ഹാഫിസ് സെയ്യുദുള്‍പ്പെടെ 12 പേര്‍ക്കെതിരെ കുറ്റപത്രം

Thursday 18 January 2018 2:39 pm IST

ന്യൂദല്‍ഹി: കശ്മീരില്‍ ഭീകര പ്രവര്‍ത്തനത്തിന് പണമൊഴുക്കിയ കേസില്‍ പാക്കിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടന ലഷ്‌കര്‍ ഇ തയ്ബ തലവന്‍ ഹാഫിസ് സയ്യിദ്, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തലവന്‍ സയ്യദ് സലാഹുദ്ദീന്‍ എന്നിവരുള്‍പ്പെടെ 12 പേര്‍ക്കെതിരെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കുറ്റപത്രം സമര്‍പ്പിച്ചു. 

താഴ്‌വരയെ സംഘര്‍ഷത്തിലാഴ്ത്താന്‍ പാക്കിസ്ഥാനില്‍നിന്നും ഹവാല വഴി കശ്മീരിലേക്ക് പണമെത്തിച്ചതിലെ ബുദ്ധികേന്ദ്രമാണ് സയ്യിദും സലാഹുദ്ദീനും. ഹിസ്ബുള്‍ കമാന്‍ഡറായിരുന്ന ബുര്‍ഹാന്‍ വാനിയെ സൈന്യം കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് കല്ലേറുകാരെ സംഘടിപ്പിക്കാനാണ് പ്രധാനമായും പണമുപയോഗിച്ചത്. ഹുറിയത്ത് കോണ്‍ഫറന്‍സ്, ഹിസ്ബുള്‍ മുജാഹിദ്ദീന്‍, ദുഖ്തരണ്‍ ഇ മിലാദ് തുടങ്ങിയ വിഘടനവാദ-ഭീകരവാദ സംഘടനകളെയും ദല്‍ഹി പാട്യാല ഹൗസ് കോടതിയില്‍ സമര്‍പ്പിച്ച 1279 പേജുള്ള കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. 

കശ്മീരില്‍ സംഘര്‍ഷം നിലനിര്‍ത്താന്‍ പാക്കിസ്ഥാന്‍ പണമൊഴുക്കുന്നതായി നേരത്തെയും അറിവുണ്ടായിരുന്നെങ്കിലും ആദ്യമായാണ് വിശദമായ അന്വേഷണം നടക്കുന്നത്. കഴിഞ്ഞ വര്‍ഷം മെയ് 30ന് കേസെടുത്തു. പ്രമുഖ വ്യവസായി സഹൂര്‍ അഹമ്മദ്, വിഘടനവാദി നേതാവ് ഗീലാനിയുടെ മരുമകന്‍ അല്‍ത്താഫ് അഹമ്മദ് ഷാ, ഹുറിയത്ത് കോണ്‍ഫറന്‍സ് വക്താക്കളായ ഷാഹിദ് ഉള്‍ ഇസ്ലാം, അയസ് അക്ബര്‍, വിഘടനവാദി നയീം ഖാന്‍, ബഷീര്‍ ഭട്ട്, രാജ മെഹ്‌റാജുദ്ദീന്‍ കല്‍വാള്‍ എന്നിവരുള്‍പ്പെടെ പത്ത് പേര്‍ അറസ്റ്റിലായി. മുന്‍ ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് ഭീകരന്‍ ബിട്ട കരാട്ടെ, മാധ്യമ പ്രവര്‍ത്തകന്‍ കമ്രാന്‍ യൂസഫ്, ജാവേദ് അഹമ്മദ് ഭട്ട് എന്നിവരും കുറ്റപത്രത്തിലുണ്ട്. 60 കേന്ദ്രങ്ങളില്‍ പരിശോധന നടത്തി. 950 രേഖകള്‍ പിടിച്ചെടുത്തു. 300 സാക്ഷികളുണ്ട്. ഇന്നലെ കസ്റ്റഡി അവസാനിക്കുന്ന സാഹചര്യത്തിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 

നിരവധി തെളിവുകളും നാല് കുറ്റസമ്മതമൊഴിയും ലഭിച്ചതായി എന്‍ഐഎ പറഞ്ഞു. പാക്കിസ്ഥാനുമായും ഭീകരസംഘടനകളുമായും വിഘടനവാദികള്‍ക്ക് ബന്ധമുണ്ടെന്നതിന്റെ വ്യക്തമായ തെളിവുകളാണ് എന്‍ഐഎക്ക് ലഭിച്ചിരിക്കുന്നത്. കശ്മീരിലെ സംഘര്‍ഷത്തിന് പിന്നില്‍ പാക്കിസ്ഥാനാണെന്ന ഇന്ത്യയുടെ വാദം അന്വേഷണത്തിലൂടെ വീണ്ടും സ്ഥിരീകരിക്കപ്പെട്ടു. 

പണം നല്‍കിയാണ് സൈന്യത്തിനെതിരെ വിഘടനവാദികള്‍ യുവാക്കളെ സംഘടിപ്പിക്കുന്നതെന്നും വ്യക്തമായി. ഭീകരര്‍ക്കും വിഘടനവാദികള്‍ക്കുമെതിരെ സൈന്യം ശക്തമായി തിരിച്ചടിക്കുന്നുണ്ട്. സാമ്പത്തിക ബന്ധം തകര്‍ക്കാന്‍ സാധിച്ചാല്‍ കശ്മീര്‍ സമാധാനത്തിലെത്തുമെന്നാണ് പ്രതീക്ഷ.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.