സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ചാകര താലൂക്കാശുപത്രിയിലെ എക്‌സ്‌റേ യൂണിറ്റ് തകരാറില്‍

Friday 19 January 2018 2:00 am IST
താലൂക്ക് ആശുപത്രി നേരിടുന്ന വെല്ലുവിളികളില്‍ ആദ്യത്തേത് എക്‌സ്‌റേ യൂണിറ്റിന്റെ കാലപ്പഴക്കമാണ്. ശരീരത്തില്‍ ഉളുക്കും ചതവുമേറ്റു വരുന്നവര്‍ക്ക് എക്‌സ്‌റേ എടുക്കുവാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശം നല്‍കുമ്പോള്‍ ആശുപത്രിയില്‍ നിന്നും എടുത്താല്‍ ഒടിയാത്ത രോഗിയുടെയും അസ്ഥികള്‍ ഒടിഞ്ഞ തരത്തിലുള്ള ഫലമാണ് ലഭിക്കുന്നത്.

 

വൈക്കം: താലൂക്ക് ആശുപത്രി നേരിടുന്ന വെല്ലുവിളികളില്‍ ആദ്യത്തേത് എക്‌സ്‌റേ യൂണിറ്റിന്റെ കാലപ്പഴക്കമാണ്. ശരീരത്തില്‍ ഉളുക്കും ചതവുമേറ്റു വരുന്നവര്‍ക്ക് എക്‌സ്‌റേ എടുക്കുവാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശം നല്‍കുമ്പോള്‍ ആശുപത്രിയില്‍ നിന്നും എടുത്താല്‍ ഒടിയാത്ത രോഗിയുടെയും അസ്ഥികള്‍ ഒടിഞ്ഞ തരത്തിലുള്ള ഫലമാണ് ലഭിക്കുന്നത്. യൂണിറ്റിന്റെ കാലപ്പഴക്കമാണ് ഇതിനെല്ലാം കാരണം. ഏകദേശം നാല്‍പത് വര്‍ഷത്തെ പഴക്കമുണ്ട് ഇതിന്. ദിനംപ്രതി ആയിരക്കണക്കിന് രോഗികള്‍ എത്തുന്ന ആശുപത്രിയിലെ എക്‌സ്‌റേ യൂണിറ്റ് പുനര്‍നിര്‍മിച്ച് പുതിയ മെഷീനുകള്‍ ഉള്‍പ്പെടെയുള്ള ആധുനിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യം ഉയരാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി.

  യൂണിറ്റിലെ കുഴപ്പങ്ങള്‍ മറ്റ് സ്വകാര്യ എക്‌സ്‌റേ സ്ഥാപനങ്ങള്‍ മുതലാക്കുകയാണ്. ഇവര്‍ക്കെല്ലാം തോന്നുന്ന ഫീസാണ് ഈടാക്കുന്നത്. ദിവസേന ഇരുപതിലധികം രോഗികളെങ്കിലും ആശുപത്രിയിലെ എക്‌സ്‌റേ യൂണിറ്റിനെ ആശ്രയിക്കുന്നുണ്ട്. ഇവരെ താങ്ങാനുള്ള ത്രാണിയൊന്നും ഇപ്പോഴത്തെ യൂണിറ്റിനില്ല. അഞ്ചിലധികം പേരുടെ എക്‌സ്‌റേ എടുത്തുകഴിഞ്ഞാല്‍ പിന്നെ ഫിലിമിന്റെ ക്ലാരിറ്റി കുറയുന്നു. ഇത് രോഗികളെ വലിയ കുഴപ്പത്തിലാണ് കൊണ്ടെത്തിക്കുന്നത്. ഒടിയാത്ത ഭാഗങ്ങള്‍ ഒടിഞ്ഞെന്നു കരുതി ഇവിടെനിന്ന് പ്ലാസ്റ്റര്‍ ഇട്ട് വിട്ടശേഷം തുടര്‍ചികിത്സക്ക് മെഡിക്കല്‍ കോളേജിലും മറ്റ് സ്വകാര്യ ആശുപത്രികളിലും പോകുമ്പോള്‍ ആണ് കുഴപ്പങ്ങള്‍ കണ്ടുപിടിക്കുന്നത്. അതുപോലെ തന്നെ എക്‌സ്‌റേയില്‍ ഒടിഞ്ഞില്ലെന്നു കരുതി വീട്ടിലേക്കുപോകുമ്പോള്‍ കൂടുതല്‍ വേദന അനുഭവപ്പെട്ട് ചികിത്സ തേടുന്ന അവസ്ഥയുമുണ്ട്. ഇവിടെയെല്ലാം രോഗികളുടെ പഴി കേള്‍ക്കുന്നത് നിസ്സഹായരായ ജീവനക്കാരും ഡോക്ടര്‍മാരുമാണ്. 

ആശുപത്രിയുടെ മേല്‍നോട്ടം വഹിക്കുന്ന നഗരസഭ അധികാരികള്‍ വര്‍ഷങ്ങളായി പുതിയ എക്‌സ്‌റേ യൂണിറ്റ് ആരംഭിക്കുവാന്‍ സര്‍ക്കാര്‍തലത്തില്‍ കിണഞ്ഞ് പരിശ്രമിക്കാറുണ്ടെങ്കിലും നാളിതുവരെയായി ഒരു നടപടിയും ഉണ്ടായിട്ടില്ല. ഇക്കാര്യത്തില്‍ ഇടതുവലതു മുന്നണികള്‍ കുറ്റക്കാരാണ്. കാലങ്ങളായി ആശുപത്രിയുടെ നവീകരണത്തിന് കോടികളുടെ ഫണ്ട് വാരിക്കോരി ഒഴുക്കുമ്പോഴാണ് ആശുപത്രിക്കുവേണ്ട അടിസ്ഥാന സൗകര്യങ്ങളെയെല്ലാം അധികാരികള്‍ വിസ്മരിക്കുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.