തിരികെ ലഭിച്ച പതക്കം ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കും

Friday 19 January 2018 2:30 am IST

ആലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രത്തിലെ തിരുവാഭരണം മോഷണം പോയ സംഭവത്തില്‍ രൂപമാറ്റം ചെയ്തു തിരികെ കിട്ടിയ പതക്കം ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കും. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന്റെ ടെമ്പിള്‍ ആന്റി തെഫ്റ്റ് സ്‌ക്വാഡിന്റേതാണ് തീരുമാനം. 

കോടതിയില്‍ സൂക്ഷിച്ചിട്ടുള്ള പതക്കം ഫോറന്‍സിക് പരിശോധനയ്ക്കു വിധേയമാക്കണമെന്ന് സംഘം ശുപാര്‍ശ ചെയ്യും. ദേവസ്വം സ്‌ട്രോങ് റൂം തുറന്നു മുഴുവന്‍ തിരുവാഭരണങ്ങളുടെയും അളവും തൂക്കവും എണ്ണവും രേഖപ്പെടുത്താനും ബോര്‍ഡിനോട് ആവശ്യപ്പെടും. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 20നു ദേവസ്വം ബോര്‍ഡ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അമ്പലപ്പുഴ പോലീസ് അന്വേഷണം ആരംഭിച്ചത്. 

 മേയ് 23നാണ് ക്ഷേത്രത്തിലെ രണ്ടു കാണിക്കവഞ്ചികളില്‍ നിന്നായി രൂപമാറ്റം വരുത്തിയ നിലയില്‍ പതക്കം കണ്ടെത്തിയത്. കഴിഞ്ഞ സെപ്തംബര്‍ 15ലെ ഹൈക്കോടതി ഉത്തരവ് പ്രകാരം നവംബര്‍ 20ന് പ്രത്യേകസംഘം അന്വേഷണം ഏറ്റെടുത്തു. 

ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍ ആര്‍. രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം മോഷണം പോയ കാലത്തെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍, മേല്‍ശാന്തി എന്നിവരെ വീണ്ടും ചോദ്യം ചെയ്തു. ദേവസ്വം ഡെപ്യൂട്ടി കമ്മീഷണര്‍ എസ്. രഘുനാഥന്‍ നായരെയും ചോദ്യം ചെയ്യും. സംഭവം നടക്കുമ്പോള്‍ ദേവസ്വം അസി. കമ്മീഷണറായിരുന്നു രഘുനാഥന്‍ നായര്‍.  

 ദേവസ്വം വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ടുകളും ജീവനക്കാരുടെ വീഴ്ചകളും പരിശോധിക്കുന്നുണ്ട്. എസ്‌ഐ എസ്. വിജയന്‍, സിവില്‍ പൊലീസ് ഓഫീസര്‍ വിനോദ് എന്നിവരടങ്ങിയ സംഘം രണ്ടാംഘട്ടം മൊഴിയെടുപ്പ് പൂര്‍ത്തിയാക്കി. അടുത്തയാഴ്ച കൂടുതല്‍ പേരെ ചോദ്യം ചെയ്യും. സംഭവത്തില്‍ പുറത്തുനിന്നുള്ളവര്‍ക്കും പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.