പി.ജയരാജനെ പുകഴ്ത്തി വീണ്ടും ബോര്‍ഡുകള്‍: പാര്‍ട്ടിക്കുളളില്‍ വീണ്ടും വിവാദം

Thursday 18 January 2018 8:44 pm IST

 

ധര്‍മ്മടം: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വീണ്ടും പി. .ജയരാജനെ പുകഴ്ത്തിക്കൊണ്ടുളള ബോര്‍ഡുകള്‍ ഉയരുന്നു. മറ്റ് പല ദേശീയ നേതാക്കളുടെ ഫോട്ടോ പതിച്ച ബോര്‍ഡുകളും ചിലയിടങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ജില്ലാ സമ്മേളനത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായാണ് പലയിടത്തും ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്.

കണ്ണൂര്‍-തലശേരി ദേശീയപാതയില്‍ തെഴുക്കിലെ പീടികയിലാണ് സമ്മേളനത്തിന്റെ ചുമരെഴുത്തിനൊപ്പം ജില്ലാ സെക്രട്ടറി പി. ജയരാജന്റെ കൂറ്റന്‍ ഫ്‌ളക്‌സും സ്ഥാപിച്ചിട്ടുളളത്. “കണ്ണൂരിന്റെ സൂര്യ തേജസ്’എന്ന കുറിപ്പോടു കൂടിയാണ് ഫഌക്‌സ് സ്ഥാപിച്ചിരിക്കുന്നത്. 

ഇതിനു സമീപമായി സ്ഥാപിച്ച കവാടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി. എസ്.അച്യുതാനന്ദന്‍ എന്നിവരുടെ ചിത്രങ്ങളുമുണ്ട്. ഇതില്‍ മുഖ്യമന്ത്രിയുടെ ചിത്രത്തോട് ചേര്‍ന്ന് പി.ജയരാജന്റെ മറ്റൊരു കൂറ്റന്‍ ചിത്രവും സ്ഥാപിച്ചിട്ടുണ്ട്.

ഫ്‌ളക്‌സ് ഉയര്‍ത്തിയതിലൂടെ പി.ജയരാജന്‍ സ്വയം മഹത്വവത്കരിക്കുന്നെന്ന സംസ്ഥാന കമ്മറ്റിയുടെ വിമര്‍ശനത്തിന് യാതൊരു വിലയുമില്ലെന്ന് കണ്ണൂരിലെ ഒരു വിഭാഗം പാര്‍ട്ടി അണികള്‍ തെളിയിക്കുകയാണ്. വ്യക്തിയല്ല പ്രസ്ഥാനമാണ് വലുതെന്ന പാര്‍ട്ടിയുടെ നയത്തിന് ഇവരുടെ ഇടയില്‍ യാതൊരു വിലയുമില്ലെന്നും ഇതോടെ വ്യക്തമായി.

തളാപ്പ് അമ്പാടിമുക്കില്‍ പി. .ജയരാജനെ ആഭ്യന്തരമന്ത്രിയായും പിണറായി വിജയനെ അര്‍ജുനനായും ജയരാജനെ അര്‍ജുനന്റെ തേര് തെളിക്കുന്ന ശ്രീകൃഷ്ണനായും ചിത്രീകരിച്ചുള്ള ഫഌക്‌സ് നേരത്തെ ഉയര്‍ത്തിയിരുന്നു. ഇതിനു തുടര്‍ച്ചയെന്നോണമാണ് ജില്ലയിലെ പലയിടങ്ങളിലും പി.ജയരാജനെ പ്രകീര്‍ത്തിച്ചുള്ള ബോര്‍ഡുകള്‍ സ്ഥാപിച്ചു തുടങ്ങിയത്. ഇതു കൂടാതെ ജയരാജനെ പ്രശംസിച്ചുള്ള സംഗീത ശില്‍പ്പവും പ്രവര്‍ത്തകര്‍ പുറത്തിറക്കിയിരുന്നു. ഇതെല്ലാമാണ് സംസ്ഥാന കമ്മറ്റിയുടെ വിമര്‍ശനത്തിനിടയാക്കിയത്.

നേതാക്കളെ മഹത്വവല്‍ക്കരിക്കുന്നത് പാര്‍ട്ടിയുടെ കല്‍ക്കത്ത പ്ലീനത്തിന് എതിരാണെന്നു ചൂണ്ടിക്കാട്ടി സംസ്ഥാന കമ്മറ്റി കണ്ണൂര്‍ ജില്ലാ സെക്രട്ടറിക്കെതിരേ 'തെറ്റായ പ്രവണതകള്‍' എന്ന തലക്കെട്ടോടെ തയാറാക്കിയ വിമര്‍ശനാത്മക റിപ്പോര്‍ട്ട് പാര്‍ട്ടിയുടെ കീഴ്ഘടകങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തു കൊണ്ടിരക്കേയാണ് വീണ്ടും പുകഴ്ത്തലുകള്‍ നടന്നുകൊണ്ടിരിക്കുന്നത്. ജില്ലാ സമ്മേളനം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സംസ്ഥാന സമിതി തീരുമാനങ്ങള്‍ക്കെതിരെ നിലകൊളളുന്ന ജില്ലയിലെ പാര്‍ട്ടി നടപടി കടുത്ത വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കുമെന്നാണ് സൂചന.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.