പദ്‌മാവതിന്റെ വിലക്ക് നീക്കി

Thursday 18 January 2018 1:45 pm IST

ന്യൂദല്‍ഹി: ബോളിവുഡ് സിനിമ പദ്മാവത് നിരോധിച്ച നാല് സംസ്ഥാനങ്ങളുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടി സിനിമ വിലക്കാനാകില്ലെന്നും ഈ വാദം അംഗീകരിച്ചാല്‍ 60 ശതമാനം സാഹിത്യ സൃഷ്ടികളും വായിക്കാന്‍ സാധിക്കില്ലെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, എ.എം. ഖാന്‍വില്‍ക്കര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി. വിലക്കിനെതിരെ നിര്‍മ്മാതാക്കളാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഈ മാസം 25ന് സിനിമ റിലീസ് ചെയ്യും. കോടതി നടപടിക്കെതിരെ സംസ്ഥാനങ്ങള്‍ അപ്പീല്‍ നല്‍കിയേക്കും.

ഭരണഘടന നല്‍കുന്ന അവകാശങ്ങളുടെ ലംഘനമാണ് നിരോധനം. സിനിമ പുറത്തിറങ്ങുമ്പോള്‍ ക്രമസമാധാനം ഉറപ്പാക്കാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധ്യതയുണ്ടെന്നും കോടതി പറഞ്ഞു. ഗാന്ധിജി വിസ്‌കി കുടിക്കുന്ന തരത്തിലേക്ക് ചരിത്രത്തെ ചിത്രീകരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് സംസ്ഥാനങ്ങള്‍ക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി. സിനിമ ചരിത്രത്തെ വളച്ചൊടിച്ചതാണ്. എന്നാല്‍ ഈ വാദം കോടതി തള്ളി. സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയ സിനിമ നിരോധിക്കുന്നത് ശരിയല്ലെന്ന് വിതരണക്കാര്‍ വാദിച്ചു. 

റാണി പദ്മാവതിയെ അവഹേളിക്കുന്നതും ചരിത്രം വളച്ചൊടിക്കുന്നതുമാണ് സിനിമയെന്നാരോപിച്ച് രജപുത്ര വിഭാഗം പ്രതിഷേധത്തിലാണ്. ഏതാനും ഭാഗങ്ങള്‍ ഒഴിവാക്കിയെങ്കിലും പ്രതിഷേധക്കാര്‍ പിന്മാറിയില്ല. ക്രമമസമാധാന പ്രശ്‌നമായപ്പോഴാണ് രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ്, ഹരിയാന സര്‍ക്കാരുകള്‍ സിനിമ നിരോധിച്ചത്. രജപുത്ര സംഘടനയായ കര്‍ണിസേന പ്രക്ഷോഭം തുടരുകയാണ്. ബിഹാറില്‍ പ്രതിഷേധക്കാര്‍ ഒരു തീയേറ്റര്‍ കത്തിച്ചു. സിനിമ ബഹിഷ്‌കരിക്കണമെന്ന് നേതാവ് ലോകേന്ദ്ര സിങ് കല്‍വി ആവശ്യപ്പെട്ടു. സഞ്ജയ് ലീലാ ബന്‍സാലിയാണ് പദ്മാവതിന്റെ സംവിധാനം. ദീപിക പദുക്കോണും രണ്‍വീര്‍ സിങ്ങും ഷാഹിദ് കപൂറും മുഖ്യവേഷത്തിലെത്തുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.