ഡോക്ടര്‍മാരുടെയും നേഴ്‌സുമാരുടെയും കുറവ് രോഗീസൗഹൃദ ആശുപത്രികളുടെ ലക്ഷ്യം പിഴയ്ക്കുന്നു

Friday 19 January 2018 2:00 am IST
ആര്‍ദ്രം മിഷന്‍ പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ രോഗീ സൗഹൃദ ആശുപത്രിയുടെ ലക്ഷ്യം പിഴയ്ക്കുന്നു. തെരഞ്ഞെടുത്ത പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി വികസിപ്പിച്ച് കൂടുതല്‍ സമയം രോഗികള്‍ക്ക് സേവനം എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

 

കോട്ടയം: ആര്‍ദ്രം മിഷന്‍ പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ രോഗീ സൗഹൃദ ആശുപത്രിയുടെ ലക്ഷ്യം പിഴയ്ക്കുന്നു. 

തെരഞ്ഞെടുത്ത പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി വികസിപ്പിച്ച് കൂടുതല്‍ സമയം രോഗികള്‍ക്ക് സേവനം എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കൂടാതെ ആശുപത്രിക്ക് പുറത്ത് വീടുകളിലെത്തി രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും കിടപ്പ് രോഗികള്‍ക്ക് പരിചരണം എത്തിക്കുകയും പദ്ധതിയുടെ ഭാഗമായിരുന്നു. എന്നാല്‍ മതിയായ ഡോക്ടര്‍മാരും നേഴ്‌സുമാരും ഇല്ലാത്തത് മൂലം പദ്ധതി താളം തെറ്റിയിരിക്കുകയാണ്. ആവശ്യത്തിന് ഡോക്ടര്‍മാരെ നിയമിക്കാതെ പദ്ധതി തുടങ്ങിയതിനെതിരെ ഡോക്ടര്‍മാരുടെ സംഘടന ആദ്യമേ രംഗത്ത് എത്തിയിരുന്നു. 

    ജില്ലയില്‍ രോഗീ സൗഹൃദ ആശൂപത്രികളായി 11 എണ്ണത്തിനെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഇതില്‍ നാലെണ്ണമാണ് കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയിരിക്കുന്നത്. ബാക്കി ഏഴെണ്ണത്തെ കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തുന്ന ജോലികള്‍ പുരോഗമിക്കുകയാണെന്ന് ജില്ലാ ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. എന്നാല്‍ ഇവിടങ്ങളിലേക്ക് ആവശ്യമായ ഡോക്ടര്‍മാരുടെയും നേഴ്‌സുമാരുടെയും നിയമനമായിട്ടില്ല. 

രോഗീ സൗഹൃദ ആശുപത്രിയില്‍ മൂന്ന് ഡോക്ടര്‍മാരും നാല് നേഴ്‌സുമാരുമാണ് വേണ്ടതെന്നാണ് സര്‍ക്കാര്‍ പറയുന്നത്. രാവിലെയും ഉച്ചകഴിഞ്ഞും ഒപി ഉണ്ടാകും. കൂടാതെ ഫീല്‍ഡ് സന്ദര്‍ശനവും നടത്തണം. ഇക്കാര്യങ്ങള്‍ ചെയ്യണമെങ്കില്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കണമെന്നാണ് ഡോക്ടര്‍മാരുടെ സംഘടന പറയുന്നത്. അതേ സമയം കൂടുതല്‍ ഡോക്ടര്‍മാരെയും നേഴ്‌സുമാരെയും നിയമിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഡോക്ടര്‍മാരുടെ സംഘടന ഈ ആവശ്യം സര്‍ക്കാരിന്റെ മുന്നില്‍ അവതരിപ്പിച്ചുവെങ്കിലും ഫലമുണ്ടായില്ല. ജില്ലയില്‍ ആദ്യം 20-ല്‍ അധികം ആശുപത്രികളെയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്താന്‍ ലക്ഷ്യമിട്ടത്. എന്നാല്‍ ഇത് പിന്നീട് 11 ആയി കുറയ്ക്കുകയായിരുന്നു. 

സര്‍ക്കാര്‍ മേഖലയില്‍ ഡോക്ടര്‍മാരുടെ കുറവുള്ളപ്പോള്‍ ഈ പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാതെ അധിക ജോലിഭാരമാണ് ഏല്പിച്ചിരിക്കുന്നതെന്നാണ് ജീവനക്കാരുടെ സംഘടനകള്‍ പറയുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.