20 ആംആദ്മി എംഎല്‍എമാര്‍ക്ക് അയോഗ്യത

Friday 19 January 2018 2:43 pm IST

ന്യൂദല്‍ഹി:  ദല്‍ഹി നിയമസഭയിലെ 20 ആം ആദ്മി പാര്‍ട്ടി എംഎല്‍എമാരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യരാക്കി. ഇവര്‍ ഇരട്ടപ്പദവി വഹിച്ചതിനാലാണ് നടപടി. ഇതു സംബന്ധിച്ച ശുപാര്‍ശ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കൈമാറി. പാര്‍ട്ടിയില്‍ ഉള്‍പ്പോര് രൂക്ഷമായിരിക്കെഈ നടപടി ആപ്പിനും മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനും കനത്ത പ്രഹരമായി. എംഎല്‍എമാരുടെ എണ്ണം 66ല്‍ നിന്ന് 46 ആയി കുറയുമെങ്കിലും എഴുപതംഗ നിയമസഭയില്‍ ഭൂരിപക്ഷമുള്ളതിനാല്‍ സര്‍ക്കാരിന് ഭീഷണിയില്ല. ഈ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പിനും കളമൊരുങ്ങി. 

കമ്മീഷന്‍ നടപടിക്ക് അടിയന്തര സ്റ്റേ ആവശ്യപ്പെട്ട് എംഎല്‍എമാര്‍ സമര്‍പ്പിച്ച ഹര്‍ജി ദല്‍ഹി ഹൈക്കോടതി തള്ളി. കേജ്‌രിവാളിന് തുടരാനുള്ള ധാര്‍മ്മികത നഷ്ടപ്പെട്ടെന്നും രാജിവെക്കണമെന്നും ബിജെപിയും കോണ്‍ഗ്രസ്സും ആവശ്യപ്പെട്ടു. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരസ്യ പ്രതികരണം നടത്തിയിട്ടില്ല. 

  2015 മാര്‍ച്ച് 23 മുതല്‍ 2016 സെപ്തംബര്‍ എട്ട് വരെ എംഎല്‍എമാരെ പാര്‍ലമെന്റ് സെക്രട്ടറിമാരായി നിയമിച്ചതിനെതിരെ അഭിഭാഷകനായ പ്രശാന്ത് പട്ടേലാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. ലഫ്റ്റനന്റ് ഗവര്‍ണറുടെ അംഗീകാരമില്ലാതെയാണ് നിയമനമെന്ന് ചൂണ്ടിക്കാട്ടി സെപ്തംബറില്‍ ഹൈക്കോടതി നിയമനം റദ്ദാക്കി. പാര്‍ലമെന്റ് സെക്രട്ടറിയെന്നത് ലാഭകരമായ പദവികളുടെ വിഭാഗത്തില്‍നിന്ന് എടുത്തുമാറ്റി ദല്‍ഹി സര്‍ക്കാര്‍ ഇതിനിടെ ഭേദഗതി കൊണ്ടുവന്നിരുന്നെങ്കിലും രാഷ്ട്രപതി അംഗീകരിച്ചില്ല. നിയമനം റദ്ദാക്കപ്പെട്ടതായി എംഎല്‍എമാര്‍ കമ്മീഷനില്‍ വിശദീകരിച്ചെങ്കിലും പദവിയിലിരിക്കെ സ്വീകരിച്ച തീരുമാനങ്ങളും പ്രവൃത്തികളും അന്വേഷണ വിധേയമാണെന്ന് നിരവധി സുപ്രീംകോടതി വിധികളുള്ളതായി കമ്മീഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. 

 21 എംഎല്‍എമാര്‍ക്കെതിരെയാണ് പരാതിയുള്ളത്. ഇതില്‍ രജൗരി ഗാര്‍ഡന്‍ എംഎല്‍എയായിരുന്ന ജര്‍ണെയില്‍ സിങ്ങ് രാജിവെച്ച് പഞ്ചാബ് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് തോറ്റിരുന്നു. ഉപതെരഞ്ഞെടുപ്പില്‍ രജൗരി ഗാര്‍ഡനും ആപ്പിന് നഷ്ടപ്പെട്ടു. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ദല്‍ഹി ഹൈക്കോടതിയെ സമീപിക്കാനാണ് ആപ്പിന്റെ തീരുമാനം. ബിജെപിയുടെ അജണ്ടകള്‍ നടപ്പാക്കുകയാണ് കമ്മീഷനെന്നും ആരോപണവിധേയരായ എംഎല്‍എമാര്‍ക്ക് വിശദീകരിക്കാന്‍ അവസരം ലഭിച്ചില്ലെന്നും എഎപി വക്താവ് സൗരവ് ഭരദ്വാജ് പറഞ്ഞു. 

 

ഇരട്ടപ്പദവി ഇരട്ടത്താപ്പ്

എംപിമാരും എംഎല്‍എമാരും ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കുന്ന സര്‍ക്കാര്‍ പദവികള്‍ വഹിക്കുന്നത് അയോഗ്യതയ്ക്കുള്ള കാരണമാണ്. നിയമനിര്‍മാണ സഭയെ സ്വതന്ത്രവും സ്വാധീനമുക്തവുമാക്കുകയെന്ന ലക്ഷ്യത്തോടെയാണിത്. കാബിനറ്റ് മന്ത്രിയുടെ റാങ്കിന് തുല്യമാണ് പാര്‍ലമെന്റ് സെക്രട്ടറിയുടെ പദവി. ഇടഞ്ഞുനില്‍ക്കുന്ന നേതാക്കളെ തൃപ്തിപ്പെടുത്തുന്നതിനാണ് സാധാരണ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇത്തരം നിയമനങ്ങള്‍ നടത്തുന്നത്. സംശുദ്ധ രാഷ്ട്രീയം അവകാശപ്പെടുന്ന കേജ്‌രിവാളിന്റെ ഇരട്ടത്താപ്പാണ് വിവാദത്തില്‍ വ്യക്തമായത്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.