ചെങ്കോട്ട പിളര്‍ത്തി ബിജെപി

Friday 19 January 2018 2:45 am IST
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 1.54 ശതമാനം വോട്ട് മാത്രമാണ് ബിജെപിക്ക് ലഭിച്ചത്. കാര്യമായൊന്നും ചെയ്യാതെ 2014ല്‍ വോട്ട് 5.70 ശതമാനത്തിലെത്തി. ഇതാണ് ത്രിപുരയില്‍ കേന്ദ്രീകരിക്കാന്‍ പാര്‍ട്ടിയെ പ്രേരിപ്പിച്ചത്. കോണ്‍ഗ്രസ്സിനെ സിപിഎമ്മിന് ബദലായി ജനങ്ങള്‍ കണ്ടിരുന്നില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബിപ്ലവ് ദേബ് 'ജന്മഭൂമി'യോട് പറഞ്ഞു. സിപിഎമ്മിന്റെ അക്രമവും അഴിമതിയും തുറന്നുകാട്ടാന്‍ കോണ്‍ഗ്രസ്സിനായില്ല. രണ്ട് പാര്‍ട്ടികളും ധാരണയിലാണ് പ്രവര്‍ത്തിച്ചത്. കോണ്‍ഗ്രസ് മുക്ത ത്രിപുര യാഥാര്‍ത്ഥ്യമായി. സിപിഎം മുക്ത ത്രിപുരയാണ് ഇനി ലക്ഷ്യം, അദ്ദേഹം വ്യക്തമാക്കി. ആകെ 60 സീറ്റുള്ള ത്രിപുരയില്‍ സിപിഎം-49, സിപിഐ-1, ബിജെപി-7, കോണ്‍ഗ്രസ്-3 എന്നിങ്ങനെയാണ് നിലവില്‍ കക്ഷി നില.

ഭരിക്കുന്ന പാര്‍ട്ടിയുടെ ആഡംബരങ്ങളൊക്കെയുണ്ട് അഗര്‍ത്തലയിലെ സിപിഎം സംസ്ഥാന കമ്മറ്റി ഓഫീസിന്. കേരളവും ബംഗാളും കഴിഞ്ഞാല്‍ ഓഫീസെന്ന് അഭിമാനിക്കാവുന്ന കെട്ടിടം സിപിഎമ്മിന് സ്വന്തമായുള്ളത് ത്രിപുരയിലാണ്. മണ്‍മറഞ്ഞ കമ്യൂണിസ്റ്റ് നേതാക്കളുടെ ചിത്രങ്ങള്‍ക്കൊപ്പം ചുവരിനെ അലങ്കരിച്ച് എകെജിയും. പ്രാദേശിക ചാനലിന്റെ അഭിമുഖം പൂര്‍ത്തിയാക്കി ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി 'ജന്മഭൂമി'യോട് സംസാരിച്ചു. ത്രിപുര ഇത്തവണയും സിപിഎം ഭരിക്കും. ബിജെപി എല്ലാ മാര്‍ഗ്ഗങ്ങളും സ്വീകരിക്കുന്നുണ്ടെങ്കിലും വിലപ്പോവില്ല, അദ്ദേഹം അവകാശപ്പെട്ടു. ബിജെപിയാണ് എതിരാളിയെന്ന് സംസ്ഥാനത്ത് ആദ്യമായി സിപിഎം സമ്മതിക്കുന്നു. ബിജെപിയും സിപിഎമ്മും തമ്മിലാണ് മത്സരമെന്ന് മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ അടുത്തിടെ തുറന്നുപറഞ്ഞു. പരിപാടികളില്‍ ബിജെപിയെ കടന്നാക്രമിക്കാനാണ് നേതാക്കള്‍ സമയം കണ്ടെത്തുന്നത്. 

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് ഇടതുമുന്നണി സംഘടിപ്പിച്ച റാലിയില്‍ പങ്കെടുക്കുന്നതിനാണ് യെച്ചൂരിയെത്തിയത്. റാലിയിലെ പിണറായി വിജയന്റെ അഭാവം ചൂണ്ടിക്കാണിച്ചപ്പോള്‍, അദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രിയല്ലേയെന്നായിരുന്നു യച്ചൂരിയുടെ ചോദ്യം. പിണറായി പങ്കെടുക്കുമെന്ന് പാര്‍ട്ടി പത്രത്തില്‍ വാര്‍ത്തയുണ്ടായിരുന്നെന്ന് പറഞ്ഞപ്പോള്‍ കൂടുതല്‍ പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. കേന്ദ്ര നേതൃത്വത്തിലെ വിഭാഗീയതയില്‍ മണിക് സര്‍ക്കാര്‍ യെച്ചൂരിക്കും, പിണറായി കാരാട്ടിനും ഒപ്പമാണ്. നേരത്തെ പ്രഖ്യാപിച്ചിട്ടും പിണറായിയെ വെട്ടിയതിന് പിന്നില്‍ യെച്ചൂരിയാണെന്ന പ്രചാരണവും പാര്‍ട്ടിക്കുള്ളിലുണ്ട്. വിവേകാനന്ദ മൈതാനം നിറഞ്ഞുകവിഞ്ഞ പ്രവര്‍ത്തകര്‍ സിപിഎം ഭരണം തുടരുമെന്ന പ്രതീതി ജനിപ്പിച്ചു. എന്നാല്‍ ഈ ധാരണകള്‍ തിരുത്തുന്നതായിരുന്നു അമിത് ഷായുടെ ത്രിപുര സന്ദര്‍ശനം. ഒരേദിവസം രണ്ട് റാലിയിലാണ് അദ്ദേഹം പങ്കെടുത്തത്. ഇടത് മുന്നണിയുടെ അഗര്‍ത്തലയിലെ സംസ്ഥാനതല റാലിക്കെത്തിയവരേക്കാള്‍ കൂടുതലാളുകള്‍ രണ്ടിടത്തും ബിജെപി അധ്യക്ഷനെ കേള്‍ക്കാനെത്തി. റെക്കോര്‍ഡ് ജനക്കൂട്ടമെന്ന തലക്കെട്ടില്‍ ഒന്നാം പേജില്‍ പകുതിയോളം ചിത്രം നല്‍കിയാണ് സംസ്ഥാനത്തെ പ്രമുഖ ഇംഗ്ലീഷ് ദിനപത്രം 'ത്രിപുര ടൈംസ്' വാര്‍ത്ത ആഘോഷിച്ചത്. 

 അതിശയിപ്പിക്കുന്ന വേഗത്തിലാണ് ത്രിപുരയില്‍ ബിജെപി വളര്‍ന്നത്. മൂന്നര വര്‍ഷത്തെ കഠിനാധ്വാനത്തിലൂടെ ഗോത്രമേഖലകളിലടക്കം പാര്‍ട്ടി വേരുറപ്പിച്ചു. ആര്‍എസ്എസ്സിനോ മറ്റ് പരിവാര്‍ സംഘടനകള്‍ക്കോ പറയത്തക്ക സ്വാധീനം ഇല്ലാതിരുന്നിടത്ത് ശക്തമായ സംഘടനാ സംവിധാനം രൂപപ്പെടുത്തുകയാണ് ബിജെപി ആദ്യം ചെയ്തത്. ബൂത്ത് മുതല്‍ സംസ്ഥാന തലംവരെ സിപിഎമ്മിനോട് കിടപിടിക്കാവുന്ന സംഘടനാശേഷി നേടിയെടുത്തു. എല്ലാ മണ്ഡലങ്ങളിലും മേല്‍നോട്ടത്തിന് വിസ്താരക (മുഴുവന്‍ സമയ പ്രവര്‍ത്തകന്‍)രെയും, ഗുജറാത്ത് മാതൃകയില്‍ പേജ് പ്രമുഖന്‍മാരെയും നിയമിച്ചു. വിദ്യാഭ്യാസമുള്ള, കാര്യശേഷിയുള്ള പ്രവര്‍ത്തകരാണ് മൂലധനം. സിപിഎമ്മിന്റെ അക്രമങ്ങളെ ചെറുത്തും, ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുത്തും യഥാര്‍ത്ഥ പ്രതിപക്ഷമായി. കേരളത്തിന് ആവേശവും ആത്മവിശ്വാസവും പകരുന്ന ഈ മുന്നേറ്റത്തെ താരതമ്യപ്പെടുത്താന്‍ മറ്റൊരു സംസ്ഥാനമില്ലെന്നതാണ് സത്യം. 

 പത്ത് വര്‍ഷം (1972-1978, 1988-1993) കോണ്‍ഗ്രസ് ഭരിച്ച ത്രിപുര സിപിഎം വിരുദ്ധരുടേതുകൂടിയാണ്. 2013ല്‍ 36.53 ശതമാനം വോട്ടും പത്ത് സീറ്റും പ്രതിപക്ഷമായ കോണ്‍ഗ്രസ്സിന് ലഭിച്ചു. കമ്യൂണിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തിന്റെ സാധ്യത മനസിലാക്കുന്നതില്‍ പരാജയപ്പെട്ടതാണ് കോണ്‍ഗ്രസ്സിന് തിരിച്ചടിയായത്. 2016ല്‍ ബംഗാളില്‍ ഇടതുപക്ഷവുമായി പാര്‍ട്ടി കൈകോര്‍ത്തപ്പോള്‍ ആറ് എംഎല്‍എമാര്‍ സിപിഎം വിരുദ്ധതയുടെ പ്രതിരൂപമായിരുന്ന തൃണമൂല്‍ കോണ്‍ഗ്രസ്സിലേക്ക് ചേക്കേറി. കഴിഞ്ഞ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സിപിഎം പിന്തുണച്ച സ്ഥാനാര്‍ത്ഥിക്ക് വോട്ടുചെയ്യാന്‍ തൃണമൂല്‍ തീരുമാനിച്ചതില്‍ പ്രതിഷേധിച്ച് ഈ എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. സിപിഎമ്മിനെ എതിരിട്ട് പരിവര്‍ത്തനം സാധ്യമാക്കാന്‍ ആരുണ്ട് എന്നതാണ് ത്രിപുരയിലെ ജനങ്ങള്‍ ഉറ്റുനോക്കുന്നത്. ഇവിടേക്കാണ് വികസനത്തിന്റെ മോദി മന്ത്രവുമായി ബിജെപി കടന്നുകയറിയത്. കോണ്‍ഗ്രസ്സും തൃണമൂലും നാമമാത്രമായി. നേതാക്കളും പ്രവര്‍ത്തകരും ബിജെപിയിലെത്തി. ഭരണവിരുദ്ധ വോട്ടുകള്‍ ഭിന്നിക്കുന്ന സാഹചര്യം ഇത്തവണ ഇല്ലെന്നത് സിപിഎമ്മിന്റെ ആശങ്ക വര്‍ദ്ധിപ്പിക്കുന്നു.

 ഗോത്ര വിഭാഗങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ള ഇന്‍ഡിജിനസ് നാഷണലിസ്റ്റ് പാര്‍ട്ടി ഓഫ് ത്രിപുര (ഐഎന്‍പിടി)യുമായി ബിജെപി സഖ്യത്തിനും കളമൊരുങ്ങുന്നു. പ്രത്യേക സംസ്ഥാനം വേണമെന്ന നിലപാട് ഉപേക്ഷിച്ചാല്‍ ഒരുമിച്ച് മത്സരിക്കാമെന്ന് ബിജെപി വ്യക്തമാക്കി. വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്ന സൂചനയാണ് ഐഎന്‍പിടി നല്‍കിയിട്ടുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 1.54 ശതമാനം വോട്ട് മാത്രമാണ് ബിജെപിക്ക് ലഭിച്ചത്. കാര്യമായൊന്നും ചെയ്യാതെ 2014ല്‍ വോട്ട് 5.70 ശതമാനത്തിലെത്തി. ഇതാണ് ത്രിപുരയില്‍ കേന്ദ്രീകരിക്കാന്‍ പാര്‍ട്ടിയെ പ്രേരിപ്പിച്ചത്. കോണ്‍ഗ്രസ്സിനെ സിപിഎമ്മിന് ബദലായി ജനങ്ങള്‍ കണ്ടിരുന്നില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബിപ്ലവ് ദേബ് 'ജന്മഭൂമി'യോട് പറഞ്ഞു. സിപിഎമ്മിന്റെ അക്രമവും അഴിമതിയും തുറന്നുകാട്ടാന്‍ കോണ്‍ഗ്രസ്സിനായില്ല. രണ്ട് പാര്‍ട്ടികളും ധാരണയിലാണ് പ്രവര്‍ത്തിച്ചത്. കോണ്‍ഗ്രസ് മുക്ത ത്രിപുര യാഥാര്‍ത്ഥ്യമായി. സിപിഎം മുക്ത ത്രിപുരയാണ് ഇനി ലക്ഷ്യം, അദ്ദേഹം വ്യക്തമാക്കി. ആകെ 60 സീറ്റുള്ള ത്രിപുരയില്‍ സിപിഎം-49, സിപിഐ-1, ബിജെപി-7, കോണ്‍ഗ്രസ്-3 എന്നിങ്ങനെയാണ് നിലവില്‍ കക്ഷി നില. 

രാഷ്ട്രീയമാറ്റം സിപിഎമ്മും തിരിച്ചറിഞ്ഞിട്ടുണ്ട്. നേതാക്കളുടെ ഭാഷയും പ്രവര്‍ത്തന ശൈലിയും മാറി. രാമായണവും മഹാഭാരതവുമൊക്കെയാണ് വൈരുദ്ധ്യാത്മിക ഭൗതികവാദത്തിന്റെ വക്താക്കളുടെ പ്രസംഗങ്ങളില്‍ നിറയുന്നത്. ശ്രീരാമന്റെ അശ്വമേധത്തെ ലവനും കുശനും തടുത്തതുപോലെ ത്രിപുര ബിജെപിയുടെ അശ്വമേധം തടയുമെന്നായിരുന്നു അഗര്‍ത്തല റാലിയില്‍ സീതാറാം യച്ചൂരിയുടെ പ്രസംഗം. തെരഞ്ഞെടുപ്പിനെ കുരുക്ഷേത്ര യുദ്ധമായും സിപിഎമ്മിനെ പഞ്ചപാണ്ഡവരായും മറ്റൊരു നേതാവ് താരതമ്യപ്പെടുത്തി. അടുത്തിടെ ആധ്യാത്മിക പരിപാടിയില്‍ ആദ്യമായി മണിക് സര്‍ക്കാര്‍ പങ്കെടുത്തത് ഇടത് ബുദ്ധിജീവികള്‍ വിമര്‍ശിച്ചെങ്കിലും പാര്‍ട്ടി പിന്തുണച്ചു. ഗുജറാത്തിലെ രാഹുലിന്റെ ക്ഷേത്രസന്ദര്‍ശനം ഓര്‍മ്മിപ്പിക്കുകയാണ് ത്രിപുരയിലെ സിപിഎം നേതാക്കള്‍. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.