മേഘാലയയില്‍ കോണ്‍ഗ്രസ് പരുങ്ങലില്‍ ശക്തിപ്പെട്ട് എന്‍ഇഡിഎ

Thursday 18 January 2018 2:41 pm IST

ഷില്ലോങ്: മേഘാലയ തെരഞ്ഞെടുപ്പില്‍ ഫെബ്രുവരി 27 ന് വോട്ടെടുപ്പ് പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് ബിജെപി നേതൃത്വത്തിലുള്ള എന്‍ഇഡിഎ (നോര്‍ത്ത്-ഈസ്റ്റ് ഡെമോക്രാറ്റിക് അലയന്‍സ്) സഖ്യം കൂടുതല്‍ ഉഷാറായി. ഈ മാസമാദ്യമാണ് കോണ്‍ഗ്രസില്‍നിന്ന് അഞ്ചുപേരുള്‍പ്പെടെ എട്ട് എംഎല്‍എമാര്‍ എന്‍ഡിഎയുടെ സംസ്ഥാനത്തെ പ്രാദേശിക പാര്‍ട്ടിയായ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി)യില്‍ ചേര്‍ന്നത്. ബിജെപിയില്‍ രണ്ട് സ്വതന്ത്ര എംഎല്‍എമാരും എന്‍സിപിയുടെ മുന്‍ സംസ്ഥാന അദ്ധ്യക്ഷനും ചേര്‍ന്ന് എന്‍ഡിഎ സഖ്യത്തെ ഭരണത്തിലേക്ക് അടുപ്പിച്ചിരിക്കുകയാണ്. 

ഈ വര്‍ഷം ജനുവരി നാലിനാണ് എട്ട് ഭരണമുന്നണി എംഎല്‍എമാര്‍ രാജിവെച്ച് എന്‍പിപിയില്‍ ചേര്‍ന്നത്. ഇവര്‍ക്കു പുറമേ വനവാസി സ്വയംഭരണ കൗണ്‍സിലുകളിലെ 10 അംഗങ്ങളും എന്‍പിപിയിലെത്തി. മുന്‍ ലോക്‌സഭാ സ്പീക്കര്‍ പി.എ.സങ്മയുടെ മകന്‍ കോണ്‍റാഡ്. കെ. സങ്മയാണ് എന്‍പിപി നേതാവ്. സലേങ്.എ.സങ്മ സംസ്ഥാനത്ത് ശരദ്പവാറിന്റെ എന്‍സിപിയുടെ നേതാവായി പ്രഖ്യാപിച്ചിട്ടുണ്ട്. 

ബിജെപിയുടെ സംസ്ഥാനത്തെ വളര്‍ച്ചയില്‍ കോണ്‍ഗ്രസ്-എന്‍സിപി പാര്‍ട്ടികള്‍ അമ്പരന്ന് നില്‍ക്കുകയാണ്. എംഎല്‍എ സ്ഥാനം പോലും രാജിവച്ചാണ് എന്‍സിപി സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തുനിന്ന് സന്‍ബോര്‍ ഷുള്ളായ് ബിജെപിയില്‍ ചേര്‍ന്നത്. നാല് എംഎല്‍എമാര്‍, മുന്‍ കോണ്‍ഗ്രസ് എംഎല്‍എ അലക്‌സാണ്ടര്‍ എല്‍. ഹെക് എന്നിവരാണ് ഒടുവില്‍ ബിജെപിയില്‍ ചേര്‍ന്ന പ്രമുഖര്‍. എന്‍സിപി സംസ്ഥാന തലവനായിരുന്ന മുന്‍ നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ സന്‍ബോര്‍ ഷുള്ളായി, രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ എന്നിവരുടെ ബിജെപിയിലേക്കുള്ള വരവ് സംസ്ഥാന രാഷ്ട്രീയത്തിഇല്‍ വലിയ മാറ്റമുണ്ടാക്കിയിരുന്നു.

2018 ലെ തെരഞ്ഞെടുപ്പ് 'അച്ഛന്‍ പൂര്‍ണോ എ. സങ്മയുടെ സ്വപ്‌ന സാക്ഷാത്കാരത്തിനുള്ള അവസരമാണ്, പ്രയത്‌നം വേണ്ട പദ്ധതിയാണെങ്കിലും വിജയിക്കുമെന്നാണ് വിശ്വാസ,'മെന്ന് കൊണ്‍റാഡ് സങ്മ പറഞ്ഞു. '' മേഘാലയ മാറ്റം ആഗ്രഹിക്കുന്നു. എന്‍പിപി ആ മാറ്റം കൊണ്ടുവരും. സംസ്ഥാനത്തെ ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി, ക്രിസ്ത്യന്‍, മുസ്ലിം, സിഖ്, സെങ് ഖാസി, സൊങ്‌ഗാരെക് എന്നീ വനവാസി വിഭാഗം എന്നിവര്‍ക്കു വേണ്ടിയാണ് പാര്‍ട്ടി പേരാടുന്നത്,'' എന്‍പിപി വക്താവ് ജെയിംസ് കെ. സങ്മ പറഞ്ഞു.

അറുപതംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 29 സീറ്റാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കിട്ടിയത്. അവരില്‍ അഞ്ചുപേര്‍ പാര്‍ട്ടി വിട്ട് എന്‍പിപിയിലെത്തി. കോണ്‍ഗ്രസിനൊപ്പം നിന്ന സ്വതന്ത്രരില്‍ പലരും ബിജെപിയിലുമെത്തി. എന്‍സിപി സംസ്ഥാനത്ത് 42 സീറ്റുകളില്‍ മത്സരിക്കുമെന്ന് പ്രഫുല്‍ പട്ടേല്‍ പ്രസ്താവിച്ചു. കോണ്‍ഗ്രസിനേയും ബിജെപിയേയും എതിര്‍ക്കുമെന്നും പ്രഖ്യാപിച്ചു. ഇതോടെ ത്രികോണ മത്സരം സംസ്ഥാനത്തുണ്ടായേക്കുമെന്നാണ് സൂചനകള്‍. സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും അതിപ്രദേശിക പാര്‍ട്ടികളും മത്സര രംഗത്തുണ്ടാകും. ഭരണഭൂരിപക്ഷത്തിനുള്ള 31 സീറ്റു നേടുകയാണ് വെല്ലുവിളി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.