വീണ്ടും സോളാര്‍ തട്ടിപ്പ്

Friday 19 January 2018 2:30 am IST

തിരുവനന്തപുരം: വീണ്ടും സോളാര്‍ തട്ടിപ്പ്. ഉപഭോക്താക്കളെ വഞ്ചിച്ച് കോടികള്‍ തട്ടിയെടുത്തു. തിരുവനന്തപുരം വട്ടപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന ശോഭിതാ ഇലക്‌ട്രോണിക്‌സ് കമ്പനിയാണ് പുതിയ തട്ടിപ്പുമായി രംഗത്തെത്തിയത്. അനര്‍ട്ടിന്റെ സോളാര്‍ പദ്ധതിയുടെ പേരിലാണിത്. സോളാര്‍ പവര്‍ പ്ലാന്റ് സ്ഥാപിച്ചു തരാമെന്ന വ്യവസ്ഥയില്‍ കമ്പനിയുടെ പേരില്‍ അഡ്വാന്‍സായി ലക്ഷങ്ങള്‍ വാങ്ങിയാണ് തട്ടിപ്പ്. 

കമ്പനിയുടെ ഡയറക്ടര്‍മാരായ ഓമനക്കുട്ടന്‍ രാമകൃഷ്ണന്‍, മനു ഓമനക്കുട്ടന്‍ എന്നിവര്‍ക്കെതിരെ തിരുവനന്തപുരം, കണ്ണൂര്‍, കൊല്ലം, കോട്ടയം  ജില്ലകളില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മുന്‍ ഡയറക്ടറായിരുന്ന ഷിബുരാജിനെ കബളിപ്പിച്ച് 2016ല്‍ കമ്പനി തട്ടിയെടുത്തു എന്നതിന് മറ്റൊരു കേസും ഇവര്‍ക്കെതിരെ ഉണ്ട്. 

കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ എംപാനല്‍മെന്റ് ഏജന്‍സിയായി രജിസ്‌ട്രേഷന്‍ ലഭിച്ച കമ്പനിയാണിത്. സോളാര്‍ ജോലികള്‍ക്ക് സബ്‌സിഡി ലഭ്യമാക്കുന്ന കമ്പനി ഷിബുരാജാണ് തുടങ്ങിയത്. സോളാര്‍ മേഖലയില്‍ വന്‍ പദ്ധതികളില്‍ ബിസിനസ് ചെയ്യാനുള്ള ഷിബുവിന്റെ നീക്കം കമ്പനിയുടെ സാമ്പത്തിക തകര്‍ച്ചയ്ക്ക് വഴിതെളിച്ചു. തുടര്‍ന്ന് ഓഹരി ഓമനക്കുട്ടന് കൈമാറി കമ്പനി ട്രാന്‍സ്ഫര്‍ ചെയ്തു. എന്നാല്‍ ഓമനക്കുട്ടന്‍ നല്‍കിയ 20,52,617 രൂപയുടെ ചെക്ക് മടങ്ങി. കൈമാറ്റ സമയത്തെ വ്യവസ്ഥകളും പാലിച്ചില്ല. ഇത് കേസാകുകയും കോടതി വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തു. തുടര്‍ന്ന് ഓമനക്കുട്ടന്‍ ഒളിവില്‍ പോയി. 

അനെര്‍ട്ടിന്റെ സോളാര്‍ പദ്ധതി കിട്ടാന്‍ നിരവധി പേരാണ് ശോഭിതയില്‍ രജിസ്റ്റര്‍ ചെയ്തത്. ലക്ഷങ്ങള്‍ അഡ്വാന്‍സ് നല്‍കിയിട്ടും സോളാര്‍ പാനല്‍ കിട്ടാതായപ്പോള്‍ പരാതിയുമായി പലരും അനെര്‍ട്ടിനെ സമീപിച്ചെങ്കിലും കാര്യമുണ്ടായില്ല. അനര്‍ട്ടിലെ ചില ഉദ്യോഗസ്ഥര്‍ കമ്പനിയെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്ന ആരോപണവും ഉണ്ട്. നിലവിലെ പരാതിക്കാരില്‍ നിന്നുമാത്രമായി രണ്ടുകോടിയിലധികം രൂപ കമ്പനി കൈപ്പറ്റിയിട്ടുണ്ട്. 

ശോഭിതാ കമ്പനിയുടെ ഡയറക്ടര്‍മാര്‍ക്ക് കമ്പനി രജിസ്ട്രാര്‍ അയോഗ്യത കല്‍പിച്ചു. എന്നിട്ടും കമ്പനിയുടെ പേരില്‍ തട്ടിപ്പ് തുടരുന്നതിന് ഉന്നതങ്ങളില്‍ നിന്നുള്ള പിന്‍തുണയുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.