കോഴായില്‍ പ്രജനന കേന്ദ്രം തുടങ്ങി കീടങ്ങളെ കീഴടക്കാന്‍ മിത്രകീടങ്ങള്‍ ഇറങ്ങി

Friday 19 January 2018 2:00 am IST
കാര്‍ഷിക മേഖലയ്ക്ക് എന്നും പേടിസ്വപ്‌നമായിരുന്ന വിവിധ കീടങ്ങളുടെ ഉപദ്രവത്തെ ഇനി ഭയക്കേണ്ടതില്ല.

 

കുറവിലങ്ങാട്: കാര്‍ഷിക മേഖലയ്ക്ക് എന്നും പേടിസ്വപ്‌നമായിരുന്ന വിവിധ കീടങ്ങളുടെ ഉപദ്രവത്തെ ഇനി ഭയക്കേണ്ടതില്ല. 

കോഴായില്‍ മിത്രകീടപ്രജനന കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു.രണ്ട് മാസം കൊണ്ട് 250 ഏക്കര്‍ സ്ഥലത്തെ കൃഷിക്കാവശ്യമായ മിത്ര കീടങ്ങളെ വിതരണം ചെയ്യാന്‍ കേന്ദ്രത്തിനായി. 

  നശീകരണ കീടങ്ങളുടെ വളര്‍ച്ചയെ നിയന്ത്രിക്കാന്‍ മിത്ര പ്രാണികളെ വളര്‍ത്തി അവയുടെ മുട്ടകള്‍ ശേഖരിക്കും. വിരിയാറായ മുട്ടകള്‍ പേപ്പര്‍ കാര്‍ഡില്‍ ശാസ്ത്രീയമായി പതിപ്പിച്ച് കൃഷി സ്ഥലത്ത് പ്രയോഗിക്കും. 

തെങ്ങിന്റെ കുരുത്തോലയിലുണ്ടാകുന്ന പുഴുവിനെ നിയന്ത്രിക്കുന്ന ബ്രാക്കോണ്‍ ബ്രെവിക്കോര്‍ണിസ്, ഗോണിയോസസ് നെഫാന്റിഡിസ്, നെല്ലിന്റെ ഓലച്ചുരട്ടിപ്പുഴുവിനെ നിയന്ത്രിക്കുന്ന ട്രൈക്കോഗ്രാമഫിലോണിസ്, തണ്ടുതുരപ്പനെ നിയന്ത്രിക്കുന്ന ട്രൈക്കോഗ്രാമ ജപ്പോണിക്കം, നെല്ല്, പച്ചക്കറി, മാവ് എന്നിവയിലെ കായീച്ച നിയന്ത്രിക്കുന്ന ഫിറമോണ്‍ ട്രാപ്പുകള്‍ എന്നിവയുടെ പ്രജനനമാണ് നടത്തുന്നത്. 15 ദിവസം കൊണ്ട് വിരിയാറായ മുട്ടകള്‍ വിതരണത്തിന് തയാറാകും. 

    ട്രൈക്കോ ഡേര്‍മ്മ വിറിഡ, വെര്‍ട്ടിസീലിയം, ബീവേറിയ എന്നിവ ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് അടുത്ത സാമ്പത്തികം വര്‍ഷം മുതല്‍ പ്രജനനം ആരംഭിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

വെച്ചൂരിലും കിടങ്ങൂരിലും നെല്‍കൃഷിക്കും പച്ചക്കറി കൃഷിക്കുമാണ് മിത്രകീടങ്ങളെ നല്‍കിയത്. വെച്ചൂരില്‍ നെല്ലിന്റെ ഓലകള്‍ പുഴു ആക്രമിച്ച അവസ്ഥയിലായിരുന്നു. കീടങ്ങളെ വിട്ട് ആഴ്ചകള്‍ക്ക് ശേഷം ഇവയുടെ ശല്യം അവസാനിക്കുകയും പിന്നീട് കീടനാശിനി പ്രയോഗിച്ചിട്ടുമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.