തോമസ് ചാണ്ടിയെ രക്ഷിക്കാന്‍ അന്വേഷണ സംഘത്തെ മാറ്റി

Friday 19 January 2018 2:50 am IST

തിരുവനന്തപുരം: കായല്‍ നികത്തലില്‍ മുന്‍മന്ത്രി തോമസ് ചാണ്ടിയെ ഒന്നാം പ്രതിയായി വിജിലന്‍സ് കോടതിയില്‍ എഫ്‌ഐആര്‍ ഇട്ട ദിവസം തന്നെ അന്വേഷണ സംഘത്തെ സര്‍ക്കാര്‍ മാറ്റി. തോമസ് ചാണ്ടിയെ കേസില്‍ നിന്ന് രക്ഷപെടുത്താനുള്ള നഗ്നമായ നീക്കമാണിത്. കേസന്വേഷിച്ചത് കോട്ടയം വിജിലന്‍സ് യൂണിറ്റാണ്. കയ്യേറ്റം നടന്നിട്ടുണ്ടെന്നും ചാണ്ടിക്കെതിരെ കേസെടുക്കണമെന്നുമായിരുന്നു അന്വേഷണ സംഘത്തിന്റെ നിലപാട്.  അതനുസരിച്ച് കോടതിയില്‍ റിപ്പോര്‍ട്ടും നല്‍കി. ഏപ്രില്‍ 19 ന് വിശദ റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി ആവശ്യപ്പെട്ടു. ധൃതിപിടിച്ച് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പുതിയ ടീമിനെ പ്രഖ്യാപിച്ചത്  കേസ് അട്ടിമറിക്കാനെന്ന് വ്യക്തം.

ത്വരിതാന്വേഷണം നടത്തിയ കോട്ടയം യൂണിറ്റിലെ ആരേയും ഉള്‍പ്പെടുത്താതെയാണ് പുതിയ വിജിലന്‍സ് സംഘത്തെ പ്രഖ്യാപിച്ചിരിക്കുന്നത്. എസ്.പി കെ.ഇ.ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ രണ്ട് ഡിവൈഎസ്പിമാരും നാല് സിഐമാരുമാണുമുള്ളത്. 

ചാണ്ടിക്ക് അനുകൂലമായി റിപ്പോര്‍ട്ട് നല്‍കാന്‍ കോട്ടയം യൂണിറ്റിലെ ഉദ്യോഗസ്ഥര്‍ക്കുമേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. അത് ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ നടപടി. സമ്മര്‍ദ്ദത്തിന് വഴങ്ങാതെ ചാണ്ടിയെ പ്രതിയാക്കി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതാണ് സംഘത്തെ മാറ്റാനുള്ള കാരണം. കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുന്‍പ് ഇത്തരമൊരു നീക്കം നടത്തിയാല്‍ കോടതി ഇടപെടുകയും അന്വേഷണ സംഘം തന്നെ തുടരട്ടെയെന്ന് പറയുകയും ചെയ്‌തേനെ. അതൊഴിവാക്കാനാണ് റിപ്പോര്‍ട്ട് നല്‍കിയ ഉടന്‍ സംഘത്തെ മാറ്റം വരുത്തിയത്.

തോമസ് ചാണ്ടിയെ മന്ത്രിക്കസേരയില്‍ വീണ്ടും എത്തിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന് താല്പര്യം. അതിന് കേസില്‍ നിന്നും ചാണ്ടി രക്ഷപെടേണ്ടതുണ്ട്. അത് വേഗത്തിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് അന്വേഷണസംഘമാറ്റം. എന്‍സിപിയിലെ തോമസ് ചാണ്ടിയോ എ.കെ.ശശീന്ദ്രനോ ആരാദ്യം കേസില്‍ നിന്നും മുക്തനാകുമോ അയാളെ മന്ത്രിയാക്കാനാണ് ഇടതുമുന്നണി ധാരണ. ശശീന്ദ്രന്‍ കേസില്‍ നിന്നൊഴിവാകാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ശശീന്ദ്രനെതിരായ പരാതി പിന്‍വലിക്കാമെന്നേറ്റിരുന്ന യുവതി പിന്‍മാറിയതും സിപിഎം സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്നാണ് ആരോപണമുണ്ടായിരുന്നു. ശശീന്ദ്രനെ മന്ത്രിയാക്കുന്നതില്‍ പിണറായി വിജയന് ഒട്ടും താല്പര്യമില്ല എന്നതുതന്നെ കാരണം.

കായല്‍ കയ്യേറ്റം: തോമസ് ചാണ്ടി ഒന്നാം പ്രതി 

കോട്ടയം: ആലപ്പുഴ ലേക്ക് പാലസ് റിസോര്‍ട്ടിലേക്ക് കായല്‍ കയ്യേറി റോഡ് നിര്‍മിച്ചെന്ന കേസില്‍ കോട്ടയം വിജിലന്‍സ് കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചു. മുന്‍ മന്ത്രി തോമസ് ചാണ്ടിയാണ് ഒന്നാം പ്രതി. ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 22 പ്രതികളാണ് ഉള്ളത്. അന്തിമറിപ്പോര്‍ട്ട് മൂന്ന് മാസത്തിനുള്ളില്‍ സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. ഏപ്രില്‍ 19ന് കേസ് വീണ്ടും പരിഗണിക്കും. ഇന്നലെയാണ് വിജിലന്‍സ് എഫ്‌ഐആര്‍ നല്‍കിയത്. 2010-2012 കാലഘട്ടത്തിലെ ആലപ്പുഴ കളക്ടര്‍മാര്‍ രണ്ടാം പ്രതികളാണ്. 

പുതിയ അന്വേഷണ സംഘമായ തിരുവനന്തപുരം വിജിലന്‍സ് യൂണിറ്റിലെ ഡിവൈഎസ്പിയാണ് എഫ്‌ഐആറും അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും സമര്‍പ്പിച്ചത്. അന്വേഷണ സംഘത്തെ മാറ്റിയതില്‍ പരാതിക്കാരനായ അഡ്വ. സുഭാഷ് കോടതിയില്‍ ആക്ഷേപം ഉന്നയിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ ഇടപെടുന്നില്ലെന്ന് കോടതി വ്യക്തമാക്കി. വയല്‍ നികത്തി റോഡ് നിര്‍മിച്ചെന്ന കേസ് പരിഗണിക്കാനിരിക്കേ ഇന്നലെ രാത്രിയിലാണ് വിജിലന്‍സ് സംഘത്തെ മാറ്റി ഉത്തരവിറങ്ങിയത്. കേസ് അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഈ മാറ്റമെന്ന് അഡ്വ. സുഭാഷ് പിന്നീട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.