കമലിന്റെ മാത്രം ആമി

Friday 19 January 2018 2:45 am IST
തന്റെ സിനിമയില്‍ നിന്ന് പിന്മാറിയതിന് വിദ്യാബാലനെന്ന വലിയ നടിയുടെ സ്ത്രീത്വത്തെയാണ് കമല്‍ അപമാനിച്ചത്. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ വെള്ളിത്തിരയിലവതരിപ്പിക്കാനൊരുങ്ങുകയാണ് വിദ്യാബാലന്‍. വിദ്യയുടെ അഭിനയത്തില്‍ ലൈംഗികത കലര്‍ത്തുന്ന കമല്‍ അവരിതുവരെ ചെയ്ത കഥാപാത്രങ്ങളെയാകെയും അവഹേളിക്കുന്നു.

1973 ലാണ് മാധവിക്കുട്ടി എന്ന എഴുത്തുകാരി ആത്മകഥയെഴുതി പ്രസിദ്ധീകരിക്കുന്നത്. അവര്‍ക്ക് 39 വയസ്സുള്ളപ്പോള്‍.'എന്റെ കഥ' എന്ന പേരിലിറങ്ങിയ ആ പുസ്തകം വായനാ ലോകത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. 39 വയസ്സുള്ള ഒരു സ്ത്രീ ഇങ്ങനെയൊക്കെ തുറന്നെഴുതാമോ എന്നുള്ളതുതന്നെയായിരുന്നു വിവാദങ്ങള്‍ക്കാധാരം. അതീവ സുന്ദരിയായ മാധവിക്കുട്ടിയുടെ മുഖവുമായി പ്രസിദ്ധീകരിച്ച 'എന്റെ കഥ' വളരെ പെെട്ടന്നുതന്നെ  വിറ്റുപോകാനും ആ വിവാദം കാരണമായി. മാധവിക്കുട്ടി സ്വന്തം ജീവിതത്തെക്കുറിച്ചും കുടുംബത്തെകുറിച്ചും ഭര്‍ത്താവിനെക്കുറിച്ചും എഴുത്തിനെക്കുറിച്ചുമെല്ലാം തുറന്നുപറയുകയായിരുന്നു അതിലൂടെ. സ്വന്തം കഥ എന്ന് അവകാശപ്പെടുമ്പോഴും 'എന്റെ കഥ'യിലെ പലതിലും അവിശ്വസനീയതയും അതിഭാവുകത്വവും ഏറെയായിരുന്നു. ആത്മകഥയെന്നതിലുപരി എല്ലാ ചേരുവകളുമൊത്തുചേര്‍ന്ന് വായനക്കാരനെ ആസ്വദിപ്പിക്കുകയും അവിശ്വസിപ്പിക്കുകയും ചെയ്യുന്ന ഒരു നോവല്‍പോലെയാണ് മാധവിക്കുട്ടി എഴുതിയത്. 

പ്രണയത്തിനുവേണ്ടിയുള്ള ഒരു സ്ത്രീയുടെ ഭാവനാത്മകമായ സാഹസിക യാത്രകളുടെ  പ്രതിഫലനമായിരുന്നു 'എന്റെകഥ'യെന്നാണ് നിരൂപകര്‍ വാഴ്ത്തിയത്. മാധവിക്കുട്ടി എഴുത്തുകാരിയെന്ന നിലയില്‍ അടയാളപ്പെടുത്തിയെങ്കിലും പ്രശസ്തിയിലേക്കുള്ള ചുവടുവയ്പ്പ് ആരംഭിച്ചത് 'എന്റെകഥ' പുറത്തുവന്നതിനു ശേഷമായിരുന്നു. 'എന്റെ കഥ'വായിച്ച് സ്ത്രീകളും പുരുഷന്മാരും അവര്‍ക്ക് പ്രേമലേഖനങ്ങളയച്ചു. അവരെഴുതുന്നതെന്തും തേടിപ്പിടിച്ച് വായിക്കുന്നവരുണ്ടായി. പ്രണയാര്‍ദ്രരായവരും പ്രണയനഷ്ടമുണ്ടായവരും മാധവിക്കുട്ടിയിലേക്കെത്തി. 'എന്റെകഥ' ഹിറ്റായ ശേഷം പത്രാധിപന്മാര്‍ക്കാവശ്യം മാധവിക്കുട്ടിയുടെ വെറും എഴുത്തായിരുന്നില്ല. ഇക്കിളിപ്പെടുത്താന്‍ പോന്നവയായിരുന്നു. എന്നാല്‍ മാധവിക്കുട്ടി എഴുതിയതിലൊന്നും മനഃപ്പൂര്‍വ്വമായി ഇക്കിളി ചേര്‍ക്കുകയായിരുന്നില്ല. വിവാഹ ജീവിതത്തിലെ യാഥാസ്ഥിതിക ചട്ടക്കൂടുകളെയും പൊരുത്തക്കേടുകളെയും ചോദ്യം ചെയ്യുകയും അമിതലൈംഗികത, ഏകാന്തത, കാത്തിരിപ്പ് തുടങ്ങിയവയെ എഴുതാനുള്ള വിഷയങ്ങളാക്കുകയുമായിരുന്നു അവര്‍.

'പ്രണയത്തെ' മാധവിക്കുട്ടി വളരെയധികം പ്രണയിച്ചു. 17 പുരുഷന്മാര്യേനേം, 12 സ്ത്രീകളെയും, ആറ് കുട്ട്യേളെയും, മൂന്ന് നായ്ക്കളേം, ഒരു പൂച്ച്യേം, രണ്ട് തത്തകളേം പ്രണയിച്ചിട്ടുണ്ടെന്ന് മാധവിക്കുട്ടി തന്നെ പറഞ്ഞിട്ടുണ്ട്.  സ്ത്രീയെന്ന പരിമിതികളെല്ലാം മാറ്റിവച്ച് സ്വാതന്ത്ര്യത്തിലാണ് അവര്‍ ജീവിച്ചത്. 'ചന്ദനമരങ്ങള്‍' ഉള്‍പ്പടെയുള്ള രചനകളില്‍ ആ സ്വാതന്ത്ര്യബോധം അനുഭവിക്കാനുമാകുന്നുണ്ട്. 'എന്റെ കഥ'യില്‍ യഥാര്‍ത്ഥ ജീവിതമാണോ സ്വപ്‌നമാണോ എഴുതിയതെന്ന് അറിയില്ലെന്നായിരുന്നു അവര്‍ തന്നെ പറഞ്ഞത്. ആത്മകഥയെന്ന് പറഞ്ഞത് ഇടയ്ക്ക് സ്വപ്‌നമെന്ന് അവര്‍ തിരുത്തുകയും ചെയ്തു. 

സ്വപ്നത്തിനും യാഥാര്‍ത്ഥ്യത്തിനും ഇടയിലൂടെയാണ് മാധവിക്കുട്ടി ജീവിതം പകര്‍ത്തിവച്ചത്. മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന 'ആമി' എന്ന ചലച്ചിത്രവും ആ വഴിക്കാണ് സഞ്ചരിക്കുന്നത്. എന്റെ കഥയെത്തന്നെയാണ് കമലും സിനിമയ്ക്കായി ആധാരമാക്കിയത്. 75-ാം വയസ്സുവരെ സംഭവബഹുലമായ ജീവിതം ജീവിച്ചുതീര്‍ത്ത മാധവിക്കുട്ടിയുടെ കഥപറയാന്‍ 39-ാം വയസ്സില്‍ അവരെഴുതിയ ആത്മകഥയെ അടിസ്ഥാനമാക്കുന്നതിലെ പൊള്ളത്തരം വ്യക്തമാണ്. 1999ലാണ് മാധവിക്കുട്ടി, കമലാസുരയ്യ എന്ന് പേരുമാറ്റി, ഇസ്ലാംമതം സ്വീകരിക്കുന്നത്. മതംമാറ്റത്തിന് പ്രേരകമായ സംഭവങ്ങളും മതം മാറിയശേഷം അവരനുഭവിച്ച ദുഃഖങ്ങളും പിന്നീടവര്‍ ആഗ്രഹിച്ച തിരിച്ചുവരവുമെല്ലാം മാധവിക്കുട്ടിയുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ഏടുകളാണ്. മതംമാറ്റത്തിനു പിന്നിലുണ്ടായിരുന്നത് വലിയ ഗൂഢാലോചനയാണെന്ന സത്യം പിന്നീട് പുറത്തുവന്നു. കേരളത്തിലെ ആദ്യത്തെ ലൗജിഹാദിന്റെ ഇരയായി അവര്‍ മാറുകയായിരുന്നു. തനിക്ക് അബദ്ധം പറ്റിയതായി അടുത്ത സുഹൃത്തിനോട്  സങ്കടപ്പെട്ടതും പുറത്തുവന്നു. താന്‍ മരിച്ചാല്‍ പുന്നയൂര്‍ക്കുളത്തെ മണ്ണില്‍ സംസ്‌കരിക്കണമെന്ന അവസാന ആഗ്രഹംപോലും നിറവേറ്റാതെയാണ് തിരുവനന്തപുരം പാളയം പള്ളിയില്‍ മാധവിക്കുട്ടിയെ ഖബറടക്കിയത്. 

എന്റെ കഥയെ അടിസ്ഥാനപ്പെടുത്തിയൊരുക്കുന്ന 'ആമി' സിനിമയില്‍ അവരുടെ ജീവിതത്തിലെ പ്രധാനപ്പെട്ടതും കേരളീയ സമൂഹം അറിയേണ്ടതുമായ വലിയ ചതിയുടെ കഥ ഉണ്ടാകില്ലെന്നത് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. അതിന്റെ പ്രധാന കാരണം സിനിമ സംവിധാനം ചെയ്യുന്നത് കമലാണെന്നതുതന്നെ. മാധവിക്കുട്ടിയുടെ എഴുത്തു ജീവിതം, പ്രിയപ്പെട്ടതുമാത്രമായ ചില ജീവിതാവസ്ഥകള്‍ എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ് സിനിമയെന്ന് കമല്‍ വ്യക്തമാക്കിയിട്ടുണ്ട്. 

ആദ്യം മുതല്‍തന്നെ 'ആമി'യെ വിവാദത്തില്‍ നിര്‍ത്താന്‍ കമല്‍ ശ്രദ്ധിച്ചിരുന്നു. സിനിമയുടെ വിജയം മാത്രമാണദ്ദേഹത്തിന്റെ ലക്ഷ്യത്തിലുള്ളത്. ഏതു വിവാദവും സൃഷ്ടിച്ച് തീയറ്ററില്‍ ആളെക്കയറ്റുക എന്ന ഹീനതന്ത്രമാണ് കമല്‍ പരീക്ഷിക്കുന്നത്. ഏറ്റവുമൊടുവില്‍ നടി വിദ്യാബാലനെതിരായ മോശം പരാമര്‍ശംവരെ ആ ഉദ്ദേശ്യത്തിലുള്ളതാണ്. മാധവിക്കുട്ടിയെ അവതരിപ്പിക്കാന്‍ ആദ്യം വിദ്യാബാലനെയായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ അവര്‍ ചിത്രത്തില്‍ നിന്ന് പിന്മാറുകയും, പകരം മഞ്ജുവാര്യര്‍ ആ സ്ഥാനത്തെത്തുകയും ചെയ്തു. വിദ്യാബാലനാണ് മാധവിക്കുട്ടിയെ അവതരിപ്പിച്ചതെങ്കില്‍ ചിത്രത്തില്‍  ലൈംഗികത കടന്നുവരുമായിരുന്നു എന്നായിരുന്നു കമലിന്റെ പരാമര്‍ശം. വിദ്യാബാലനെ മാത്രമല്ല, മാധവിക്കുട്ടിയേയും കമല്‍ ഇതിലൂടെ അവഹേളിക്കുകയാണുണ്ടായത്. വലിയ പ്രതിഷേധമാണ് കമലിന്റെ പരാമര്‍ശത്തിനെതിരെ ഉണ്ടായത്. അദ്ദേഹം ആഗ്രഹിച്ചതും ആ പ്രതിഷേധംതന്നെയാണ്. 

പത്മാവതി സിനിമയുടെ അനുഭവമായിരിക്കും തന്റെ സിനിമയ്ക്കുമുണ്ടാകാന്‍ പോകുന്നതെന്ന പ്രസ്താവനയും കമല്‍ നടത്തുകയുണ്ടായി. ദേ, എന്റെ സിനിമയെ ആരൊക്കെയോ ചേര്‍ന്ന് എതിര്‍ക്കാന്‍ വരുന്നേ..,രക്ഷിക്കാന്‍ ഓടിവായോ...എന്ന് വിളിച്ചുകൂവുന്നപോലെ. സഞ്‌ജൈ ലീലാ ബന്‍സാലിയുടെ പത്മാവതിക്കെതിരായി ഉണ്ടായ എതിര്‍പ്പുപോലെ വലിയ എതിര്‍പ്പ് ആമിക്കെതിരെയും സൃഷ്ടിക്കാനുള്ള നെട്ടോട്ടത്തിലാണ് കമല്‍. അതിനായാണ് അദ്ദേഹം പലതും പുലമ്പി നടക്കുന്നത്. എതിര്‍പ്പ് ഹിറ്റാക്കി സിനിമ വിജയിപ്പിച്ചെടുക്കുക എന്ന പഴയ തന്ത്രം പയറ്റുകയാണ് കമല്‍. 

മാധവിക്കുട്ടിയുടെ യഥാര്‍ത്ഥ ജീവിതമല്ല കമലിന്റെ സിനിമയെന്നത് വ്യക്തം. കമാലുദ്ദീനെന്ന കമലിന് അത് പറയാനും സാധ്യമല്ല. സത്യസന്ധമായിട്ടാണ് മാധവിക്കുട്ടിയെ അവതരിപ്പിക്കാന്‍ കമല്‍ ഉദ്ദേശിച്ചിരുന്നതെങ്കില്‍ കനേഡിയന്‍ എഴുത്തുകാരിയും ഡോക്യുമെന്ററി സിനിമ നിര്‍മ്മാതാവുമായ  മെറിലി വെയ്‌സ്‌ബോര്‍ഡിന്റെ 'പ്രണയത്തിന്റെ രാജകുമാരി' എന്ന പുസ്തകത്തെയും അദ്ദേഹം ആധാരമാക്കണമായിരുന്നു. ഇസ്ലാമിന്റെ പര്‍ദ്ദയ്ക്കുള്ളില്‍ മനസ്സും ശരിരവും മരവിച്ച് മാധവിക്കുട്ടി അനുഭവിച്ച വീര്‍പ്പുമുട്ടല്‍ കൂട്ടുകാരി കൂടിയായ മെറിലി വെയ്‌സ് ബോര്‍ഡ് വ്യക്തമാക്കുന്നുണ്ട്. മതതീവ്രവാദികള്‍ അവസാനം അവര്‍ക്ക് മരണഭീതിയാണ് നല്‍കിയത്. ഇതെല്ലാം തിരസ്‌കരിച്ചാണ് കമല്‍ സിനിമയുമായി വരുന്നതും വിവാദത്തിന് തിരികൊളുത്തുന്നതും. 

തന്റെ സിനിമയില്‍നിന്ന് പിന്മാറിയതിന് വിദ്യാബാലനെന്ന വലിയ നടിയുടെ സ്ത്രീത്വത്തെ തന്നെയാണ് കമല്‍ അപമാനിച്ചത്. ഇന്ത്യയുടെ ആദ്യത്തെ വനിതാ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ വെള്ളിത്തിരയിലവതരിപ്പിക്കാനൊരുങ്ങുകയാണ് വിദ്യാബാലന്‍. വിദ്യയുടെ അഭിനയത്തില്‍ ലൈംഗികത കലര്‍ത്തുന്ന കമല്‍ അവരിതുവരെ ചെയ്ത കഥാപാത്രങ്ങളെയാകെ അവഹേളിക്കുന്നു.

കമലിനെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങളില്‍ എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ ശാരദക്കുട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചതാണ് ഏറെ പ്രസക്തം. കമലിന് ശാരദക്കുട്ടിയുടെ അഭിപ്രായത്തിനും എത്രയോ താഴെയാണ് സ്ഥാനം. ''അസ്തമയ സൂര്യനെ നോക്കിയിരിക്കുന്ന മാധവിക്കുട്ടിയോട് നീ ഏതു ദൈവത്തെയാണ് ധ്യാനിക്കുന്നത് എന്നു ചോദിച്ചപ്പോള്‍ പറഞ്ഞത്, ഞാനിഷ്ടപ്പെട്ട പുരുഷനുമായി രതിലീലകളാടുന്നത് ഭാവന ചെയ്യുകയാണ് എന്നാണ്. ആ മാധവിക്കുട്ടി ഇരുന്നിടത്ത് കമലിന്റെ പെണ്‍ സങ്കല്‍പത്തെ പിടിച്ചിരുത്തിയാല്‍ അതിന് വല്ലാതെ പൊള്ളും. ലൈംഗികത എന്തെന്നും, സ്‌ത്രൈണത എന്തെന്നും തിരിച്ചറിയാനാകാത്തവര്‍ ഊര്‍ജ്ജവതികളായ ചില സ്ത്രീകളെ നേര്‍ക്കുനേര്‍ കാണുമ്പോള്‍ ഇതുപോലെ പരിഭ്രമമനുഭവിക്കാറുണ്ട്. മിടുക്കരായ പെണ്ണുങ്ങളെ തൊട്ടപ്പോഴൊക്കെ അവര്‍ വിറകൊണ്ടിട്ടുണ്ട്. ഒന്നു കൊതിക്കാന്‍പോലും ധൈര്യമില്ലാതെ, വാപൊളിച്ച് ഈത്തയൊലിപ്പിച്ചു നിന്നിട്ടുണ്ട്. ഒരേസമയം മാധവിക്കുട്ടിയെ ആരാധിക്കുന്നതായി ഭാവിച്ചപ്പോഴും, അവരുന്നയിച്ച സദാചാര പ്രശ്‌നങ്ങളെ പടിക്കു പുറത്തുനിര്‍ത്തി തങ്ങളുടെ ഭീരുത്വം ഇക്കൂട്ടര്‍ തെളിയിച്ചുകൊണ്ടിരുന്നു. മാധവിക്കുട്ടിയെ ആദ്യമായി സിനിമയിലാക്കാന്‍ ശ്രമിച്ചത് നിര്‍ാഗ്യവശാല്‍് കമല്‍ എന്ന ശരാശരി സംവിധായകനായിപ്പോയി. എടുത്താല്‍ പൊങ്ങാത്ത വികെഎന്നിനെയും മാധവിക്കുട്ടിയേയും ഒക്കെ തൊട്ട് കാല്‍ വഴുതിവീഴുന്നു അദ്ദേഹം. മാധവിക്കുട്ടിയെ 'സിനിമയിലെടുത്തു' എന്ന ആ അന്ധാളിപ്പില്‍നിന്ന് അദ്ദേഹം ഇനിയും പുറത്തു കടന്നിട്ടില്ല. അതാണദ്ദേഹം കുലീനത, നൈര്‍മല്യം, മൂക്കുത്തി, മഞ്ജുവാര്യര്‍ എന്നൊക്കെ പറയുന്നത്. വിദ്യാബാലന്‍ രക്ഷപ്പെട്ടു. മഞ്ജുവാര്യര്‍ പെട്ടു എന്നു പറയുന്നതാകും ശരി.''

കമല്‍ ശരാശരിയിലും താഴ്ന്ന സംവിധായകനാണെന്ന് തെളിയിച്ചുകൊണ്ടേയിരിക്കുന്നു.

e-mail: pradeepthazhava@gmail.com

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.