ജിഎസ്ടി വീണ്ടും നികുതിയിളവ്

Friday 19 January 2018 2:51 am IST

ന്യൂദല്‍ഹി: നാല്‍പ്പത്തൊമ്പത് ഉത്പന്നങ്ങളുടെയും 53 വിഭാഗം സേവനങ്ങളുടെയും നികുതി കുറയ്ക്കാന്‍ ജിഎസ്ടി കൗണ്‍സില്‍ തീരുമാനം. 29 കരകൗശല വസ്തുക്കളുടെ നികുതി ഒഴിവാക്കാനും ദല്‍ഹിയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ജനുവരി 25 മുതല്‍ പുതിയ നികുതി നിലവില്‍ വരും.

റിയല്‍ എസ്‌റ്റേറ്റ് മേഖലയെ ജിഎസ്ടിക്കുള്ളിലാക്കണമെന്ന നിര്‍ദ്ദേശം യോഗം ചര്‍ച്ച ചെയ്തു. എന്നാല്‍ കേരളമുള്‍പ്പെടെ ഏതാനും സംസ്ഥാനങ്ങള്‍ നിര്‍ദ്ദേശത്തെ എതിര്‍ത്തതിനാല്‍ തീരുമാനമെടുത്തിട്ടില്ല. പെട്രോള്‍, ഡീസല്‍ നികുതികള്‍ ജിഎസ്ടിയിലാക്കുന്നത് അടുത്ത യോഗത്തില്‍ ചര്‍ച്ച ചെയ്യും. കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അധ്യക്ഷത വഹിച്ചു. 

ജിഎസ്ടി സമര്‍പ്പിക്കുന്നതിലെ നടപടിക്രമങ്ങള്‍ ലളിതമാക്കുന്നത് ചര്‍ച്ച ചെയ്യാന്‍ പത്ത് ദിവസത്തിനുള്ളില്‍ വീഡിയോ കോണ്‍ഫറന്‍സിങ് നടത്തും. ഇത് സംബന്ധിച്ച് ഇന്‍ഫോസിസ് ചെയര്‍മാന്‍ നന്ദന്‍ നീലേകനി യോഗത്തില്‍ വിശദമായ രൂപരേഖ അവതരിപ്പിച്ചു. നിലവില്‍ നിരവധി ഫോമുകളിലായാണ് റിട്ടേണ്‍ സമര്‍പ്പിക്കുന്നത്. ജിഎസ്ടിആര്‍ ഒന്ന്, രണ്ട്, മൂന്ന് എന്നിവയിലെ പ്രധാനപ്പെട്ടവ സംയോജിപ്പിച്ച് ഒറ്റ അപേക്ഷയാക്കുകയാണ് ലക്ഷ്യം.

ഫെബ്രുവരി ഒന്നുമുതല്‍ ഇ-വേ ബില്‍ പൂര്‍ണമായും നടപ്പാക്കാന്‍ തീരുമാനിച്ചതായും ജയ്റ്റ്‌ലി പറഞ്ഞു. പതിനഞ്ച് സംസ്ഥാനങ്ങള്‍ അന്തര്‍ സംസ്ഥാന വ്യാപാരത്തിന് ഇ-വേ ബില്‍ ഉപയോഗിക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ജിഎസ്ടി നടപ്പാക്കിയതിന് ശേഷമുള്ള റവന്യൂ വരുമാനവും യോഗം ചര്‍ച്ച ചെയ്തു. കഴിഞ്ഞ യോഗത്തില്‍ 200 ഉത്പന്നങ്ങളുടെ നികുതി കുറച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.