ശ്രീജിവിന്റെ മരണം: പൊലീസുകാര്‍ക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍

Thursday 18 January 2018 4:57 pm IST

തിരുവനന്തപുരം: ശ്രീജീവിന്റെ മരണത്തില്‍ ആരോപണ വിധേയരായ പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന് സര്‍ക്കാര്‍ ഹൈക്കാടതിയില്‍. ശ്രീജീവിന്റെ മരണത്തില്‍ ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള നടപടി വിലക്കുന്ന സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ടാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.

ശ്രീജീവിന്റെ സഹോദരന്‍ ശ്രീജിത്ത് നടത്തുന്ന നിരാഹാര സമരം ജനരോഷം വിളിച്ച്‌ വരുത്തുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. ആരോപണ വിധേയരായ പോലീസ് ഉദ്യോഗസ്ഥര്‍ 2016ലാണ് തങ്ങള്‍ക്കെതിരായ നടപടികള്‍ തടയുന്ന സ്റ്റേ ഹൈക്കോടതിയില്‍ നിന്നും വാങ്ങിയത്. ഇതോടെ സര്‍ക്കാരിന് ഇവര്‍ക്കെതിരെ തുടര്‍നടപടിയെടുക്കാന്‍ സാധിക്കാതെ വന്നു. നേരത്തെ തന്നെ സ്റ്റേ നീക്കാന്‍ ഹൈക്കോടതിയെ സമീപിക്കാമായിരുന്നുവെങ്കിലും സര്‍ക്കാര്‍ അത് ചെയ്തിരുന്നില്ല. സര്‍ക്കാര്‍ വ്യാപകമായി വിമര്‍ശിക്കപ്പെടാന്‍ ഇത് കാരണമാവുകയും ചെയ്തു.

മോഷണക്കുറ്റം ആരോപിച്ചാണ് ശ്രീജിവിനെ പോലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോയത്. അടിവസ്ത്രത്തില്‍ സൂക്ഷിച്ച്‌ വിഷം ലോക്കപ്പിലേക്ക് കടത്തിയെന്നും അത് കുടിച്ച്‌ ശ്രീജിവ് ആത്മഹത്യ ചെയ്തുവെന്നുമാണ് പോലീസ് പറയുന്നത്. ശ്രീവിജിനെ പോലീസ് മര്‍ദിച്ച്‌ കൊലപ്പെടുത്തിയതാണ് എന്ന് കാണിച്ച്‌ ശ്രീജിത്ത് പരാതി നല്‍കി. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ അന്നത്തെ പാറശ്ശാല സിഐ ഗോപകുമാരും എസ്‌ഐ ഫിലിപ്പോസും ചേര്‍ന്ന് ശ്രീജിവിനെ മര്‍ദിച്ചതായി പോലീസ് കംപ്ലെയ്‌ന്റ് അതോറിറ്റി കണ്ടെത്തിയിരുന്നു. അതിന് സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ പ്രതാപചന്ദ്രന്റെയും വിജയദാസിന്റെയും സഹായവും കിട്ടി. 

മസഹര്‍ തയ്യാറാക്കിയ എസ്‌ഐ ഡി ബിജു കുമാര്‍ വ്യാജ രേഖയുണ്ടാക്കിയതായും പോലീസ് കംപ്ലെയിന്റ് അതോറിറ്റി കണ്ടെത്തി. എന്നാല്‍ ഇവര്‍ക്കെതിരെ ഇതുവരെയും യാതൊരു നടപടിയുമെടുക്കാന്‍ സാധിച്ചിട്ടില്ല. ഇവരെ ശിക്ഷിക്കണം എന്നാവശ്യപ്പെട്ടാണ് ശ്രീജിത്ത് സമരം ചെയ്യുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.