രണ്ട് കിലോ കഞ്ചാവുമായി കാസര്‍കോട് ഗവ.കോളേജിലെ മുന്‍ എസ്എഫ്‌ഐ സെക്രട്ടറിയടക്കം രണ്ടുപേര്‍ അറസ്റ്റില്‍

Thursday 18 January 2018 8:46 pm IST

 

കാസര്‍കോട്: രണ്ട് കിലോഗ്രാം കഞ്ചാവുമായി കാസര്‍കോട് ഗവ. കോളേജിലെ മുന്‍ എസ്എഫ്‌ഐ യൂനിറ്റ് സെക്രട്ടറിയടക്കം രണ്ടുപേരെ കാസര്‍കോട് ടൗണ്‍ സിഐ സി.എ.അബ്ദുല്‍റഹീം അറസ്റ്റ് ചെയ്തു. ഗവ. കോളേജിലെ ബിഎ ഇംഗ്ലീഷ് വിദ്യാര്‍ത്ഥി കണ്ണൂര്‍ ആറളം വെള്ളിമാനത്തെ ഷാന്‍ സെബാസ്റ്റ്യന്‍ (20), മംഗലാപുരം ശ്രീദേവി കോളേജിലെ വിദ്യാര്‍ത്ഥി കണ്ണൂര്‍ കരിക്കോട്ടക്കരി കുമ്മന്തോടിലെ ഡോണാള്‍ഡ് കുഞ്ഞിമോന്‍ (20) എന്നിവരാണ് പിടിയിലായത്. കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച മോട്ടോര്‍ സൈക്കിള്‍ പോലീസ് പിടിച്ചു. കാസര്‍കോട്ട് നിന്നും മംഗലാപുരത്തെ കോളേജിലേക്ക് കഞ്ചാവ് കടത്താനുള്ള ശ്രമത്തിനിടയിലാണ് ഇരുവരും വലയിലായതെന്നാണ് സൂചന. കുമ്പള കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കഞ്ചാവ് തലവന്‍ മുന്നയുടെ ഏജന്റാണ് ഷാനെന്ന് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചതിന് ഷാനെതിരെ മൂന്ന് കേസുകള്‍ നിലവിലുണ്ടെന്നാണ് വിവരം. ഹോസ്റ്റലില്‍ താമസിച്ചാണ് ഷാന്‍ പഠിക്കുന്നത്. ആന്ധ്രയില്‍ നിന്നും ഇടുക്കിയില്‍ നിന്നും വന്‍തോതില്‍ കാസര്‍കോട്ടെത്തുന്ന കഞ്ചാവ് മറ്റു സ്ഥലങ്ങളിലേക്ക് വിതരണം ചെയ്യുന്ന ഏജന്റുമാരില്‍ രണ്ടുപേരാണ് വലയിലായത്. വേറേയും ഏജന്റുമാരെ കിട്ടാനുണ്ടെന്ന് പോലീസ് പറഞ്ഞു. മംഗലാപുരത്തെ കോളേജിലേക്ക് ബൈക്കുകളിലാണ് കഞ്ചാവ് പൊതിയെത്തിക്കുന്നതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

കാസര്‍കോട് ജില്ലയിലെ കലാലയങ്ങള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് നേരത്തെ തന്നെ പോലീസിന് വിവരം ലഭിച്ചിരുന്നു. സ്‌കൂളുകളില്‍ പോലും കഞ്ചാവെത്തിക്കുന്നുണ്ട്. വാടകയ്‌ക്കെടുത്ത കാറുകളില്‍ നിന്നാണ് ആന്ധ്രയില്‍ നിന്നും കഞ്ചാവ് കൊണ്ടു വരുന്നതെന്ന് പോലീസ് പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.