വഴിയില്‍ തങ്ങാതെ വരാനിരിക്കുന്നത്‌

Thursday 18 January 2018 8:34 am IST

വന്നുവന്ന് ഓരോ ദിവസവും പിണറായിക്ക് കിട്ടുന്നത് വലിയ പണിയാണ്. ഒന്നു നടുനിവര്‍ന്നു പൊങ്ങച്ചം പറയാമെന്നു വിചാരിക്കുമ്പോഴായിരിക്കും അടുത്ത പണി. മുഖ്യമന്ത്രിയായാല്‍ ഇങ്ങനെയൊക്കെ ആണെന്ന് ചുമ്മാ വിചാരിച്ചിട്ടും കാര്യമില്ല. ഇതിലും നല്ലത് പാര്‍ട്ടി സെക്രട്ടറിയായിരുന്നു.എല്ലാവരേയും മൂപ്പിച്ചു നടക്കാമായിരുന്നു. അതു മനസിലുള്ളതുകൊണ്ടാവും കടക്കു പുറത്തെന്നൊക്കെ ചിലപ്പോള്‍ പറഞ്ഞുപോകുന്നത്. കഴിഞ്ഞ ദിവസം സെല്‍ഫിയെടുക്കാന്‍ കൈയ്യില്‍ക്കേറിപ്പിടിച്ച വിദ്യാര്‍ഥിയോട് കലിപ്പോടെ പെരുമാറിയതും ഉള്ളില്‍ സെക്രട്ടറിയുള്ളതുകൊണ്ടു തന്നെ. വിദ്യാര്‍ഥി കരയാന്‍ തുടങ്ങിയപ്പോഴാണ് മുഖ്യമന്ത്രിയെന്നു വെളിപാടുണ്ടായതും പത്രങ്ങളും ചാനലുകളുമൊക്കെയുണ്ടെന്നു തോന്നിയതും. ഉടനെ കുട്ടിയെപിടിച്ചരികില്‍ നിര്‍ത്തി ചിരിപ്പിച്ചു പടമെടുപ്പിച്ചു.

       അതിനും മുന്‍പായിരുന്നു കേരളത്തെ ഞെട്ടിച്ച് സെക്രട്ടറിയേറ്റിനു മുന്നിലെ പതിനായിരക്കണക്കിനു ചെറുപ്പക്കാരുടെ നിരാഹാര സത്യഗ്രഹമിരിക്കുന്ന ശ്രീജിത്തിനോടുള്ള ഐക്യദാര്‍ഢ്യം. ഡിഫിയും എസ്എഫ് ഐയും വിചാരിച്ചാലും ഇങ്ങനെ ചെറുപ്പക്കാരെ സംഘടിപ്പിക്കാന്‍ കഴിയില്ലെന്ന തിരിച്ചറിവാണ് സിപിഎമ്മിനെ മറ്റൊരര്‍ഥത്തില്‍ ഞെട്ടിച്ചത്. ആള്‍ക്കൂട്ടത്തിന്റെ അവകാശികള്‍ തങ്ങളാണെന്ന സിപിഎം വിശ്വാസം കൂടിയാണ് അവിടെ തകര്‍ന്നുവീണത്. മാത്രവുമല്ല ചെറുപ്പക്കാരില്‍ സിപിഎമ്മും ഡിഫിയും എസ്എഫ്‌ഐയുമൊക്കെ ഉണ്ടാകാമെന്ന തിരിച്ചറിവും അങ്കലാപ്പുണ്ടാക്കി. ഇനി ശ്രീജിത്തിനൊപ്പം നാടുമുഴുവന്‍ ഉണ്ടാകുമെന്ന യാഥാര്‍ഥ്യം വിതക്കുന്ന ആശങ്ക മറ്റൊന്ന്.

       കെ.എസ്.ആര്‍.ടി.സിക്കു മന്ത്രി എന്ന നാഥന്‍വേണമെന്നത് ഇനിയും പൂവണിയാത്ത സ്വപ്‌നമായി അവശേഷിക്കുന്നു. എന്‍സിപിയുടെ തറവാട്ടില്‍ പിള്ളയേയും മകനേയും അനധികൃതമായി കുടിയേറ്റി മകനെ മന്ത്രിയാക്കാമെന്ന കുബുദ്ധിയും നടന്നില്ല. ആരാന്റെ വീട്ടില്‍ ചെന്നുകേറി ഭീഷണിപ്പെടുത്തി അവിടത്തെ കാരണവരായി കഞ്ഞിയും കുടിച്ചു ഏമ്പക്കമിട്ടു കഴിയാമെന്ന ദുഷ്ട ബുദ്ധി പിണറായി വഴി പിള്ളയ്ക്കുപദേശിച്ചത് സാക്ഷാല്‍ എംവി.ജയരാജനായിരിക്കും. ഈയിടെ പൊളിഞ്ഞു പാളീസായ ഉപദേശമെല്ലാം നടത്തിയത് ജയരാജനായതുകൊണ്ട് ഇതും കക്ഷിയായിരിക്കാനേ സാധ്യതയുള്ളു.

അതിനിടയിലാണ് പുലിവാലായി ഗീതാ ഗോപിനാഥിന്റെ ഉപദേശം വേറേയും.സംഗതി അവര്‍ പറഞ്ഞതു ശരിയാണെങ്കിലും സിപിഎമ്മിനു തോന്നുന്ന ശരിയല്ലല്ലോ അവര്‍ പറഞ്ഞത്! അതിനിടയിലാണ് ഗീതാ ഗോപിനാഥ് എല്‍ഡിഎഫിന്റെ ഉപദേശകയല്ലെന്ന് കാനം പറഞ്ഞത്. ഉപദേശകരെക്കൊണ്ട് സര്‍ക്കാര്‍ ഒരുപരുവത്തിലായി. പണ്ട് മന്ത്രി കെ.കെ.ശൈലജ പറഞ്ഞതാണ് ശരി, തനിക്കു ബുദ്ധിയുള്ളതുകൊണ്ട് ഉപദേശകരെ വേണ്ടെന്ന്. പിണറായിക്കും അതു പറഞ്ഞാല്‍ മതിയായിരുന്നു. പക്ഷേ പിണറായിക്കു ബുദ്ധിയുണ്ടെന്ന് മറ്റുള്ളവര്‍ക്കു തോന്നണ്ടേ. ഇനി എന്തെല്ലാം വരാനിരിക്കുന്നു. അതൊന്നും വഴിയില്‍ തങ്ങില്ലല്ലോ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.