സിപിഎം ജില്ലാ സമ്മേളനം; ഭൂമാഫിയ ക്വൊട്ടേഷന്‍ ബന്ധമുള്ളവരെ കമ്മറ്റിയില്‍ നിന്ന് ഒഴിവാക്കാനായില്ല

Friday 19 January 2018 2:45 am IST

കൊച്ചി: ഭൂമാഫിയ, ബ്ലെയ്ഡ്, ക്വൊട്ടേഷന്‍ ബന്ധമുള്ളവരെ പാര്‍ട്ടി ചുമതലയില്‍ നിന്ന് ഒഴിവാക്കുമെന്ന പാര്‍ട്ടി റിപ്പോര്‍ട്ട് നടപ്പാക്കാനായില്ല. പാര്‍ട്ടി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ക്രിമിനല്‍ സംഘങ്ങളുമായി ഒരു ബന്ധവും പാടില്ലെന്നാണ് സിപിഎം ജില്ലാ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. ഇത്തരത്തിലുളളവര്‍ പാര്‍ട്ടിയില്‍ കടന്നുകൂടാന്‍ പാടില്ലെന്നും അവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയുണ്ടാകുമെന്നും പിണറായി പറഞ്ഞിരുന്നു. എന്നാല്‍ ഇത്തരക്കാരെ ഒഴിവാക്കാന്‍ പിണറായിയുടെ സാന്നിധ്യത്തില്‍ രൂപീകരിച്ച ജില്ലാകമ്മറ്റിയിലും കഴിഞ്ഞില്ല. സംസ്ഥാന കമ്മറ്റിയംഗങ്ങളുടെ ഇടയിലുള്ള വിഭാഗീയത ഇപ്പോഴും നിലനില്‍ക്കുന്നതായി സംഘടനാ ചര്‍ച്ചയില്‍ പ്രതിനിധികള്‍ ചൂണ്ടികാട്ടി. റിപ്പോര്‍ട്ട് അവതരണത്തിലും ഇക്കാര്യം സൂചിപ്പിച്ചിരുന്നു.

  മറൈന്‍ഡ്രൈവില്‍ നടന്ന സമാപന സമ്മളേനം മുഖ്യമന്ത്രി പിണറായി വിജയന്‍  ഉദ്ഘാടനം ചെയ്തു. കേരള ജനത ഇടതുമുന്നണിയില്‍ അര്‍പ്പിച്ച വിശ്വാസം പൂര്‍ണമായും കാത്തുസൂക്ഷിക്കുമെന്നു പിണറായി വിജയന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ യാതൊരുവിധ ആശങ്കയും വേണ്ട. പ്രകടനപത്രിക പ്രകാരം എല്ലാ പദ്ധതികളും ചിട്ടയോടെ നടപ്പാക്കും. പ്രകടനപത്രികയില്‍ ഒരു വര്‍ഷംകൊണ്ട് നടപ്പിലാക്കുമെന്ന് പറഞ്ഞതെല്ലാം നടപ്പാക്കി കാണിച്ച സര്‍ക്കാരാണിത്. ജനകീയ പദ്ധതികളുമായി മുന്നോട്ടുപോകുന്ന സര്‍ക്കാരിന് കൂടുതല്‍ ജനപിന്തുണയാണാവശ്യം. ഈ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ചവര്‍ക്കൊന്നും നിരാശപ്പെടേണ്ടിവരില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. 

തെരഞ്ഞെടുപ്പില്‍ സിപിഐഎമ്മിന് കോണ്‍ഗ്രസിനൊപ്പം നില്‍ക്കാനാകില്ലേയെന്നാണ് രാഹുല്‍ഗാന്ധി ചോദിക്കുന്നത്. എന്നാല്‍ അതിന് കഴിയില്ലെന്ന് സിപിഎം വ്യക്തമാക്കിയിട്ടുണ്ടന്ന് പിണറായി പറഞ്ഞു. ജില്ലാ സെക്രട്ടറി പി. രാജീവ് അധ്യഷനായി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.