സഹായത്തിന്റെ പേരില്‍ തട്ടിപ്പ്; രണ്ട് പേര്‍ പിടിയില്‍

Thursday 18 January 2018 9:01 pm IST
നെടുങ്കണ്ടം: കുരുന്നിന്റെ ചികിത്സാ സഹായത്തിന്റെ പേരില്‍ തട്ടിപ്പ് നടത്തിയ രണ്ട് പേര്‍ പിടിയില്‍. ഒരാള്‍ രക്ഷപ്പെട്ടു. മണിമല സ്വദേശികളായ കൈത്തുങ്കല്‍ ജോയി, ചാരുവേലില്‍ പുക്കനാംപൊയ്കയില്‍ സുകുമാരന്‍ എന്നിവരാണ് പിടിയിലായത്. പത്തനാപുരം സ്വദേശിയായ കുരുന്നിന്റെ പേരിലാണ് തട്ടിപ്പ് നടത്തിയത്. 10 വയസുകാരനായ കുഞ്ഞിന്റെ ചിത്രവും രോഗ വിവരങ്ങളും അടങ്ങിയ ഫ്ളക്സ് വാഹനത്തില്‍ പതിപ്പിച്ച് പ്രധാന കവലകളില്‍ എത്തി പണ പിരിവ് നടത്തുകയായിരുന്നു ഇവരുടെ രീതി. നെടുങ്കണ്ടം ടൗണില്‍ തട്ടിപ്പ് നടത്തി വരുന്നതിനിടെ ഒരേ ഫ്ളക്സും വിവരണങ്ങളോടും കൂടിയ രണ്ട് വാഹനങ്ങള്‍ ശ്രദ്ധയില്‍ പെട്ടതോടെയാണ് പിടിയിലാവുന്നത്. പത്തനാപുരം സ്വദേശിയായ കുഞ്ഞിനായി മണിമല സ്വദേശികള്‍ പിരിവ് നടത്തുന്നതും സംശയത്തിന് ഇടയാക്കി. ഒരു വാഹനത്തിലുള്ളയാള്‍ രക്ഷപെട്ടു. സ്റ്റേഷനില്‍ എത്തിയ പ്രതികളോട് വിവരങ്ങള്‍ തിരക്കിയപ്പോള്‍ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് അറിയിച്ചത്. പിന്നീട് ഫ്ളക്സില്‍ നല്‍കിയിരിക്കുന്ന ഫോണ്‍ നമ്പറില്‍ പോലിസ് വിളിച്ച് വിവരം അന്വേഷിച്ചെങ്കിലും ഇത്തരത്തില്‍ പിരിവ് നടക്കുന്നതിനെ കുറിച്ച് വിവരം ലഭിച്ചില്ല. ഈ മാസം ആദ്യം മുതല്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ഇത്തരത്തില്‍ തട്ടിപ്പ് നടത്തി വരികയായിരുന്നുവെന്ന് പിടിയിലായവര്‍ പറഞ്ഞു. നെടുങ്കണ്ടത്ത് നിന്ന് 13000 ലധികം രൂപ ഒരു ദിവസത്തെ പിരിവ് കൊണ്ട് ലഭിച്ചുവെന്ന് പോലീസ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.