ശബരിമല പടിപൂജ; ശ്രീലങ്കൻ സ്വദേശിയിൽ നിന്ന് ലക്ഷങ്ങൾ തട്ടാൻ ശ്രമം

Thursday 18 January 2018 2:45 am IST

ശബരിമല: പടിപൂജയുടെ പേരില്‍ ഇടനിലക്കാര്‍ വഴിപാടുകാരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുക്കുന്നു. കഴിഞ്ഞ ദിവസം ശ്രീലങ്കന്‍ സ്വദേശിയില്‍ നിന്ന് തട്ടിയെടുക്കാന്‍ ശ്രമിച്ചത് ഒന്നരലക്ഷം രൂപ. കൈയോടെ പിടിച്ചതോടെ പണം തിരികെ നല്‍കി കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം. ഒതുക്കിത്തീര്‍ക്കാന്‍ വിജിലന്‍സും കൂട്ട്. 

പടിപൂജയ്ക്ക് ദേവസ്വം രസീത് 75,000 രൂപയാണ്. ഇതോടൊപ്പം പൂവ്, വസ്ത്രം, ദക്ഷിണ എന്നിവ കൂടി ഉള്‍പ്പെടുത്തിയാല്‍ പരമാവധി 1,40,000 രൂപ. ഇതിന് ഇടനിലക്കാര്‍ വഴിപാടുകാരില്‍ നിന്ന് ഈടാക്കുന്നത് മൂന്ന് മുതല്‍ നാല് ലക്ഷം രൂപ വരെ. വിദേശികളായ വഴിപാടുകാരാണ് തട്ടിപ്പിന് ഇരയാകുന്നതില്‍ ഏറെയും. 

കഴിഞ്ഞ ദിവസം പടിപൂജ വഴിപാടായി നടത്തിയത് ശ്രീലങ്കന്‍ സ്വദേശിയായിരുന്നു. ശബരിമലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയുടെ ഭാരവാഹിയാണ് ഇടനിലക്കാരനായത്. മൂന്നര ലക്ഷത്തോളം ചെലവാകുമെന്നാണ് ഇടനിലക്കാരന്‍ വഴിപാടുകാരനെ അറിയിച്ചത്. പൂജയ്ക്ക് രണ്ടു ദിവസം മുന്‍പ് മാത്രമേ എത്തിച്ചേരാന്‍ സാധിക്കൂ എന്നതിനാല്‍ വഴിപാടുകാരന്‍ എല്ലാ കാര്യങ്ങളും ഇടനിലക്കാരനെ ചുമതലപ്പെടുത്തി. രണ്ടരലക്ഷം രൂപ പലപ്പോഴായി നല്‍കി. 

വഴിപാടുകാരന്റെ പേരിനൊപ്പം ഇടനിലക്കാരന്റെ ഫോണ്‍ നമ്പരാണ് ക്ഷേത്രത്തില്‍ നല്‍കിയത്. ആര്‍ക്കും വഴിപാടുകാരനെ നേരിട്ട് ലഭിച്ചിരുന്നില്ല. പടിപൂജയ്ക്ക് ആവശ്യമായ മാലകളും പൂവും നല്‍കുന്നത് ക്ഷേത്രത്തിലെ കരാറുകാരനാണ്. 

പൂജയ്ക്ക് ശേഷം പൂവിന്റെ പണം കരാറുകാരന്‍ ആവശ്യപ്പെട്ടെങ്കിലും ഇടനിലക്കാരന്‍ നല്‍കാന്‍ തയ്യാറായില്ല. ഇതോടെ തര്‍ക്കമായി. ഇരുവരെയും എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് മുന്നിലേക്ക് വിളിപ്പിച്ചു. എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് മുന്‍പിലും വഴിപാടുകാരന്റെ നമ്പരോ വിവരങ്ങളോ ഇടനിലക്കാരന്‍ നല്‍കിയില്ല. 

ഇതോടെ ദേവസ്വം വിജിലന്‍സ് വിഷയത്തില്‍ ഇടപെട്ടു. പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ ശ്രീലങ്കന്‍ സ്വദേശിയുടെ നമ്പര്‍ നല്‍കി. ശബരിമലയില്‍ ഉണ്ടായിരുന്ന ഇയാളെ എക്‌സിക്യൂട്ടീവ് ഓഫീസിലേക്ക് വിളിച്ചുവരുത്തി. തുടര്‍ന്നാണ് തട്ടിപ്പിന്റെ ചുരുള്‍ അഴിഞ്ഞത്. തുടര്‍ന്ന് ഇടനിലക്കാരന്‍ പ്രവര്‍ത്തിക്കുന്ന സംഘടനാ ഭാരവാഹികളെ വിവരം അറിയിച്ചു. 

തങ്ങളുടെ പ്രവര്‍ത്തനത്തിന് വിജിലന്‍സ് കേസ് എതിരാകുമെന്ന ഭയത്താല്‍ അവര്‍ കേസ് ഒത്തുതീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ടു. ചിലവായതിന്റെ ബാക്കി തുക ശ്രീലങ്കന്‍ സ്വദേശിക്ക് തിരികെ നല്‍കി കേസ് അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. ഇതോടൊപ്പം ഇടനിലക്കാരനായി നിന്ന ആളെ ശബരിമലയില്‍ നിന്ന് പൂര്‍ണമായി ഒഴിവാക്കാന്‍ തീരുമാനിച്ചു. തിരിച്ചറിയല്‍ കാര്‍ഡ് ദേവസ്വം തിരികെ വാങ്ങി. നാളത്തെ പടിപൂജ വഴിപാടായി നടത്തുന്നത് കാനഡ സ്വദേശിയാണ്. ഇയാള്‍ക്കും സഹായിയായി കൂടിയിരിക്കുന്നത് ഇതേ ഇടനിലക്കാരനാണ്. 

എന്നാല്‍ തട്ടിപ്പിന് പിന്നില്‍ ഒരാള്‍ അല്ലെന്നും ദേവസ്വത്തിലെയും പോലീസിലെയും ചിലര്‍ക്കും പങ്കുണ്ടെന്നും ആരോപണമുണ്ട്. സ്ഥിരമായി ജോലിക്കെത്തുന്ന കണ്‍ട്രോള്‍ റൂമിലെ ഒരു പോലീസുകാരനും ആരോപണ വിധേയനാണ്. 

പിൻ സന്തോഷ്

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.