അട്ടപ്പള്ളത്ത് കടകളില്‍ മദ്യവില്‍പ്പന വ്യാപകം

Thursday 18 January 2018 9:00 pm IST
കുമളി: അട്ടപ്പള്ളത്തെ വിദേശമദ്യശാലക്ക് സമീപം പ്രവര്‍ത്തിക്കുന്ന കടകളില്‍ ബാറുകള്‍ക്ക് സമാനമായി രീതിയില്‍ മദ്യവില്‍പ്പന വ്യാപകമെന്ന് ആക്ഷേപം. മേഖലയില്‍ ആക്രമണങ്ങള്‍ തുടരുമ്പോഴും നടപടിയില്ല. കടകളില്‍ മദ്യം വാങ്ങി സ്റ്റോക്ക് ചെയ്തും വാങ്ങിക്കൊണ്ട് വരുന്ന മദ്യം കഴിക്കാനു ഉള്ള സൗകര്യവും ചെയ്തുകൊടുക്കുന്നതായും വ്യാപക പരാതി ഉണ്ട്. മദ്യവില്‍പ്പനശാലയ്ക്ക് അവധിയുള്ള ദിവസങ്ങളിലാണ് അമിത തുകവാങ്ങി ഇവിടങ്ങളില്‍ അധികവും വില്‍പ്പന നടക്കുന്നത്. പോലീസ് എക്‌സൈസ് വകുപ്പുകള്‍ സ്ഥലത്തേക്ക് തിരിഞ്ഞ് നോക്കാറില്ല. ഇതിന് അവസാന ഉദാഹരണമാണ് കഴിഞ്ഞ ദിവസം കത്തിക്കുത്തും വീടുകയറി ആക്രമണവും നടന്നത്. കഴിഞ്ഞ 16ന് രാത്രിയാണ് കുമളി ഒന്നാം മൈലില്‍ കിഴക്കേക്കര വീട്ടില്‍ കെ.ജി രാധാകൃഷണന്‍, ഭാര്യ യമുന എന്നിവരെ അട്ടപ്പള്ളം സ്വദേശിയായ മാര്‍ട്ടിന്‍ ഉള്‍പ്പെട്ട നാലംഗ സംഘം വീടുകയറി മര്‍ദ്ദിച്ചത്. അട്ടപ്പള്ളത്ത് ബിവറേജസ് കോര്‍പ്പറേഷന്റെ ചില്ലറ വില്‍പ്പനശാലയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന രാധാകൃഷ്ണന്റെ കടയിലെത്തി ഒരാഴ്ച മുമ്പ് മദ്യം കഴിക്കാനായി കുടിവെള്ളം വാങ്ങിയെങ്കിലും ഇതിന്റെ പണം ചോദിച്ചിട്ടും നല്‍കിയില്ലെന്നും രാധാകൃഷ്ണന്‍ പറയുന്നു. രാത്രി കടയടച്ച് വീട്ടിലേക്ക് പോകുമ്പോള്‍ മാര്‍ട്ടിനും സംഘവും സ്‌കൂട്ടര്‍ തടഞ്ഞ് നിര്‍ത്തി മര്‍ദ്ദിച്ചു. രക്ഷപ്പെട്ട് വീട്ടിലെത്തിയെങ്കിലും ഇവിടെയുമെത്തി മര്‍ദ്ദിച്ചതായി രാധാകൃഷ്ണന്‍ പറയുന്നു. ഓടി വീടിനുള്ളില്‍ കയറിയതോടെ നാലംഗ സംഘം തന്നെയും ഭാര്യയേയും മര്‍ദ്ദിച്ചതായും ഭാര്യയുടെ വസ്ത്രങ്ങള്‍ വലിച്ചു കീറിയതായും രാധാകൃഷ്ണന്‍ പറഞ്ഞു. ഒച്ചയും ബഹളവും വച്ചതോടെ ഇവര്‍ രക്ഷപെടുകയായിരുന്നു. രാധാകൃഷ്ണനും ഭാര്യയും കുമളി പോലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ ആശുപത്രിയിലേക്ക് പോകാനാണ് നിദ്ദേശിച്ചത്. സംഭവം കഴിഞ്ഞ് രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് പരാതിക്കാരുടെ മൊഴി രേഖപ്പെടുത്താന്‍ പോലീസ് തയ്യാറായത്. മദ്യശാലകളുടെ സമീപത്തെ കടകളിലും സമീപ പ്രദേശങ്ങളിലും ഇരുന്ന് മദ്യപിച്ചതിന് ശേഷം നിരവധി പ്രശ്‌നങ്ങള്‍ ഈ പ്രദേശത്ത് ഉണ്ടായിട്ടും പോലീസ് അറിഞ്ഞഭാവം നടിക്കുന്നില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.