സന്തോഷ് ട്രോഫി കേരളത്തിന് തകര്‍പ്പന്‍ ജയം

Thursday 18 January 2018 5:30 pm IST

ബെംഗളൂരു: സന്തോഷ് ട്രോഫി ദക്ഷിണമേഖലാ യോഗ്യതാ റൗണ്ടില്‍  കേരളത്തിന് തകര്‍പ്പന്‍ ജയം. ഗ്രൂപ്പ് ബിയിലെ ആദ്യ കൡയില്‍ മറുപടിയില്ലാത്ത ഏഴ് ഗോളുകള്‍ക്ക് കേരളം ആന്ധ്രാപ്രദേശിനെ തകര്‍ത്തു. കേരളത്തിനായി കെ.പി. രാഹുലും അഫ്ദാലും രണ്ട് ഗോള്‍ വീതം നേടി. സജിത് പൗലോസ്, വിബിന് തോമസ് എന്നിവര് ഓരോ ഗോള്‍ നേടിയപ്പോള്‍ മറ്റൊന്ന് സിംഗംപള്ളി വിനോദിന്റെ സെല്‍ഫ് ഗോളായിരുന്നു.

സജിത്ത് പൗലോസിന്റെ ഗോളിലൂടെയാണ് കേരളം ആദ്യം ലീഡ് നേടിയത്. ജിതിന്റെ ക്രോസില്‍ നിന്നായിരുന്നു ഗോള്‍.  പിന്നീട് അഫ്ദാലിന്റെ പാസില്‍ നിന്ന് രാഹുല്‍. കെ.പി ലീഡ് ഉയര്‍ത്തി. അതിനുശേഷം സിംഗംപള്ളി വിനോദ് സ്വന്തം വലയില്‍ പന്തെത്തിച്ച് കേരളത്തിന്റെ ലീഡ് ഉയര്‍ത്തിനല്‍കി. ഇതോടെ ആദ്യപകുതിയില്‍ കേരളം 3-0ന് മുന്നില്‍.

രണ്ടാം പകുതിയില്‍ നാല് തവണകൂടി കേരള താരങ്ങള്‍ എതിര്‍ വല കുലുക്കി. എം.എസ്. ജിതിന്‍െ ബാക്ക് പാസ് പിടിച്ചെടുത്ത് രാഹുല്‍ കെ.പി. തന്റെ രണ്ടാം ഗോളും ടീമിന്റെ നാലാം ഗോളും നേടി. അടുത്തത് വിപിന്‍ തോമസിന്റെ ഉൗഴമായിരുന്നു. ബോക്‌സിന് പുറത്തുനിന്ന് ലഭിച്ച ഫ്രീകിക്കാണ് വിപിന്‍ വലയിലെത്തിച്ചത് (5-0). അധികം കഴിയും മുന്നേ കേരളം ആറാം ഗോള്‍ സ്വന്തമാക്കി. മുഹമ്മദ് ഷരീഫിന്റെ ക്രോസ് അഫ്ദല്‍ വലയിലെത്തിച്ചു. പിന്നീട് മുഹമ്മദ് ഷരീഫിന്റെ പാസില്‍ നിന്ന് അഫ്ദല്‍ വീണ്ടും ലക്ഷ്യം കണ്ടതോടെ കേരളത്തിന്റെ ഗോള്‍ പട്ടിക പൂര്‍ണ്ണമായി. തിങ്കളാഴ്ച തമിഴ്‌നാടിനെതിരെയാണ് കേരളത്തിന്റെ അടുത്ത കളി.

കഴിഞ്ഞ ദിവസം ഗ്രൂപ്പ് എയിലെ മത്സരത്തില്‍ കര്‍ണ്ണാടകയും മുന്‍ ചാമ്പ്യന്മാരായ സര്‍വ്വീസസും മികച്ച ജയം സ്വന്തമാക്കി. കര്‍ണ്ണാടക മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തെലങ്കാനയെ തോല്‍പ്പിച്ചു. വിജയികള്‍ക്കായി എസ്. രാജേഷ്, ലിറ്റണ്‍ ഷില്‍ എന്നിവര്‍ രണ്ട് ഗോളുകള്‍ വീതം നേടി. ഒരെണ്ണം ഷഹബാസ് ഖാന്റെ വകയും.

സര്‍വ്വീസസ് ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് പുതുച്ചേരിയെ തകര്‍ത്തു. ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമാണ് സര്‍വ്വീസസ് വിജയത്തിലേക്ക് കുതിച്ചത്. അര്‍ജുന്‍ ടുഡു, നാനിഷ് സിങ്, ഗൗതം സിങ് എന്നിവര്‍ സര്‍വ്വീസസിനായി ഗോള്‍ നേടി. ഒരെണ്ണം പുതുച്ചേരി താരം പി. സജിയുടെ സെല്‍ഫായിരുന്നു. പുതുച്ചേരിക്കായി ഗോള്‍ നേടിയത് ജി. കാര്‍ത്തികേയന്‍. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.