പോലീസ് ചോദ്യം ചെയ്തയാള്‍ തൂങ്ങിമരിച്ച നിലയില്‍

Friday 19 January 2018 2:30 am IST

കാഞ്ഞങ്ങാട്: അജാനൂര്‍ വേലാശ്വരത്ത് വീട്ടമ്മയുടെ കഴുത്തില്‍ പ്ലാസ്റ്റിക് കയര്‍ ഞെരിച്ച് സ്വര്‍ണ്ണവും പണവും കവര്‍ന്ന കേസില്‍ പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച പരിസരവാസി ആത്മഹത്യ ചെയ്ത നിലയില്‍. കവര്‍ച്ച നടന്ന വീടിനടുത്ത് ഹോട്ടല്‍ നടത്തുന്ന കുഞ്ഞിക്കണ്ണനെ(51) യാണ് ഇന്നലെ രാവിലെ ഹോട്ടലിന് പിറകിലെ മരത്തില്‍ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. അന്ന് കവര്‍ച്ചയ്ക്കിടയില്‍ പരിക്കേറ്റ ജാനകിയുടെ വീട്ടുമുറ്റത്തെ കിണറിന്റെ കയര്‍ ഉപയോഗിച്ചാണ് തൂങ്ങി മരിച്ചത്.

കുഞ്ഞിക്കണ്ണനെ ഇന്നലെ രാവിലെ ചോദ്യം ചെയ്യാനായി പോലീസ് കാസര്‍കോട്ടേക്ക് വിളിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് ദീപ നഴ്‌സിങ്് ഹോമില്‍ ചികിത്സയില്‍ കഴിയുന്ന ജാനകിയില്‍ നിന്നും കുഞ്ഞിക്കണ്ണന്റെ സാന്നിധ്യത്തില്‍ പോലീസ് മൊഴിയെടുത്തിരുന്നു. സംഭവവുമായി കുഞ്ഞിക്കണ്ണന് ബന്ധമുള്ളതായി അന്വേഷണ സംഘത്തിന് സംശയമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കാസര്‍കോട്ടേക്ക് കൂടുതല്‍ ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്. പോലീസ് വിളിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ കട തുറക്കുന്നില്ലെന്ന് കുഞ്ഞിക്കണ്ണന്‍ വീട്ടുകാരോട് പറഞ്ഞിരുന്നു. 

വേലാശ്വരം സഫ്ദര്‍ഹാശ്മി ക്ലബ്ബിന് സമീപത്ത് താമസിക്കുന്ന റിട്ട. നഴ്‌സിംഗ് അസി. സി വേലായുധന്റെ ഭാര്യയും റിട്ട.നഴ്‌സിംഗ് അസിസ്റ്റന്റുമായ കെ.ജാനകി (65)യാണ്  കഴിഞ്ഞ 15ന് അക്രമത്തിനിരയായത്. പുലര്‍ച്ചെ 5.15 മണിയോടെയാണ് ജാനകിയുടെ കഴുത്തിന് പിന്നില്‍ നിന്ന് പ്ലാസ്റ്റിക് കയറിട്ട് മുറുക്കി ബോധരഹിതയാക്കിയത്.

കവര്‍ച്ചക്ക് പിന്നില്‍ അന്യസംസ്ഥാന തൊഴിലാളികളെപ്പോലും പോലീസ് സംശയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെ അറുപതോളം ആളുകളുടെ വിരലടയാളങ്ങള്‍ ശേഖരിച്ച് വിദഗ്ധ പരിശോധനക്കയച്ചിട്ടുണ്ട്. ഇതിനിടയിലാണ് പോലീസ് സംശയിക്കുകയും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുകയും ചെയ്ത കുഞ്ഞിക്കണ്ണന്‍ ജീവനൊടുക്കിയത്. 

ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍, കാഞ്ഞങ്ങാട് ഡിവൈഎസ്പി കെ. ദാമോദരന്‍, സിഐ സി.കെ.സുനില്‍കുമാര്‍, പ്രിന്‍സിപ്പല്‍ എസ്‌ഐ എ.സന്തോഷ്‌കുമാര്‍, എസ്‌ഐ വിജയന്‍ എന്നിവര്‍ സംഭവസ്ഥലത്തെത്തിഅന്വേഷണം നടത്തി. ഹൊസ്ദുര്‍ഗ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. വേലാശ്വരത്തെ പരേതനായ ഏരോല്‍ രാമന്‍-ഉച്ചിര ദമ്പതികളുടെ മകനാണ്. ഭാര്യ: ലക്ഷ്മി. മക്കള്‍: സുജിത്, സൂരജ്, സായൂജ്. സഹോദരങ്ങള്‍: കാര്‍ത്യായനി, രാജന്‍, മാധവി, നാരായണി, അജയന്‍. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.