കറ്റാര്‍വാഴ

Friday 19 January 2018 2:30 am IST

ശാസ്ത്രീയ നാമം : Aloe vera 

സംസ്‌കൃതം : കുമരി, ഗൃഹകന്യക

തമിഴ് :കുമരി

എവിടെകാണാം : ഇന്ത്യയിലുടനീളം കാണാം. ചുമന്ന കറ്റാര്‍വാഴ സേലം ഭാഗങ്ങളില്‍ ഉണ്ടെന്ന് പറയപ്പെടുന്നു. 

പുനരുത്പാദനം: തണ്ട് നട്ട് പുനരുത്പാദിപ്പാം. കറ്റാര്‍വാഴയുടെ ചാറ്  കട്ടിയാക്കി ഉണ്ടാക്കുന്നതാണ് ചെന്നിനായകം. 

ഔഷധ പ്രയോഗം : മുടികൊഴിച്ചില്‍, മറ്റു ശിരോരോഗങ്ങള്‍ എന്നിവ മാറുന്നതിന് കറ്റാര്‍വാഴ ചാറ് പിഴിഞ്ഞ് തലയില്‍ പൊതിഞ്ഞുവയ്ക്കുക. 

വയറുവേദന, അണ്ഡാശയ വീക്കം എന്നിവ മാറുന്നതിന് കറ്റാര്‍വാഴ നീര് അഞ്ച് മില്ലി വീതം ഏഴ് ദിവസം കഴിക്കുക. ഗര്‍ഭിണികള്‍ കറ്റാര്‍വാഴ നീര് കഴിക്കാന്‍ പാടില്ല. 

തീപ്പൊളളല്‍ ഏറ്റാല്‍ കറ്റാര്‍വാഴ അരച്ച് പേസ്റ്റ് രൂപത്തിലാക്കി പൊള്ളലേറ്റ ഭാഗത്ത് തേയ്ക്കുക. ത്വക് രോഗം വന്ന ഭാഗത്തും ഇത് ഉപയോഗിക്കാവുന്നതാണ്. വെളളപ്പാണ്ട് ആരംഭദശയില്‍ ആണെങ്കില്‍ കറ്റര്‍വാഴ അരിഞ്ഞ് ബ്രാണ്ടിയില്‍ ഇട്ടശേഷം ഓരോ കഷ്ണം എടുത്ത് പാണ്ടുള്ള ഭാഗത്ത് ഉരയ്ക്കുക. 

കറ്റാര്‍വാഴ അരിഞ്ഞത് ഏഴ് ദിവസം ബ്രാണ്ടിയില്‍ ഇട്ടുവയ്ക്കുക. ഏഴ് ദിവസത്തിന് ശേഷം കുപ്പി കുലുക്കാതെ ആ ബ്രാണ്ടി കുടിക്കുക. കാന്‍സറിന്റെ ചികിത്സയ്ക്ക് ഫിലിപ്പൈന്‍സിലെ ആദിവാസികള്‍ പറയുന്ന മരുന്നാണിത്. കാന്‍സര്‍ സെല്ലിന്റെ വികസനം തടയാന്‍ കഴിയുമെന്ന് പറയപ്പെടുന്നു. 

കറ്റാര്‍വാഴ, ചങ്ങലംപരണ്ട, മുരിങ്ങാത്തൊലി, ചെഞ്ചല്യം, ചെന്നിനായകം, കോലരക്ക്, കാവിമണ്ണ്, കറുത്ത ഉഴുന്ന് ഇവ സമം എടുത്ത് മുട്ടവെള്ളയില്‍ അരച്ച് ബ്രാണ്ടിയിലോ റമ്മിലോ ചാലിച്ച് തേച്ചാല്‍ ചതവ്, നീര് വീക്കം, അസ്ഥി പൊട്ടല്‍ എന്നിവ നാല് ദിവസം കൊണ്ട് മാറിക്കിട്ടും. കറ്റാര്‍വാഴ കിഴങ്ങ് കഴിക്കുന്നത് ശരീരം പുഷ്ടിപ്പെടുത്തും. 

ഒതളങ്ങ വിഷത്തിന് പ്രതിവിധിയായി കറ്റാര്‍വാഴ, കയ്യുണ്യം, ചെമ്പരത്തിപൂവിന്റെ നീര്, നീലയമരി നീര്, പച്ചമഞ്ഞള്‍ നീര് എന്നിവ 25 മില്ലിവീതം ബ്രാണ്ടിയോ റമ്മോ ചേര്‍ത്ത് കഴിച്ചാല്‍ മതിയാകും. 

കറ്റാര്‍വാഴ നീര്, തേന്‍, പച്ചമഞ്ഞള്‍ നീര്, പുലിച്ചുവടി നീര് ഇവ ഓരോന്നും 50 മില്ലി വീതം കഴിച്ചാല്‍ പേപ്പട്ടി വിഷം മാറുമെന്ന് പ്രാചീന ഗ്രന്ഥങ്ങളില്‍ കാണുന്നു. ലേഖകന്‍ ഇത് പരീക്ഷിച്ചിട്ടില്ല. 

തലയില്‍ തേയ്ക്കുന്ന തൈലത്തിന്: 

കയ്യുണ്യം ഇടിച്ചുപിഴിഞ്ഞ ചാറ്, കറ്റാര്‍വാഴ ചാറ്, ഇഞ്ചിപ്പുല്ല് ഇടിച്ചുപിഴിഞ്ഞ നീര്, കുപ്പമേനി ചാറ്, നെല്ലിക്ക നീര്, നീലയമരി നീര്, ചെമ്പരത്തിപ്പൂ ഇടിച്ചുപിഴിഞ്ഞ നീര്, മൂടില്ലാത്താളി  നീര്, കറുകപ്പുല്ലിന്റെ ചാറ്, കൂവളത്തിന്റെ ഇല ഇടിച്ചുപിഴിഞ്ഞത്, ഞൊട്ടാഞൊടിയന്‍ ഇടിച്ചുപിഴിഞ്ഞ നീര്, ചിറ്റമൃത് ഇടിച്ചുപിഴിഞ്ഞചാറ്, കുടകന്‍ ഇടിച്ചുപിഴിഞ്ഞ ചാറ് ഇവ ഓരോന്നും എണ്ണയ്ക്ക് സമം എടുക്കുക. പേരാലിന്റെ വേര്, ആടുതീണ്ടാപ്പാല, പ്രസാരിണി, നാന്‍മുഖപ്പുല്ല്, ദേവതാരം, കുരുമുളക്, രാമച്ചം, ചന്ദനം, ഇരുവേലി ഇവ ഓരോന്നും 10 ഗ്രാം വീതം എട്ട് ലിറ്റര്‍ വെള്ളത്തില്‍ വെന്ത് ഒരു ലിറ്റര്‍ ആക്കി വറ്റിച്ച് അരിച്ചെടുത്ത് തയ്യാറാക്കി വച്ച മറ്റു നീരുകളുമായി ചേര്‍ക്കുക. കല്‍ക്കത്തിന് ചന്ദനം, നറുനീണ്ടിക്കിഴങ്ങ്, രാമച്ചം, പണലിന്റെ വേരിന്മേല്‍ തൊലി, കറിവേപ്പില, തിപ്പലി, തൃഫല തൊണ്ട് ഇവ ഓരോന്നും ഒരു ലിറ്റര്‍ എണ്ണയ്ക്ക് 10 ഗ്രാം വീതം അരച്ചുകലക്കി അരക്ക് പാകത്തില്‍ തൈലം കാച്ചുക. തൈലം അരിച്ചെടുക്കുന്ന പാത്രത്തില്‍ 10 ഗ്രാം കര്‍പ്പൂരം, 10 ഗ്രാം സാമ്പ്രാണി ഇവ പൊടിച്ച് ചേര്‍ത്ത് സൂക്ഷിച്ചുവയ്ക്കുക. ഈ തൈലം തലയില്‍ തേച്ചാല്‍ മുടി കൊഴിച്ചില്‍, താരന്‍, കഷണ്ടി ഇവ മാറി മുടിക്ക് മിനുസവും കറുപ്പ് നിറവും ഉണ്ടാകും. 

  9446492774

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.