാര്‍ക്ക് സിഫ്‌നിയോസ് ബ്ലാസ്‌റ്റേഴ്‌സിന്റെ ആശ്വാസഗോള്‍ സ്വന്തം പേരില്‍ കുറിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.