കോടിയേരിയെ പിടികൂടണം

Friday 19 January 2018 2:46 am IST
സിപിഎം നേതാക്കളുടെ രാജ്യവിരുദ്ധ മനോഭാവവും പ്രവര്‍ത്തനങ്ങളും പണ്ടേ സ്ഥിരീകരിക്കപ്പെട്ടതും, അതിനവര്‍ ശിക്ഷിക്കപ്പെട്ടിട്ടുള്ളതുമാണ്. ചൈനയുടെ കാര്യം വരുമ്പോള്‍ സിപിഎമ്മിനെ വിശ്വസിക്കാന്‍ അതിന്റെ ചരിത്രമറിയുന്ന ആര്‍ക്കും കഴിയില്ല. ചൈനയോടുള്ള കൂറുകൊണ്ടാണ് 1964-ല്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്ന് സിപിഎം ഉണ്ടായതുതന്നെ. ഇതിന് തൊട്ടുമുന്‍പ് 1962-ല്‍ ചൈന, ഇന്ത്യയെ ആക്രമിച്ചപ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ചൈനയ്‌ക്കൊപ്പമായിരുന്നു.

സിപിഎമ്മിന്റെ രാജ്യവിരുദ്ധ ചൈനീസ് പക്ഷപാതം ഒരിക്കല്‍ക്കൂടി വെളിപ്പെട്ടിരിക്കുകയാണ്. പാര്‍ട്ടിയുടെ കായംകുളത്തു നടന്ന ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ പ്രസംഗിക്കുമ്പോള്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ചൈനയോടാണ് തങ്ങള്‍ക്ക് കൂറെന്ന് തുറന്നുപ്രഖ്യാപിച്ചത്. ഇന്ത്യ, ചൈനയെ വളഞ്ഞിട്ടാക്രമിക്കുകയാണെന്നും, അമേരിക്കയും സഖ്യകക്ഷികളും ചേര്‍ന്ന് ചൈനക്കെതിരെ പ്രവര്‍ത്തിക്കുമ്പോള്‍ ഇന്ത്യ അതിന് കൂട്ടുനില്‍ക്കുകയാണെന്നുമുള്ള കോടിയേരിയുടെ പരാമര്‍ശം അത്യന്തം ഗുരുതരമാണ്. സംഭവം വിവാദമായിട്ടും ചൈനയെ അനുകൂലിക്കുന്ന നിലപാടില്‍ കോടിയേരി ഉറച്ചുനില്‍ക്കുകയാണ്. സാമ്രാജ്യത്വ പക്ഷപാതികളാണ് തനിക്കെതിരെ രംഗത്തുവരുന്നതെന്ന് പരാതിപ്പെടുകയും ചെയ്യുന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയെന്ന നിലയ്ക്ക് കോടിയേരിയുടെ നിലപാട് പാര്‍ട്ടിയുടേതുമാണ്. കോടിയേരി പറഞ്ഞത് ശരിയല്ലെന്ന് സിപിഎം ഔദ്യോഗികമായോ മറ്റെതെങ്കിലും നേതാക്കളോ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

സിപിഎം നേതാക്കളുടെ രാജ്യവിരുദ്ധ മനോഭാവവും പ്രവര്‍ത്തനങ്ങളും പണ്ടേ സ്ഥിരീകരിക്കപ്പെട്ടതും, അതിനവര്‍ ശിക്ഷിക്കപ്പെട്ടിട്ടുള്ളതുമാണ്. ചൈനയുടെ കാര്യം വരുമ്പോള്‍ സിപിഎമ്മിനെ വിശ്വസിക്കാന്‍ അതിന്റെ ചരിത്രമറിയുന്ന ആര്‍ക്കും കഴിയില്ല. ചൈനയോടുള്ള കൂറുകൊണ്ടാണ് 1964-ല്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്ന് സിപിഎം ഉണ്ടായതുതന്നെ. ഇതിന് തൊട്ടുമുന്‍പ് 1962-ല്‍ ചൈന, ഇന്ത്യയെ ആക്രമിച്ചപ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ചൈനയ്‌ക്കൊപ്പമായിരുന്നു. ചെമ്പട ഇന്ത്യയിലേക്ക് കടന്നുകയറുമ്പോള്‍ അവരെ സഹായിക്കാന്‍ ഇന്ത്യന്‍ സൈന്യത്തില്‍ നുഴഞ്ഞുകയറി പ്രത്യേക സേനയുണ്ടാക്കാനും  അന്ന് പാര്‍ട്ടി ശ്രമിച്ചിരുന്നു. ഇത്തരം രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുവേണ്ടി കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളില്‍ പലരെയും അന്ന് കേന്ദ്രസര്‍ക്കാര്‍ ജയിലിലടച്ചതാണ്. യുദ്ധം അവസാനിച്ചശേഷവും വളരെക്കഴിഞ്ഞാണ് ഇക്കൂട്ടരെ മോചിപ്പിച്ചത്. ഭൂട്ടാന്‍ അതിര്‍ത്തിയിലെ ദോക്‌ലാമില്‍ ചൈനീസ് സൈന്യം ഇന്ത്യക്കെതിരെ നിലയുറപ്പിച്ചപ്പോള്‍ ചൈനക്കൊപ്പമായിരുന്നു സിപിഎം. ഇക്കാലത്ത് ചൈനീസ് പ്രതിനിധി സിപിഎമ്മിന്റെ ദല്‍ഹിയിലെ കേന്ദ്ര ഓഫീസിലെത്തി 'പാരിതോഷികം' നല്‍കിയതും വിവാദമായി. 

ഇന്ത്യന്‍ സൈനികര്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവരാണെന്നു പറഞ്ഞ് വിവാദത്തിലകപ്പെട്ട കോടിയേരി, അതിനെതിരെ നിയമനടപടി വരുമെന്നായപ്പോള്‍ താന്‍ അങ്ങനെയല്ല ഉദ്ദേശിച്ചതെന്ന് പറഞ്ഞ് തലയൂരുകയായിരുന്നു. അന്താരാഷ്ട്രാ കാര്യങ്ങളില്‍ പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കുകയായിരുന്നു എന്നുപറഞ്ഞ് ഇപ്പോഴത്തെ രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിന് മറയിടാനും കോടിയേരി ശ്രമിക്കുന്നുണ്ട്. കോടിയേരിയുടേത് ഒറ്റപ്പെട്ട പ്രതികരണമായി കാണാനാവില്ല. രാജ്യതാല്‍പ്പര്യത്തെ ഒറ്റുകൊടുത്ത് ചൈനയെ പിന്തുണക്കുന്ന നടപടി ദേശവിരുദ്ധ പ്രവര്‍ത്തനത്തിന്റെ പരിധിയില്‍ വരുന്നതാണ്. ഇതിനെ വിമര്‍ശിക്കുകയല്ല, നിയമ നടപടിയെടുത്ത് രാജ്യദ്രോഹത്തിന് ശിക്ഷിക്കുകയാണ് വേണ്ടത്. പാക്കിസ്ഥാന് അനുകൂലമായി നിരന്തരം പ്രസ്താവനകള്‍ നടത്തിയ ദല്‍ഹിയിലെ ഇമാം ബുഖാരിയെ ഹെലികോപ്ടറിലാക്കി ആ രാജ്യത്ത് കൊണ്ടുപോയി തള്ളണമെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തക തവ്‌ലീന്‍ സിങ് പണ്ട് അഭിപ്രായപ്പെടുകയുണ്ടായി. ചൈനീസ് പ്രേമം അത്ര കലശലായ കമ്യൂണിസ്റ്റ് അഞ്ചാംപത്തികളേയും അതിര്‍ത്തികടത്തണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.