കോഹ്‌ലിയാണ് താരം

Thursday 18 January 2018 11:05 pm IST

ദുബായ്: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക് പോയവര്‍ഷത്തെ മികച്ച ക്രിക്കറ്റ് താരത്തിനുള്ള ഇന്റര്‍ നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ പുരസ്‌ക്കാരം. കോഹ്‌ലിക്ക് സര്‍ ഗാരീഫീല്‍ഡ് സോബേഴ്‌സ് ട്രോഫി ലഭിക്കും. ഇതു രണ്ടാം തവണയാണ് കോഹ്‌ലി ഈ പുരസ്‌കാരത്തിന് അര്‍ഹനാകുന്നത്. 2012 ലാണ് ആദ്യം ഈ അവാര്‍ഡ് കരസ്ഥമാക്കുന്നത്. ഈ പുരസ്‌ക്കാരം നേടുന്ന നാലാമത്തെ ഇന്ത്യന്‍ താരമാണ്. നേരത്തെ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, ആര്‍. അശ്വിന്‍ എന്നിവര്‍ ഈ അവാര്‍ഡ് നേടിയിട്ടുണ്ട്.

2017 ലെ മികച്ച ഏകദിന ക്രിക്കറ്റ് താരത്തിനുള്ള അവാര്‍ഡും കോഹ്‌ലി സ്വന്തമാക്കി. 2013 നു ശേഷം ഇതാദ്യമായാണ് ദക്ഷിണാഫ്രിക്കക്കരനല്ലാത്ത ഒരു താരം മികച്ച ഏകദിന കളിക്കാരനാകുന്നത്. 2014, 2015  വര്‍ഷങ്ങളില്‍ എ ബി ഡിവില്ലിയേഴ്‌സ് ഈ അവാര്‍ഡ് നേടിയത്. 2016ല്‍ ഡിക്കോക്കും ഈ പുരസ്‌കാരം നേടി. 

ഓസീസ് ക്യാപറ്റന്‍ സ്റ്റീവ് സ്മിത്താണ് 2017 ലെ മികച്ച ടെസ്റ്റ് താരം. ട്വന്റി 20യിലെ  മികച്ച പ്രകടനത്തിനുള്ള അവാര്‍ഡ് ഇന്ത്യയുടെ യുവേന്ദ്ര ചഹല്‍ കര്സ്ഥമാക്കി. ബംഗളൂരുവില്‍ കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിനെതിരെ 25 റണ്‍സ് വഴങ്ങി ആറു വിക്കറ്റുകള്‍ വീഴ്ത്തിയതാണ് ചഹലിനെ അവാര്‍ഡിനര്‍ഹനാക്കിയത്.

അവാര്‍ഡ് കാലയളവില്‍ കോഹ്‌ലി ടെസ്റ്റില്‍ എട്ട് സെഞ്ചുറിയുള്‍പ്പെടെ 2203 റണ്‍സ് നേടി. 77.80 മാണ് ശരാശരി. ഏകദിനത്തില്‍ 1818 റണ്‍സ് നേടിയിട്ടുണ്ട്. ഏഴ് സെഞ്ചുറികള്‍ കുറിച്ചു.82.63 ആണ് ശരാശരി. ട്വന്റി 20 യില്‍ 299 റണ്‍സും നേടി.

പോയവര്‍ഷത്തെ ഐസിസി ടെസ്റ്റ്, ഏകദിനങ്ങളുടെ ക്യാപ്റ്റനായി കോഹ്‌ലിയെ തെരഞ്ഞെടുത്തു. ഇന്ത്യന്‍ താരങ്ങളായ ചേതേശ്വര്‍ പൂജാരയും സ്പിന്നര്‍ ആര്‍. അശ്വിനും കോഹ്‌ലിക്കൊപ്പം ടെസ്റ്റ് ടീമിലുണ്ട്.ഓപ്പണര്‍ രോഹിത് ശര്‍മയും ജസ്പ്രീത് ബുംറയും ഏകദിന ടീമില്‍ സ്ഥാനം പിടിച്ചു.

ഐസിസി ടെസ്റ്റ് ടീം: ഡീന്‍ എല്‍ഗാര്‍, ഡേവിഡ് വാര്‍ണര്‍, വിരാട് കോഹ്‌ലി (ക്യാപറ്റന്‍), സ്റ്റീവ് സ്മിത്ത്, ചേതേശ്വര്‍ പൂജാര, ബെന്‍ സ്‌റ്റോക്ക്്‌സ്്, ക്യൂന്റണ്‍ ഡിക്കോക്ക്് (വിക്കറ്റ് കീപ്പര്‍), ആര്‍. അശ്വിന്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, കഗിസോ റബഡ, ജെയിംസ് ആന്‍ഡേഴ്‌സണ്‍.

ഐസിസി ഏകദിന ടീം: ഡേവിഡ് വാര്‍ണര്‍, രോഹിത് ശര്‍മ, വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍) ബാബര്‍ അസം, എ ബി ഡിവില്ലിയേഴ്‌സ്, ക്യൂന്റണ്‍ ഡിക്കോക്ക്് (വിക്കറ്റ് കീപ്പര്‍), ബെന്‍ സ്‌റ്റോക്ക്‌സ്, ട്രന്റ്് ബൗള്‍ട്ട്, ഹസന്‍ അലി, റഷീദ് ഖാന്‍, ജസ്പ്രീത് ബുംറ.

900 പോയിന്റിലെത്തിയ രണ്ടാമത്തെ ഇന്ത്യന്‍ താരം

ന്യൂദല്‍ഹി: ഐസിസി ടെസ്റ്റ് ബാറ്റ്‌സ്മാന്മാരുടെ റാങ്കിങ്ങില്‍ 900 പോയിന്റ് നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന ബഹുമതി വിരാട് കോഹ്‌ലി സ്വന്തമാക്കി. സെഞ്ചൂറിയന്‍ ടെസ്റ്റിനു ശേഷംപുറത്തിറക്കിയ റാങ്കിങ്ങില്‍ കോഹ് ലി 900 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്.

സുനില്‍ ഗവാസ്‌ക്കറാണ് ടെസ്റ്റ് ബാറ്റ്‌സ്മാന്മാരുടെ റാങ്കിങ്ങില്‍ ആദ്യം 900 പോയിന്റു കടന്ന ഇന്ത്യന്‍ താരം. 1979 ലെ റാങ്കിങ്ങില്‍ ഗവാസ്‌ക്കര്‍ 916 പോയിന്റു നേടി. സച്ചിന്‍ ടെന്‍ഡുല്‍ക്കറും രാഹുല്‍ ദ്രാവിഡും തൊള്ളായിരത്തിനടുത്തെത്തിയിട്ടുണ്ട്. 2002 സച്ചിന്‍ 898 പോയിന്റു നേടി. ദ്രാവിഡ് 2005ല്‍ 892 പോയിന്റ് സ്വന്തമാക്കി.

900 പോയിന്റു നേടുന്ന ലോകത്തെ 31-ാം ബാറ്റ്‌സ്മാനാണ് കോഹ്‌ലി. ഓസീസിന്റെ ഡോണ്‍ ബ്രാഡ്മാനാണ് ഏറ്റവും കൂടുതല്‍ പോയിന്റു (961) നേടിയ ബാറ്റ്‌സ്മാന്‍. പുതിയ റാങ്കിങ്ങില്‍ 947 പോയിന്റുമായി ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഓസീസ് ക്യാപറ്റന്‍ സ്റ്റീവ് സ്മിത്താണ് ബ്രാഡ്മാന് തൊട്ടു പിന്നില്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.