ഭക്ഷ്യ വിഷബാധ: 127 വിദ്യാര്‍ത്ഥികളെ എസ്എടിയില്‍ പ്രവേശിപ്പിച്ചു

Friday 19 January 2018 11:34 am IST

തിരുവനന്തപുരം: ഭക്ഷ്യ വിഷബാധയേറ്റ നിലയില്‍ തോന്നയ്ക്കല്‍ എല്‍.പി. സ്‌കൂളിലെ 127 വിദ്യാര്‍ത്ഥികളെ മെഡിക്കല്‍ കോളേജ് എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  പീഡിയാട്രിക് അത്യാഹിത വിഭാഗത്തില്‍ രാത്രി രണ്ടര വരേയും ഇടയ്ക്കിടയ്ക്ക് വിദ്യാര്‍ത്ഥികളെ കൊണ്ടുവന്നുകൊണ്ടിരുന്നു. അതുകഴിഞ്ഞ് രാവിലേയും കുട്ടികളെ കൊണ്ടു വന്നു. 

ആരുടേയും നില ഗുരുതരമല്ലെന്ന് എസ്എടി ആശുപത്രി സൂപ്രണ്ട് ഡോ. എ. സന്തോഷ് കുമാര്‍ അറിയിച്ചു. ചിലര്‍ക്ക് കടുത്ത പനിയും വയറിളക്കവും ഉണ്ടായിരുന്നു. ആര്‍ക്കെങ്കിലും തീവ്ര പരിചരണം ആവശ്യമായി വന്നാല്‍ ഉപയോഗിക്കാനായി വെന്റിലേറ്റര്‍ ഉള്‍പ്പെടെയുള്ള ഐ.സി.യു. സജ്ജമാക്കിയിരുന്നെങ്കിലും ആര്‍ക്കും അത് വേണ്ടി വന്നിട്ടില്ല. ഭൂരിപക്ഷം വിദ്യാര്‍ത്ഥികള്‍ക്കും പനിയും വയറുവേദനയുമാണുണ്ടായിരുന്നത്. ചിലര്‍ക്ക് ഛര്‍ദിലും വയറിളക്കവുമുണ്ട്.  ഡ്യൂട്ടി കഴിഞ്ഞു പോയ പല ജീവനക്കാരും തിരികെ വന്നി കുട്ടികളെ ചികിത്സിക്കാന്‍ സഹായിച്ചു. ഇവരില്‍ കൂടുതല്‍ പേര്‍ക്കും വലിയ പ്രശ്‌നമില്ലയെങ്കിലും ആരോഗ്യ നില വിലയിരുത്തിയ ശേഷമായിരിക്കും ഡിസ്ചാര്‍ജ് ചെയ്യുക. 

ബുധനാഴ്ച കഴിച്ച ഭക്ഷണമാണ് പ്രശ്‌നമായതെന്നാണ് കൂടെ വന്നവര്‍ പറയുന്നത്. ചെറിയ ബുദ്ധിമുട്ടുകള്‍ വന്നപ്പോള്‍ തൊട്ടടുത്തുള്ള ആശുപത്രികളില്‍ ഈ കുട്ടികളെ കൊണ്ടു പോയിരുന്നു. എന്നാല്‍ പിന്നീടാണ് ചിലരെ എസ്എടിയില്‍ കൊണ്ടുവന്നത്. തുടര്‍ന്ന് ഈ വാര്‍ത്തയറിഞ്ഞാണ് പലരും ഒറ്റയ്ക്കും കൂട്ടായും ചികിത്സ തേടിയെത്തിയതെന്നും അവര്‍ പറയുന്നു. 

വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ ഏതില്‍ നിന്നാണ് ഏറ്റതെന്നറിയാന്‍ സാമ്പിളുകള്‍ എടുത്ത് മൈക്രോബയോളജി ലാബില്‍ അയച്ചിട്ടുണ്ട്. ഫുഡ് സേഫ്റ്റി അധികൃതരും സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. കളക്ടറുടെ നിര്‍ദേശ പ്രകാരം തഹല്‍സീദാറും എത്തിയിരുന്നു.

കുട്ടികള്‍ക്ക് ആശുപത്രിയില്‍ എല്ലാവിധ വിദഗ്ധ ചികിത്സയും ലഭ്യമാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ സൂപ്രണ്ടിന് നിര്‍ദേശം നല്‍കിയിരുന്നു. മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് എല്ലാവിധ ചികിത്സകളും പരിശോധനകളും മരുന്നും സൗജന്യമായി നല്‍കി. കുട്ടികള്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാനായി അധികം ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജിവനക്കാരെ നിയമിച്ചു. നഴ്‌സിംഗ് കോളേജില്‍ നിന്നും അധികം നഴ്‌സുമാരെ വിളിച്ചു വരുത്തി. വിദ്യാര്‍ത്ഥികളെ പ്രത്യേകം പരിചരിക്കാനായി രണ്ട് വാര്‍ഡുകള്‍ തുറന്നു. മരുന്ന് ലഭ്യത ഉറപ്പുവരുത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.