ധൂര്‍ത്തടിക്കുന്നവര്‍ ഓര്‍ത്താല്‍ നന്ന്

Friday 19 January 2018 2:30 am IST

ഒരു മുഖ്യമന്ത്രിക്ക് യാത്ര വേണ്ടിവരും. ഔദ്യോഗിക ആവശ്യത്തിന്റെ കൂടെ പാര്‍ട്ടി പരിപാടികളും നടത്തിയേക്കാം. ഇവിടെ ദുരിതനിവാരണത്തിന് കേന്ദ്രത്തിന്റെ പിന്നാലെ നടന്ന് കിട്ടിയ പണം ധൂര്‍ത്തടിക്കുന്നു. ആരെങ്കിലും ചോദിച്ചാല്‍ കഴിഞ്ഞ സര്‍ക്കാര്‍ അങ്ങനെ ചെയ്തില്ലേ എന്നാണ് മറുചോദ്യം.

സംസ്ഥാന സര്‍ക്കാരിന് ശമ്പളം, പെന്‍ഷന്‍ കുടിശിക എന്നിവ കൊടുക്കാന്‍ കഴിയാത്ത സ്ഥിതിയാണ് എന്ന് ധനമന്ത്രി പറയുമ്പോള്‍ മുഖ്യന്‍ ധൂര്‍ത്ത് നടത്തുന്നു. പാര്‍ട്ടിയിലെ വിഭാഗീയത ഇല്ലാതാക്കാന്‍, ഭരണ പരിഷ്‌കാര കമ്മീഷനെ വയ്ക്കുന്നു.

സല്‍ഭരണം കാഴ്ചവയ്ക്കുമെന്നു പറഞ്ഞപ്പോള്‍ ഇത്രമാത്രം ഭരിക്കുമെന്ന് പാവം ജനങ്ങള്‍ കരുതിയിട്ടുണ്ടാവില്ല. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം, പെന്‍ഷന്‍ എന്നിവ പോലും കൊടുക്കാന്‍ കഴിയാത്ത, തൊഴിലാളിസ്‌നേഹംകൊണ്ട് വളര്‍ന്നു വലുതായ മന്ത്രിമാരും ഭരണസിരാകേന്ദ്രത്തിലെ ഏമാന്മാരും ഒന്ന് മനസ്സിലാക്കണം. ഇത് ജനാധിപത്യ രാജ്യമാണ്. അഞ്ച് വര്‍ഷമേ നിങ്ങള്‍ക്ക് ഈ കസേരകളില്‍ ഇരിക്കാന്‍ ജനങ്ങള്‍ അനുമതി തന്നിട്ടുള്ളൂ. അതുകഴിഞ്ഞാല്‍ നിങ്ങള്‍ ഈ പാവം ജനങ്ങളിലേക്ക് ഇറങ്ങിവരേണ്ടിവരുമെന്ന് ഓര്‍മ്മിക്കുന്നത് നന്നായിരിക്കും.

അതോ അടുത്ത തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വരില്ലെന്ന് ബോധ്യമുള്ളതിനാല്‍ പുലരുംവരെ കിട്ടുന്നതെല്ലാം മുടിക്കാം എന്ന് കരുതുന്നുവോ? കാട്ടിലെ തടി തേവരുടെ ആന വലിയെടാ വലി. ശര്‍ക്കരക്കുടത്തില്‍ കൈയിട്ടാല്‍ ആരും നക്കിപ്പോകും. പക്ഷേ കുടത്തില്‍ എന്തെങ്കിലും ബാക്കിവയ്ക്കണം. കേരളത്തിലെ ജനങ്ങള്‍, പത്രമാധ്യമങ്ങള്‍ വഴി നിങ്ങളെ വിലയിരുത്തുന്നുണ്ട് എന്ന് അറിയണം. ഓര്‍ത്താല്‍ നല്ലത്.

ഒ.പി.നമ്പീശന്‍, ഓരനാടത്ത്, മഞ്ചേരി

 

സഞ്ചയനവും അസ്ഥി നിമജ്ജനവും

സഞ്ചയന കര്‍മ്മത്തോടനുബന്ധിച്ച് പരേതന്റെ അസ്ഥിബാക്കികള്‍ വീടിന്റെ കഴുക്കോലില്‍ കെട്ടിയിടുന്നതിന്റെ കാരണമെന്തെന്നറിയാനുള്ള കോട്ടയത്തെ കെ.ബി. ദിവാകരന്‍ നായരുടെ കത്ത്, 'ജന്മഭൂമി' (03-01-2018)യിലൂടെ വായിച്ചിരുന്നു. 'ജന്മഭൂമി'യുടെ ഏതെങ്കിലും വായനക്കാരന്റെ വിവരണത്തിനായി ഞാനും കാത്തിരിക്കുകയായിരുന്നു. എന്നാല്‍ പന്ത്രണ്ടു ദിവസങ്ങള്‍ കഴിഞ്ഞിട്ടും ആരുടെയും വിവരണം അച്ചടിച്ചു കാണാത്തതിനാലാണ് എന്റെ അറിവനുസരിച്ചുള്ള വിവരണം താഴെചേര്‍ക്കുന്നത്.

തപാല്‍, കമ്പിയില്ലാ കമ്പി, ടെലഫോണ്‍ എന്നീ മാധ്യമങ്ങളിലൂടെ സ്വന്തം ബന്ധുവിന്റെ മരണവിവരം അറിയിക്കുവാനായുള്ള സംവിധാനം ഇല്ലാത്ത കാലത്തായിരുന്നു സഞ്ചയനം നടത്തുമ്പോള്‍ അസ്ഥികള്‍ ശേഖരിച്ച് തുണിക്കെട്ടിലാക്കി മരണം സംഭവിച്ചവരുടെ വീടിന് മുന്‍വശത്തുള്ള വൃക്ഷശിഖരത്തില്‍ കെട്ടിതൂക്കുവാനാരംഭിച്ചത്. കൂട്ടുകുടുംബജീവിതം ഏറെക്കുറെ ഇല്ലാതായ കാലഘട്ടം മുതല്‍ക്കാണ് വീടിന്റെ മുന്‍വശത്തെ മൂലയിലെ കഴുക്കോലില്‍ അസ്ഥി തുണിക്കെട്ട് കെട്ടിവയ്ക്കുവാനാരംഭിച്ചത്. അസ്ഥി തുണിക്കെട്ട് കാണുന്ന ബന്ധുക്കള്‍ക്കും അയല്‍വാസികള്‍ക്കും  ആ വീട്ടില്‍ മരണം സംഭവിച്ച വിവരം അങ്ങനെ ലഭിച്ചിരുന്നു. ഈ അസ്ഥികള്‍ 12-ാം അടിയന്തരമോ 16-ാം അടിയന്തരമോ നടക്കുന്ന ദിവസത്തില്‍ ജലാശയത്തില്‍ നിമജ്ജനം ചെയ്തിരുന്നു. അസ്ഥി തുണിക്കെട്ട് വീട്ടുകഴുക്കോലില്‍ കാണുമ്പോള്‍ ആ മരണവീട്ടുകാര്‍ പുലയുള്ളവരാണെന്ന് അകന്ന ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും വിവരം ലഭിച്ചിരുന്നു. എന്നാല്‍ ഇക്കാലത്ത് മരണവിവരം  നിമിഷങ്ങള്‍ക്കകം അറിയിക്കാനുള്ള സംവിധാനം ഉണ്ടെങ്കിലും, പലരും ഇന്നും പഴയ ആചാരം തുടരുന്നു. ഇതില്‍ തെറ്റൊന്നുമില്ല.

ദിവാകരന്‍ നായര്‍ വിവരിച്ച സംവിധാനം ഹിന്ദു നായന്മാരുടെ ഇടയില്‍ മാത്രമല്ല, ഗോവയില്‍നിന്നും കേരളത്തില്‍ അഭയം തേടിയെത്തി ഇവിടെ ജീവിക്കുന്ന ഹിന്ദു ഗൗഡസാരസ്വത ബ്രാഹ്മണരുടെ ഇടയിലും ഉണ്ടെന്ന് അറിയിക്കട്ടെ. ജലാശയം എന്നതില്‍ രാമേശ്വര സമുദ്രം, പ്രയാഗ നദീ സംഗമം എന്നിവയും ഉള്‍പ്പെടുന്നതിനാല്‍, അന്തരിച്ചവന്റെ അടുത്ത ബന്ധുക്കളുടെ (മക്കളുടെ) സമയ സൗകര്യം കണക്കിലെടുത്ത് മരണം കഴിഞ്ഞ് ആദ്യവാര്‍ഷിക ശ്രാദ്ധകര്‍മ്മത്തിനു മുന്‍പ് അവിടെ ചെന്ന് അസ്ഥി നിമജ്ജനം ചെയ്യുന്നു. ഈ കാലതാമസത്തിനിടയ്ക്കും ആ ബ്രാഹ്മണസമൂഹം അസ്ഥി തുണിക്കെട്ട് വീടിന്റെ കഴുക്കോലില്‍തന്നെ കെട്ടി സൂക്ഷിച്ചുവച്ചുവരുന്നുണ്ട്. അന്തരിച്ച ബന്ധുവിനെ മരണശേഷവും ഓര്‍ക്കുവാനായിട്ടാണ് ഈ രീതി ഇന്നും ആചരിച്ചുവരുന്നത്.

വാ. ലക്ഷ്മണപ്രഭു,

എറണാകുളം

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.