വ്യാജ വാര്‍ത്താ അവാര്‍ഡുകള്‍ പ്രഖ്യാപിച്ച് ട്രംപ്; പ്രതിഷേധം

Friday 19 January 2018 2:45 am IST
റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ദേശീയ സമിതിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് വ്യാജ വാര്‍ത്താ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. അവാര്‍ഡുകള്‍ ആര്‍ക്കൊക്കെ എന്നറിയാനുള്ള തിരക്കില്‍ വെബ്‌സൈറ്റ് ഏറെ നേരം സ്തംഭിച്ചു.

വാഷിങ്ടണ്‍: വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ മിടുക്കനായ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മറ്റൊരു കൗതുകം അമേരിക്കയില്‍ വന്‍ പ്രതിഷേധമുയര്‍ത്തുന്നു. മാധ്യമങ്ങളോട് തുടക്കം മുതല്‍ മുഖംതിരിച്ചു നില്‍ക്കുന്ന ട്രംപ് വ്യാജ വാര്‍ത്താ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്. 

റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ദേശീയ സമിതിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് വ്യാജ വാര്‍ത്താ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. അവാര്‍ഡുകള്‍ ആര്‍ക്കൊക്കെ എന്നറിയാനുള്ള തിരക്കില്‍ വെബ്‌സൈറ്റ് ഏറെ നേരം സ്തംഭിച്ചു.

ട്രംപ് അധികാരത്തിലെത്തിയ ശേഷം സര്‍ക്കാരിനെതിരെ പ്രസിദ്ധീകരിച്ച വാര്‍ത്തകളില്‍ നിന്നാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. 

ന്യൂയോര്‍ക് ടൈംസിലെ പോള്‍ ക്രുഗ്മാനാണ് ഒന്നാം സ്ഥാനം. ട്രംപ് അധികാരത്തിലിരിക്കുന്നിടത്തോളം അമേരിക്കയിലെ ഓഹരി വിപണി തകര്‍ച്ചയില്‍ നിന്നു കരകയറില്ല എന്നായിരുന്നു പോളിന്റെ റിപ്പോര്‍ട്ട്. എബിസി ന്യൂസിലെ ബ്രയാന്‍ റോസിനു രണ്ടാം സ്ഥാനം നല്‍കി. തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഓഹരിത്തകര്‍ച്ചയെക്കുറിച്ച് ബ്രയാന്‍ വാര്‍ത്ത നല്‍കി എന്നാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ കണ്ടെത്തല്‍.

ട്രംപും മകന്‍ ഡൊണാള്‍ഡ് ജൂനിയര്‍ ട്രംപും തെരഞ്ഞെടുപ്പു സമയത്ത് വിക്കിലീക്‌സില്‍ നിന്ന് രേഖകള്‍ ചോര്‍ത്തി എന്നു വാര്‍ത്ത നല്‍കിയ സിഎന്‍എന്നിന് മൂന്നാം സ്ഥാനം. പ്രസിഡന്റിന്റെ ഓവല്‍ ഓഫിസില്‍ നിന്ന് മാര്‍ട്ടില്‍ ലൂഥര്‍ കിങ് ജൂനിയറിന്റെ പ്രതിമ ട്രംപ് നീക്കം ചെയ്തു എന്നു വാര്‍ത്ത നല്‍കിയ ടൈമാണ് നാലാമത്. ഫ്‌ളോറിഡയിലെ പെന്‍സാകോളയിലെ ട്രംപിന്റെ റാലിയില്‍ ജനപങ്കാളിത്തമില്ല എന്നു റിപ്പോര്‍ട്ടു ചെയ്ത വാഷിങ്ടണ്‍ പോസ്റ്റ് അഞ്ചാമത്. ജനങ്ങള്‍ സമ്മേളനവേദിയിലേക്ക് എത്തിത്തുടങ്ങുന്ന ഘട്ടത്തിലെടുത്ത ചിത്രമാണ് സത്യസന്ധമല്ലാത്ത റിപ്പോര്‍ട്ടര്‍ നല്‍കിയതെന്നും അവാര്‍ഡ് പ്രഖ്യാപന അറിയിപ്പില്‍ പറയുന്നു. 

ഇങ്ങനെ പത്ത് റിപ്പോര്‍ട്ടുകളാണ് ട്രംപിനെതിരായ വ്യാജവാര്‍ത്തകളായി റിപ്പബ്ലിക്കന്‍ പാര്‍ട്ടി തെരഞ്ഞെടുത്തത്. പ്രഖ്യാപനത്തിനു പിന്നാലെ പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ കടുത്ത എതിര്‍പ്പാണ് ഉയര്‍ന്നത്. ട്രംപിന്റെ മാധ്യമങ്ങളോടുള്ള നിലപാട് റഷ്യന്‍ ഭരണാധികാരി ജോസഫ് സ്റ്റാലിനെ ഓര്‍മിപ്പിക്കുന്നു എന്നാണ് പാര്‍ട്ടി സെനറ്റര്‍ ജെഫ് ഫ്‌ളേക് പ്രതികരിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.