അനധികൃതമായി ജോലിക്കെത്താത്ത 58 ഡോക്ടര്‍മാരെ പിരിച്ചുവിടാന്‍ തീരുമാനം

Thursday 18 January 2018 8:01 am IST

തിരുവനന്തപുരം: ആരോഗ്യ-വിദ്യാഭ്യാസ വകുപ്പില്‍ (ഡി.എം.ഇ) അനധികൃതമായി ജോലിക്കെത്താത്ത 58 ഡോക്ടര്‍മാരെ പിരിച്ചുവിടാന്‍ തീരുമാനം. സര്‍ക്കാരിനു ഡി.എം.ഇ. നല്‍കിയ ആദ്യഘട്ട പട്ടികയുടെ അടിസ്ഥാനത്തിലാണു പിരിച്ചുവിടല്‍. പി.എസ്.സി. നിയമനമായതിനാല്‍ പത്രങ്ങളില്‍ പേരുള്‍പ്പെടെ പരസ്യപ്പെടുത്തിയശേഷമാകും നടപടി. വിശദ അന്വേഷണത്തിനുശേഷം രണ്ടാംഘട്ട പട്ടിക സമര്‍പ്പിക്കും.

സര്‍വീസില്‍ പ്രവേശിച്ചശേഷം ജോലിക്കെത്താതിരിക്കുകയും കൂടുതല്‍ വരുമാനം ലക്ഷ്യമിട്ട് സ്വകാര്യ പ്രാക്ടീസ് ചെയ്യുന്നവരെയും വിദേശങ്ങളില്‍ സേവനം അനുഷ്ഠിക്കുന്നവരെയും ലക്ഷ്യമിട്ടു ഡി.എം.ഇ. നടത്തിയ അന്വേഷണമാണു പട്ടികയ്ക്ക് ആധാരം. ഇവരില്‍നിന്ന് 2017 വരെ വിവിധ തസ്തികകളില്‍ ജോലിക്കെത്താത്ത 58 ഡോക്ടര്‍മാരുടെ ആദ്യഘട്ട പട്ടികയാണ് ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറേറ്റ് സര്‍ക്കാരിനു സമര്‍പ്പിച്ചത്. നീണ്ട അവധി നല്‍കി കാലാവധിക്കുശേഷം ഹാജരാകാത്തവരും പട്ടികയിലുണ്ട്.

ദീര്‍ഘകാല അവധി അനുവദിക്കാത്ത അവശ്യസര്‍വീസുകളില്‍ അനധികൃതമായി ജോലിക്കെത്താതിരിക്കുന്നവരെ പിരിച്ചുവിടാന്‍ അനുകൂലമായ റിപ്പോര്‍ട്ട് മുൻപും പി.എസ്.സി നല്‍കിയിട്ടുണ്ട്. 2016 ല്‍ ഇത്തരത്തില്‍ 31 ഡോക്ടര്‍മാരെ പിരിച്ചുവിട്ടിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.