ദ്രാവിഡ മുഖ്യമന്ത്രിമാര്‍ ഒന്നിക്കണമെന്ന് കമല്‍

Thursday 18 January 2018 10:43 pm IST

ചെന്നൈ: രാഷ്ട്രീയപ്രവേശനത്തിന് തയ്യാറെടുക്കുന്ന നടന്‍ കമല്‍ഹാസന്‍ ദ്രാവിഡവാദവുമായി രംഗത്ത്. കേന്ദ്രസര്‍ക്കാരിനു മുന്നില്‍ ശക്തമായ നിലപാടുകള്‍ എടുക്കാന്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ദ്രാവിഡ മുഖ്യമന്ത്രിമാരുടെ കൂട്ടായ്മ വേണമെന്ന വാദവുമായാണ് കമല്‍ രംഗത്തെത്തിയത്.

രാഷ്ട്രീയ പ്രവേശനത്തിന്റെ ഭാഗമായി ഫെബ്രുവരി ഇരുപത്തിയൊന്നിന് കമല്‍ തമിഴ്‌നാട്ടിലുടനീളം യാത്ര ആരംഭിക്കും. രാമനാഥപുരം ജില്ലയില്‍ മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന്റെ വീടിനു മുന്നില്‍ നിന്നാരംഭിക്കുന്ന യാത്രയ്ക്കു മുമ്പ് പാര്‍ട്ടി പ്രഖ്യാപിക്കുമെന്നാണ് കമല്‍ നേരത്തേ അറിയിച്ചത്. 

ഒരു തമിഴ്മാസികയില്‍ എഴുതുന്ന പ്രതിവാരകോളത്തിലാണ് ദ്രാവിഡ വാദമുയര്‍ത്തിയുള്ള രാഷ്ട്രീയമാണ് താന്‍ ലക്ഷ്യം വെയ്ക്കുന്നതെന്ന് കമല്‍ വ്യക്തമാക്കിയത്. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബുനായിഡു, തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരെല്ലാം ദ്രാവിഡന്മാരാണെന്നും അവര്‍ ഒരുമിക്കണമെന്നു നിര്‍ദേശിക്കുന്ന കമല്‍ പക്ഷേ, തമിഴ്‌നാട്ടിലെ മുഖ്യമന്ത്രിയെ ബോധപൂര്‍വം മറന്നുകളഞ്ഞു. 

ഏറ്റവും കൂടുതല്‍ നികുതി നല്‍കുന്ന സംസ്ഥാനങ്ങളിലൊന്നാണ് തമിഴ്‌നാടെന്നും എന്നാല്‍ ഈ നികുതി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുടെ വികസനത്തിനുപയോഗിക്കുകയാണെന്നും ഒരു കൂട്ടുകുടുംബസംവിധാനത്തില്‍ ഇത് ശരിയല്ലെന്നുമുള്ള വാദവും കമല്‍ ഉന്നയിക്കുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.