നികുതി വെട്ടിപ്പ്; വാഹന വകുപ്പിന് നഷ്ടം 50 കോടി

Friday 19 January 2018 2:45 am IST

കാക്കനാട്: പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത ആഡംബര വാഹനങ്ങളുടെ നികുതി വെട്ടിപ്പ് 50 കോടി വരുമെന്ന് ജില്ലാ മോട്ടോര്‍ വാഹനവകുപ്പിന്റെ കണക്ക്് കൂട്ടല്‍. എറണാകുളം ആര്‍ടിഒ, സബ്ബ് ഓഫീസുകളുടെ പരിധിയില്‍ മാത്രം 140 ആഡംബര കാറുകളാണ് സംസ്ഥാനത്തിന് പുറത്ത് രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയത്. 

നികുതി വെട്ടിക്കുന്നതിനായി പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത 60 ആഡംബര വാഹനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയെങ്കിലും ഇതില്‍ പത്ത് വാഹന ഉടമകള്‍ മാത്രമാണ് ഇതിനോടകം നികുതി അടച്ചത്. ഇത് വഴി ഒരു കോടി രൂപയുടെ വരുമാനമാണ് സര്‍ക്കാരിനുണ്ടായത്. നികുതി വെട്ടിച്ച വാഹന ഉടമകളെല്ലാവരും നികുതി അടച്ചാല്‍ 50 കോടി കവിയുമെന്നാണ് അധികൃതരുടെ നിഗമനം. 

സിനിമ നടന്മാരും നടികളും ഉള്‍പ്പെടെയുള്ള വിഐപികളുടെ ആഡംബര വാഹനങ്ങളാണ് സംസ്ഥാനത്തിന് പുറത്ത് രജിസ്റ്റര്‍ ചെയ്ത ശേഷം ഇവിടെ ഉപയോഗിക്കുന്നതായി പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. വര്‍ഷങ്ങളായി തുടരുന്ന നികുതി വെട്ടിപ്പ് മൂലം സംസ്ഥാനത്തിനു കോടികളുടെ നികുതി നഷ്ടം സംഭവിച്ചതായി പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിരുന്നു. 

സംസ്ഥാനത്തിന് പുറത്ത് രജിസ്റ്റര്‍ ചെയ്ത് വെട്ടിപ്പ് നടത്തുന്ന ആഡംബര വാഹനങ്ങള്‍ പിടിച്ചെടുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് ആര്‍ടിഒമാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. നടപടികള്‍ കര്‍ശനമാക്കിയതിനെ തുടര്‍ന്നാണ് ജില്ലയില്‍ പത്ത് വാഹന ഉടമകള്‍ നികുതി അടച്ച് നടപടിയില്‍ നിന്ന് തല്‍കാലം രക്ഷപ്പെട്ടത്. പുതുവര്‍ഷ ആഘോഷത്തിന് വീടുകളില്‍ നിന്ന് പുറത്തിറക്കിയ ആറ് വഹനങ്ങള്‍ അധികൃതര്‍ പിടികൂടിയതിനെ തുടര്‍ന്നാണ് ഉമകളില്‍ ഏതാനും പേര്‍ നികുതി അടച്ചത്. 

കൊച്ചിയിലെ വാഹന ഷോറൂമുകളില്‍ നടത്തിയ പരിശോധനയില്‍ ആഡംബര വാഹനങ്ങള്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് ശേഷം സംസ്ഥാനത്ത് ഉപയോഗിക്കുന്നതായി മോട്ടോര്‍ വെഹിക്കള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ നടത്തിയ പരിശോധയില്‍ കണ്ടെത്തി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.